CALICUTDISTRICT NEWS

മാസ്‌കും ഹെല്‍മെറ്റും ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്കെതിരെ നടപടി

ശാരീരിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസ് നടപടി ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 

വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ വീടുകളിലേക്കാണ് പോകേണ്ടത്. വഴിയില്‍ ബന്ധുവീടുകളില്‍ ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് അനുവദിക്കില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

എയര്‍പോര്‍ട്ടുകളില്‍ ഭക്ഷണം ലഭ്യമാക്കുമ്പോള്‍ അമിത വില ഈടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  വിദേശത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുമ്പോള്‍  അവര്‍ക്ക് ടെസ്റ്റ് നടത്തുക, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയവയ്ക്ക് കുറച്ച് സമയമെടുക്കും.  തിരക്കും അനുഭവപ്പെട്ടേക്കാം.  യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം വിമാനത്താവളങ്ങളില്‍ ചെലവഴിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ അവര്‍ എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാനിടയാകുമ്പോള്‍ അതിന് അമിതമായ വില ഈടാക്കുന്നത് ശരിയല്ല.  ഈ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടതിനാല്‍ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്.  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണ കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാലും മൃതദേഹം വിട്ടുകൊടുക്കാന്‍ കാലതാമസമുണ്ടാകുന്നുവെന്ന പരാതി ശ്രദ്ധയില്‍ പെട്ടു.  അതൊഴിവാക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

കര്‍ശനമായി നടപ്പിലാക്കുന്ന കാര്യങ്ങള്‍

 

  • കടകള്‍, ചന്തകള്‍ മുതലായ ഇടങ്ങളില്‍ ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല.
  • സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കണം.
  • ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ അനുവദിക്കാവു.
  • നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഫോട്ടോയും മറ്റുവിവരങ്ങളും പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിന് അയച്ചുനല്‍കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണം.
  • വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ എത്തുമ്പോള്‍ സന്നദ്ധ സംഘടനകളുടെ പേരില്‍ സ്വീകരിക്കാന്‍ ആരും പോകേണ്ടതില്ല.
  • അതുപോലെതന്നെ വിമാനമിറങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ ആ വാഹനം തടഞ്ഞുനിര്‍ത്തി വഴിയില്‍ സ്വീകരണം നല്‍കുന്നതും അനുവദിക്കില്ല.
  • കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാന്‍ നപടിയെടുക്കും. കോവിഡ് പരിശോധനാ നിരക്ക് ഏകീകരിക്കും.
  • കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ഇത്തരം സ്ഥലങ്ങളില്‍ ആര്‍ക്കും ഒരിളവും അനുവദിക്കില്ല.
  • എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹന പരിശോധന നടത്തും. അനുവദനീയമായ എണ്ണത്തിലുള്ള ആള്‍ക്കാരെ മാത്രമേ വാഹനങ്ങളില്‍ യാത്രചെയ്യാന്‍ അനുവദിക്കു.
  • രാത്രി ഒമ്പത് മണിക്ക് ശേഷമുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും.
  • അവശ്യസര്‍വീസുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്ക് മാത്രമേ ഇളവനുവദിച്ചിട്ടുള്ളു.
  • മാസ്‌കും ഹെല്‍മെറ്റും ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും.
  • ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ പോലീസ് പിക്കറ്റുകള്‍ ഇടക്കിടെ സന്ദര്‍ശിക്കും.
  • ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശം ലംഘിക്കാതെ വീടുകളില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടിയെടുക്കും.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button