മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവ് ,സാക്ഷി മൊഴികൾ എന്നിവ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി. നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന വാദം തള്ളിയ കോടതി നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധി ശരിവെക്കുകയും ചെയ്തു.
നരഹത്യാക്കുറ്റം നിലനിൽക്കും എന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പ്രകാരം ശരീരത്തിൽ മദ്യത്തിന്റെ അംശമില്ല. അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും ഇത് സാധാരണ മോട്ടർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമായിരുന്നു ശ്രീറാമിൻ്റെ ഹർജിയിൽ പറഞ്ഞിരുന്നത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടത്. നേരത്തെ വിചാരണകോടതി കേസില്‍ നരഹത്യാക്കുറ്റം ഒഴിവാക്കിയിരുന്നു. കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫക്കുമെതിരായി 304-ാം വകുപ്പ് പ്രകാരം ചുമത്തിയ നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കേടതിയുടെ വിധി. വിധി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്ത ഹൈക്കോടതി പിന്നീട് നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് വിധിക്കുകയായിരുന്നു. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.