മിഴിവാര്‍ന്ന ചലച്ചിത്രാനുഭവമൊരുക്കാന്‍ കൈരളിയും ശ്രീയും  വ്യാഴാഴ്ച പ്രേക്ഷകര്‍ക്കായി തുറന്നുകൊടുക്കും

കോഴിക്കോട്: ആസ്വാദകര്‍ക്ക് പുതിയ ചലച്ചിത്രാനുഭവം സമ്മാനിക്കാനായി അത്യാധുനികരീതിയില്‍ നവീകരിച്ച കൈരളി, ശ്രീ തിയേറ്ററുകള്‍ പ്രദര്‍ശനത്തിനൊരുങ്ങി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലോകോത്തരനിലവാരത്തില്‍ പുതുക്കിപ്പണിത തിയേറ്റര്‍സമുച്ചയം വ്യാഴാഴ്ച(ഫെബ്രുവരി 18) വൈകീട്ട് നാലിന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പ്രേക്ഷകര്‍ക്കായി തുറന്നുകൊടുക്കും.
ഏഴുകോടി രൂപ മുതല്‍മുടക്കില്‍ ആധുനികവത്കരിച്ച തിയേറ്ററുകളില്‍ ബാര്‍കൊ 4കെ ജിബി ലേസര്‍ പ്രോജക്ടര്‍, അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, ട്രിപ്പിള്‍ ബീം 3ഡി, ആര്‍.ജി.ബി.ലേസര്‍ സ്‌ക്രീന്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിശാലമായ ലോബി, പുഷ്പാക്ക് ഇരിപ്പിടങ്ങള്‍, ബുക്ക് സ്റ്റാള്‍, ലളിതകലാ അക്കാദമിയുടെ പെയിന്റിങ് ഗാലറി, ഫീഡിങ് റൂം, വി.ഐ.പി.ലോഞ്ച്, ടിക്കറ്റിനൊപ്പം വാഹനപാര്‍ക്കിങ് മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയുമുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഡോ.എം.കെ.മുനീര്‍ എം.എല്‍.എ. അധ്യക്ഷനാവും. തൊഴില്‍- എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍, എം.പി.മാരായ എം.കെ.രാഘവന്‍, എം.വി.ശ്രേയാംസ്‌കുമാര്‍, എം.എല്‍.എ.മാരായ എ.പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവര്‍ പങ്കെടുക്കും.

ചലച്ചിത്രമേഖലയ്ക്കു തനതായ സംഭാവനകള്‍ നല്‍കിയ കോഴിക്കോട് നിവാസികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍, കൈരളി,ശ്രീ തിയേറ്ററുകളില്‍നിന്ന് വിരമിച്ച ജീവനക്കാര്‍, ചലച്ചിത്രവികസനകോര്‍പ്പറേഷന്‍ ഭരണസമിതി അംഗം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംസ്ഥാ ചലച്ചിത്ര അവാര്‍ഡ് ജേതാവ് മനോജ് കാന, തിയേറ്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കരാറുകാര്‍ എന്നിവരെ ആദരിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ്. ഉദ്ഘാടച്ചടങ്ങിനുശേഷം ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ച ‘1917’ എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 19 മുതല്‍ രണ്ട് തിയേറ്ററുകളിലും സാധാരണ പ്രദര്‍ശനമുണ്ടായിരിക്കും.

Comments

COMMENTS

error: Content is protected !!