മഴക്കാല മുന്നൊരുക്കം: ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ജില്ലയിലെ ഡാമുകളുടെ സുരക്ഷ, അടിയന്തിര ഘട്ടങ്ങളിലും കാലവര്‍ഷക്കാലത്തും ഡാമുകള്‍ തുറക്കേണ്ടി വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുളള നടപടികള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇതു വരെ ചെയ്ത പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ ആവശ്യപ്പെട്ടു. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ഇറി​ഗേഷൻ, പി ഡബ്ല്യൂ ഡി (റോഡ്) തുടങ്ങിയ വകുപ്പുകളും   റിപ്പോർട്ട് സമർപ്പിക്കണമെന്നും കലക്ടർ അറിയിച്ചു.

മൂന്ന് ഡാമുകളാണ് ജില്ലയിലുള്ളത്. ഇറിഗേഷന്‍ ഡാമായ പെരുവണ്ണാമുഴി, ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളായ കക്കയം ഡാം, കുറ്റ്യാടി ഡാം എന്നിവയാണ് അവ. ഡാം സേഫ്റ്റി വകുപ്പ്, ഇറിഗേഷന്‍ വകുപ്പ് എന്നിവ തയ്യാറാക്കിയ വെള്ളപ്പൊക്ക ഭൂപടം അനുസരിച്ച് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നവരുടെ വിവരങ്ങള്‍ വില്ലേജ് ഓഫീസര്‍മാരും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാരും തയ്യാറാക്കണമെന്നും എമര്‍ജന്‍സി ആക്ഷന്‍ പ്ലാനില്‍ പരാമര്‍ശിച്ചിരിക്കുന്ന ഷെല്‍ട്ടറുകള്‍ പരിശോധിച്ച് ഓറഞ്ച് ബുക്കില്‍ പരാമര്‍ശിച്ച സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ് കാലതാമസം കൂടാതെ സ്ഥലവാസികളെ അറിയിക്കാനുള്ള നടപടികള്‍ വില്ലേജ് ഓഫീസര്‍മാര്‍ സ്വീകരിക്കണം. ഇതിനായി വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ശേഖരിക്കണം.
ഡാമുകളിലെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം കൂടുതല്‍ കാര്യക്ഷമമാക്കാനും ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുങ്ങിപ്പോകാന്‍ സാധ്യതയുള്ള റോഡുകള്‍, പാലങ്ങള്‍ എന്നിവയിലെ ഗതാഗത നിയന്ത്രണം, അപകട സാധ്യത ഒഴിവാക്കൽ തുടങ്ങിയവ പോലീസും ഫയര്‍ ഫോഴ്‌സും ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഡാം സേഫ്റ്റി, ഇറിഗേഷന്‍, പോലീസ്, ഫയര്‍ ഫോഴ്‌സ് തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!