മുചുകുന്ന് കോട്ട – കോവിലകം മേളത്തിന് ഇപ്രാവശ്യത്തെ ഇലഞ്ഞിത്തറ മേള പ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ട കിഴക്കുട്ടിൽ അനിയൻ മാരാർ വരുമ്പോൾ…… വിപിൻദാസ് മതിരോളി

11 വർഷങ്ങൾക്ക് മുമ്പേ 2012 ൽ ആവേശത്തോടെ, അതിലേറെ കൗതുകത്തോടെ പാലക്കാട്ടേക്ക് ബസ് കയറിയത് ഇന്നുമുണ്ട് ഓർമ്മയിൽ നല്ല തെളിമയിൽ തന്നെ. സ്റ്റേഡിയം സ്റ്റാൻ്റിലിറങ്ങി ഊണും കഴിച്ച് ജഗപൊഗയിൽ അങ്ങ് ചാടിക്കയറുകയായിരുന്നു. നെൻമാറക്കുള്ള ബസിൽ കയറി ഇരുന്നതും അന്നത്തെ ആ കുട്ടി ബസിൻ്റെ മുകളിൽ വരെ , നീളമുള്ള പാടങ്ങൾക്ക് ഓരത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും ആളുകൾ തള്ളി കയറുന്നതും വിശ്വസിക്കാനാവാതെ നോക്കി കണ്ടതും അങ്ങിനെ എല്ലാം എല്ലാം!

ഏതാണ്ട് 4 മണിയായപ്പേൾ ലക്ഷ്യം കാണുന്നതിനും 2 കി.മീ ഏറെ ദൂരമുള്ളപ്പോൾ ബ്ലോക്കിൻ്റെ രൂപത്തിൽ വില്ലനതവരിച്ചപ്പോൾ ബസുകാർ ഞങ്ങളെ പെരുവഴിയിലുപേക്ഷിക്കുകയായിരുന്നു. പിന്നെ വെയിലിൻ്റ കാഠിന്യത്തിൽ നടപ്പ്. നീണ്ടു കിടക്കണ പാടത്തെ പുരുഷാരം ദൂരെ നിന്നെ കണ്ടപ്പോൾ തല ചുറ്റുന്ന പോലെയായിരുന്നു! കൂറ്റൻ പന്തലുകൾ അലങ്കരിച്ച് വച്ചത് കണ്ടത് വലിയ കൗതുകം തന്നെയായിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞ് നുഴഞ്ഞ് കയറി, ഒടുവിൽ ഹുംകാര നാദത്തിൻ്റെ പെരുമ്പറ മുഴങ്ങികേട്ടടുത്തെത്തി. ങ്ങേ, മട്ടന്നുരല്ലല്ലോ!

മേളം ന്തായാലും കലാശിക്കാറായിരിക്കുന്നുന്ന് തോന്നി. നടപ്പുരയിലെത്തിയപ്പോ അവിടെ മറ്റൊരു വിഭാഗത്തിൻ്റെ മേളം കലാശമായി കഴിഞ്ഞു. സാക്ഷാൽ മട്ടന്നൂരും കൂട്ടരും തന്നെയാണവിടെ. ഇതാണത്രെ വല്ലങ്ങി മേളം. ഹൗ പൊളിച്ചൂട്ടോ! കൗതുകത്താലൊരാൾ. ചേട്ടാ പുറത്തെ മേളം ആരാ ? അതിലേറെ കൗതുകത്തോടെ ഞാൻ. ആ അറിയില്ല. അതിപ്പം ന്തിനാ അറിയണേ? വല്ലങ്ങി മേളം പൊളിച്ചൂട്ടോ! സൂക്ഷിച്ച് നോക്കിയപ്പോ ആശാൻ പൊയിൽക്കാവ്കാരനാണ്. 3 ആഴ്ച്ചക്ക് ശേഷം നെൻമാറയെന്ന പോലെ തന്നെ സാക്ഷാൽ തൃശൂർ പൂരം കാണാനിറങ്ങി നടാടെ ഞാൻ. ഇലഞ്ഞിത്തറമേളം കാണുക  എന്നത് മാനത്തെ അമ്പിളിമാമനെ പിടിക്കല് പോലെ നടക്കാത്ത കിനാവ് എന്ന് ബോധ്യപ്പെട്ടപ്പോ നല്ല വെടിപ്പായി ഇരുന്നങ്ങ് കേട്ടു !

അടുത്തിരുന്ന തലയൽപ്പം നരച്ച കാഴ്ച്ചയിൽ 50 നു മേലെ പ്രായം തോന്നിച്ച പെരിന്തൽമണ്ണക്കാരൻ ചേട്ടൻ ഹൗ ന്തിനാൻ്റ കുട്ടീ കാണണെ എന്താ ആ ശബ്ദം! കാലം കയറുമ്പോ, പെരുവനം എന്താ ആ കൂട്ടി കെട്ടൽ, കലാശം അങ്ങട് കൊട്ടി നിറയ്ക്കുവല്ലേ!

അതെ എന്തൊരു സിംഫണിയാല്ലേ! ആ ശബ്ദവിപ്ലവത്തിലലിഞ്ഞ് ഞാൻ ശരിവച്ചു. മനസിൽ അടക്കി വച്ച സംശയം ശബ്ദത്തിലൂടെ പുറത്തേക്ക് വന്നു. ചേട്ടാ പുറത്ത് ആൽത്തറമേളം ല്ലേ? മട്ടന്നൂരിൻ്റെ !

2010 ന് ശേഷം 2011ലും, ഇപ്രാവശ്യവും കോഴിക്കോട് എഡിഷനിലൊന്നും തിരുവമ്പാടി ആൽത്തറ മേളത്തിൻ്റെ സൂചനകളൊന്നും തന്നെ കണ്ടിരുന്നില്ല. പിന്നെങ്ങനെ സംശയം ഇല്ലാണ്ടിരിക്കും. പിന്നല്ലാണ്ട് പുറത്ത് മേളം ണ്ട് ന്നേ, ആള് മാറിയത്രെ, കിഴക്കൂട്ടിലാത്രെ!. നെൻമാറയിൽ നിന്ന് പോരുമ്പോഴും ങ്ങനെങ്ങാണ്ടാണല്ലോ കേട്ടത്. കിഴക്കൂട്ടിലോ?

അതെ, ‘കിഴക്കൂട്ടിൽ അനിയൻമാരാർ’, ഇതിപ്പം ഏതാ ഈ ഏട്ടൻമാർക്കിടയിൽ അനിയൻ എന്ന് അതിശയിച്ചു ഞാൻ! തൊട്ടടുത്ത വർഷം ഒറ്റപ്പാലം ചിനക്കത്തൂർ പൂരം. കിഴക്കൻ ചേരിയുടെ മേളത്തിലും കണ്ടു ആശാനെ. കാലം കയറി തുടങ്ങിയപ്പോ എല്ലാതരം സംശയങ്ങൾക്കും മറുപടി തന്നുകൊണ്ടിരുന്നു ആശാൻ!

വീക്കൻ ചെണ്ടകൾക്ക് പതിവിലേറെ ഗൗരവം കൂടിയപോലെ. എന്തൊരു പ്രകമ്പനം, എന്തൊരു ഉൾക്കരുത്ത്! വള്ളുവനാടൻ പൂരത്തിൻ്റെ പ്രതാപത്തിന് അന്തസ് കാക്കുന്ന പാണ്ടിമേളത്തിൻ്റെ ആവേശതാളത്തിന് ഇതിലും മികച്ച വീര്യം വേറെ കിട്ടാനില്ലെന്ന് മനസിലുറച്ചാണ് അന്ന് തിരിച്ച് വണ്ടി കയറിയത്. പിന്നീടങ്ങോട്ട് അറിഞ്ഞാസ്വദിക്കുക തന്നെയായിരുന്നു. ‘കിഴക്കൂട്ടിൽ അനിയൻ മാരാർ’ എന്ന ആ വാദ്യവല്ലഭനെ ഞാൻ ആദ്യമായി കാണുന്ന 2012 നും 50 ആണ്ടുകൾക്ക് മുമ്പേ ഇലഞ്ഞിത്തറയിൽ ഒരറ്റത്ത് ചേർന്ന് നിന്ന് മധുരമേളനം തുടങ്ങിയതാണത്രെ ആ മഹാൻ.

പരിയാരത്ത് കുഞ്ഞൻ മാരാരും, പല്ലശ്ശന പദ്മനാഭ മാരാരും, പല്ലാവൂർ അപ്പുമാരാരും, ചക്കംകുളം അപ്പുമാരാർക്കുമൊപ്പം എല്ലാം ഇലഞ്ഞിത്തറയിൽ മേളവിപ്ലവം സൃഷ്ടിക്കാൻ കിഴക്കൂട്ടിൽ അവർക്ക് കരുത്തേകിയിരുന്നത്രെ!

തൃശൂരിലെ ഒരു കാലത്തെ മേള ചക്രവർത്തിമാരായാ പഞ്ചപാണ്ഡവൻമാർക്കൊപ്പം അനേകം അനേകം മേളങ്ങളുടെ അനുഭസമ്പത്താർജിച്ചു കരുത്തനാവുകയായിരുന്നു ‘ കിഴക്കൂട്ടിൽ. ‘ തൻ്റെ എല്ലാമെല്ലാമായ ഇലഞ്ഞിത്തറയിൽ നിന്നും 1998 ന് ശേഷം പിന്തിരിഞ്ഞ് നടക്കേണ്ടി വന്നു ആ മേളകലാകാരന് വിങ്ങുന്ന ആ ഹൃദയത്തെ നേരിൽ അറിയില്ലായിരിക്കാം, എന്നാൽ 36 വർഷത്തെ ആ കലാസപര്യ പെട്ടെന്നൊര് ദിവസം കലാശിച്ച പോലെയുള്ള അദ്ദേഹത്തിൻ്റെ അന്നത്തെ ആ തിരിച്ച് പോക്ക് ഒരു കലാ ആസ്വാദകൻ ഹൃദയം തൊട്ടറിയുന്ന പോൽ ഭാവനയിൽ തെളിയുകയായിരുന്നുവോ എൻ്റെ മനസിലും !

ഏതാനും വർഷങ്ങൾക്ക് ശേഷം പകൽ പൂരത്തിന് വേറെയും പ്രമാണിയാവാം എന്ന് വന്നപ്പോൾ കിഴക്കൂട്ടിനെ തേടി വിളിയെത്തി. നിഷ്ക്കളങ്കനായ ആ കലാകാരൻ യാതൊരു വിധ പരിഭവങ്ങളുമില്ലാതെ അന്ന് ആ മേളം മനോഹരമായി നിർവ്വഹിച്ചത്രെ. വ്യാഴവട്ടക്കാലത്തിന് ശേഷം കഥാനായകനെ തേടി പിൻവിളിയെത്തുകയാണ് 2011 ൽ. പുറത്ത് ആൽത്തറയിൽ തിരുമ്പാടിക്കാണ് മേളം.

പ്രണയനഷ്ടത്തിന് ശേഷം തൻ്റെ ആത്മാവ് തന്നെ നഷ്ടമായ സാറ താൻ തന്നെ സൃഷ്ടിച്ച അനുരാഗ നൊമ്പരത്തിൻ്റെ തടവറയിലെ കൂരിരുട്ടിൽ കഴിയവെ സ്നേഹത്തിൻ്റെ നറുതിരി വെളിച്ചത്തിൽ പുറത്തേക്ക് വഴി നടത്താനെത്തുന്ന സച്ചിയേയും , ജന്നിയേയും പോലെയായി തിരുവമ്പാടി കണ്ണൻ്റെ ആ മധുര മനോഹര പിൻവിളി. ശുദ്ധവായു ശ്വസിച്ച ഗ്രാമഫോൺ സിനിമയിലെ സാറയെ പോലെ!

ആത്മ നിർവൃതി കൊണ്ട് കാണും അനിയേട്ടൻ. പുത്തനങ്കിളിൻ്റെ വരികൾക്ക് വിദ്യാജിയുടെ സംഗീതത്തിന് ചിറക് വിരിച്ച ആ ഗാനം.

“വിളിച്ചതെന്തിന് വീണ്ടും വെറുതെ വിളിച്ചതെന്തിന് വീണ്ടും

നേർത്തൊരു പാട്ടിൻ്റെ നൊമ്പരം കൊണ്ടെന്നെ

വിളിച്ചതെന്തിന് വീണ്ടും “

തിരുവമ്പാടിയിലേക്കുള്ള ആ തിരിച്ചുവരവിൽ ആനന്ദത്താൽ കണ്ണുകൾ നനഞ്ഞ് കാണും അനിയേട്ടന് !

മട്ടന്നൂർ പിൻവാങ്ങിയത്രെ. മട്ടന്നൂർ വന്ന ശേഷം പത്രങ്ങളായ പത്രങ്ങളൊക്കെ സംസ്ഥാനമൊട്ടുക്കും തിരുവമ്പാടി മേളത്തിൻ്റെ കീർത്തി ഇലഞ്ഞിത്തറക്കൊപ്പം എത്തിച്ചിട്ടുണ്ടായിരുന്നു. പിന്നീട് കിഴക്കൂട്ടിൽ വന്ന് ആദ്യ രണ്ട് വർഷങ്ങളിൽ തൃശൂർകാർ മാത്രം അറിഞ്ഞ് ഒതുങ്ങിയിടത്തു നിന്നും ‘തൃശൂർ പൂരത്തിന് പോയാ വെടിക്കെട്ടിനാണോ അതോ തിരുവമ്പാടിടെ കൊട്ടിക്കലാശത്തിനാണോ മൂപ്പ് ‘ ! എന്ന് ആളുകളെ കൊണ്ട് അതിശയ പുരാണം വിളമ്പിക്കുന്നിടത്തെത്തി അനിയൻമാരാരുടെ വാദ്യ ഏകോപനത്തിലെ ജാലവിദ്യകൾ. അങ്ങിനെ കേരളക്കരയെങ്ങും കിഴക്കൂട്ടിലിൻ്റെ കീർത്തി പരന്നപ്പോ അന്ധരായ ചില ആരാധക കൂട്ടം ചിലച്ച് കൊണ്ടേയിരുന്നു. തെന്തൂട്ട് മേളം, കലാശം മൂപ്പിച്ചെടുത്താ മാത്രം മേളം ആവുമോ, അതിന് അതിൻ്റെ സംഗീതവഴി നടക്കണ്ടേന്ന്. ഇലഞ്ഞിത്തറയിലെ അത്രയും സമയം ഇല്ലാത്ത ആൽത്തറയുടെ പരിമിതി അറിഞ്ഞ് അതിനകത്തു നിന്നും ശബ്ദവിപ്ലവം നടത്തി ആ മേളത്തെ വിശ്വ പ്രസിദ്ധമാക്കിയതിനുള്ള നന്ദികേട് പോലെ ചില അപശബ്ദങ്ങൾ. ഇവർക്കുള്ള മുഖം അടച്ചുള്ള അടിയായിരുന്നു എടക്കുന്നി ഉത്രം വിളക്ക് നാളുകളിൽ ഓരോ വർഷവും നടന്ന പഞ്ചാരിമേളങ്ങൾ. 4 മണിക്കൂർ 15 മിനുട്ടോളം ഉള്ള പഞ്ചാരി അധിഭാവുകത്വങ്ങളേതുമില്ലാതെ, തൻ്റെ മുൻഗാമികളെ മനസാൽ സ്മരിച്ചെന്ന പോലെ കൃത്യമായി പകുതിയോളം സമയം പതികാലത്തിനും, ബാക്കി സമയങ്ങൾ 3 കാലങ്ങൾക്കും പതി കാലത്തിൻ്റെ പകുതി വശ്യമനോഹരമായ അഞ്ചാം കാലത്തിനുമായി നീക്കിവച്ച്, നള പാകം എന്ന പോൽ തികഞ്ഞ കൈ ഒതുക്കത്തൊടെ മധുരമായി പാകം ചെയ്തെടുക്കുകയായിരുന്നു എടക്കുന്നിയിലെ ആ പഞ്ചാരി പഞ്ചാമൃതം.

ആവശ്യത്തിൽ കവിഞ്ഞ സമയം പതികാല സഞ്ചാരമെടുത്ത് , അഞ്ചാം കാലത്തിനൊക്കെ അമിതമായ വേഗത നൽകി ആസ്വാദകർക്ക് വിസ്മയ രസം നൽകുന്നതിന് പകരം എടക്കുന്നിയിലും , തിരുവില്വാമലയിലും എല്ലാം പരമ്പരാഗതമായ ചിട്ടകളിലമർന്ന് ആനന്ദത്തിൻ്റെ മധുരം വിളമ്പാനാണ് അനിയേട്ടൻ ശ്രമിച്ചു കണ്ടത്. ക്യാമറകളുടെ വെള്ളിവെളിച്ചം തന്നിലേക്കടുക്കുമ്പോഴും അതിഭാവുകത്വമോ, വെച്ച് കെട്ടലുകളോ, കൃത്രിമമായ നാട്യങ്ങളോ പുറത്തെടുക്കാനറിയാത്ത സംശുദ്ധനായ കലാകാരൻ.

ഇതുകൊണ്ടൊക്കെ കൂടെയാവാം ‘വൈകി വന്ന വസന്തം’ പോൽ അവസരങ്ങൾ പലതും ഏറെ വൈകിയാണ് അനിയൻമാരാരെ തേടിയെത്തിയത്.  ഇടുങ്ങിയ ചിന്താഗതിയുള്ള ഒരു കലാകാരൻ്റ എഫ് ബിയിലുള്ള അഭിപ്രായ വികാരപ്രകടനം ഓർക്കുകയാണ് ഞാൻ.

ഇരിങ്ങാലക്കുട പോലെയല്ലത്രെ ഗുരുവായൂർ ഉൽസവം. ‘ഇരിങ്ങാലക്കുട എല്ലാ മേള പ്രമാണിമാർക്കും അരങ്ങേകുന്ന പ്രദർശനമാണത്രെ. ഗുരുവായൂരാണെങ്കി ചിട്ടപ്രകാരം സീനിയർ, അയാളുടെ അഭാവത്തിൽ തൊട്ടടുത്ത ജൂനിയർ അങ്ങിനെ അത്രെ ‘

കഴിഞ്ഞ വർഷം തൃപ്പുണിത്തറ ഉൽസവം കഴിഞ്ഞ് അനിയേട്ടൻ എഫ് ബിയിൽ എഴുതി വർഷങ്ങളായുള്ള കാത്തിരിപ്പ് പൂർണ്ണത്രയീശൻ അറിഞ്ഞു, ആ നടയ്ക്കൽ മേളാർച്ചന നടത്തി ജൻമ സാഫല്യം തേടിയെന്ന്. അതെ അവസരം എന്നത് വലിയ ഒരു കാര്യം തന്നെയെന്ന് തെളിയിച്ച ഉൽസവമായിരുന്നു പോയ വർഷത്തെ തൃപ്പുണിത്തറ ഉൽസവം.

ഒരേയൊരു മേള പ്രമാണി എന്ന ഏകാധിപത്യ വാഴ്ച്ചക്ക് മുൻകാലങ്ങളിലേ ഇരിങ്ങാലക്കുട ക്ഷേത്രം വരുത്തിയ മാറ്റത്തിന് കഴിഞ്ഞ വർഷം തൊട്ട് തൃപ്പുണിത്തറയും അനുകൂല നിലപാട് വരുത്തിയതിൻ്റെ ഫലമായി അനിയേട്ടൻ ഉൾപ്പെടെ എത്ര പേർക്കാണ് അവസരം തുറന്ന് കിട്ടിയത്. ഗുരുവായൂർ ഉത്സവത്തെ അന്ന് വാഴ്ത്തിയ ആ ആൾ ഇന്നെവിടെയാണാവോ? സീനിയർ, ജൂനിയർമാരെന്ന നോട്ടമില്ലാതെ ഇപ്രാവശ്യം ഉൽസവ മേളത്തിന് ഓരോ ദിവസങ്ങളിലായെങ്കിലും അനിയേട്ടനും, പെരുവനം സതീശൻ മാരാരും പ്രാമാണികരായി.

അങ്ങിനെ വൈകി വൈകി ആണെങ്കിലും കിഴക്കൂട്ടിൽ എന്ന മേളമാന്ത്രികൻ കൈവക്കാത്ത മേള അരങ്ങുകൾ കേര നാട്ടിലെങ്ങും ഇല്ല എന്ന അപൂർവ്വതയിലേക്ക് ഉള്ള എളിമയിൽ തെളിഞ്ഞ് നിൽക്കുന്ന ഒരു കലാകാരൻ്റെ കുതിച്ച് ചാട്ടത്തെ കലാകേരളം ഹൃദയത്തിൽ തൊട്ടറിഞ്ഞാനന്ദിക്കുകയാണ് ഇന്ന്. മട്ടന്നൂരിനോ, പെരുവനത്തിനോ ഉള്ള താരപകിട്ട് ശ്രീ അനിയൻ മാരാർക്ക് ഇല്ല.

താൻ പിന്തിരിഞ്ഞ് നടന്ന മഹാവേദിയിൽ, സാക്ഷാൽ ഇലഞ്ഞിത്തറയിൽ പ്രാമാണികനായി കാൽ നൂറ്റാണ്ടിന് ശേഷം ഈ വർഷം തിരിച്ചെത്തുമ്പോൾ, അതു കൊണ്ട് കൂടി തന്നെ താരപ്പകിട്ട് ആ വേദിക്കും മേളം എന്ന സംഘകലക്കു തന്നെയും ആഘോഷമാവുമെന്നുറപ്പാണ്.

മട്ടന്നൂരും, പെരുവനവും വ്യക്തികേന്ദ്രീകൃതമായി ആഘോഷിക്കപ്പെടുമ്പോൾ ,കിഴക്കുട്ടിലിൻ്റെ കലാവിരുന്നുകളിൽ മേളം എന്ന സംഘ കലയാണ് ആഘോഷിക്കപ്പെടുന്നതായി അനുഭവപ്പെടാറ്. തൃശൂർപൂരത്തിന് ഇലഞ്ഞിത്തറയിലും, തിരുവമ്പാടിയിലും മേളം പ്രമാണം എന്ന അപൂർവ്വ സൗഭാഗ്യം കിഴക്കൂട്ടിലിന്,അദ്ദേഹത്തിൻ്റെ തന്നെ കലാജീവിതത്തിലെ നിഷ്ക്കളങ്കതക്ക് ലഭിക്കുന്ന സമ്മാനമാണ്. ഇതു തന്നെയല്ലേ ഏതൊരു അവാർഡിനേക്കാൾ തിളക്കമേറിയതും.

ആരോടും പരിഭവമില്ലാതെ, യാതൊരു നാട്യങ്ങളുമില്ലാതെ തനിക്ക് പറ്റാത്തിടത്ത് നിന്ന് തിരിഞ്ഞു നടക്കാനും, പിൻവിളിയെത്തുമ്പോൾ യാതൊരു വിധ ശത്രുതയുമില്ലാതെ സഹായവുമായി തിരിച്ചെത്താനുമുള്ള ആ സ്നേഹ നിഷ്ക്കളങ്കത. തിരുവമ്പാടിയിലും, പാറമേക്കാവിലും പത്മശ്രീയുടെ തിളക്കത്തിൽ ജ്വലിച്ചു നിന്ന മഹാൻമാരായ കലാകാരന്മാർക്ക് പകരക്കാരനാവാൻ ഒരേയൊരു അനിയേട്ടനല്ലാതെ മറ്റാർക്കാണ് കരുത്തുള്ളത്.

കൊയിലാണ്ടിയിൽ 2018ലും, 2020 ലും ശക്തൻ കുളങ്ങരയിൽ അതിശക്തിയുള്ള മേളങ്ങൾക്ക് അരങ്ങേകി അനിയേട്ടൻ. പല്ലാവൂരിൻ്റെ കാലത്തെ പോലെ പാണ്ടിയിൽ വീക്കൻ ചെണ്ടകളുടെ പ്രാധാന്യം തിരിച്ചെത്തി എന്ന് അന്ന് കൊയിലാണ്ടിയിലെ പഴയ ചില മേളപ്രേമികൾ പറഞ്ഞതോർക്കുന്നു. ഇലഞ്ഞിത്തറ മേളത്തിനായി കണ്ണിമ തെറ്റാതെ കാത്തിരിക്കുന്നതിനിടയിൽ കൊയിലാണ്ടി മുചുകുന്ന് കോട്ടയിൽ അനിയേട്ടൻ മേളവർഷം സൃഷ്ടിക്കാനെത്തുമ്പോൾ കൊയിലാണ്ടിക്കാരുടെ മാത്രം ചുണ്ടിലാവില്ല, അങ്ങ് കാത്തിരിപ്പിൻ്റെ ഹൃദയമിടിപ്പുമായി കഴിയുന്ന തൃശൂർക്കാരുടെ ചുണ്ടിലും തത്തിക്കളിക്കുക ബാബുക്കയുടെ ഈണങ്ങളാവാം

‘ഒരു മുറി മാത്രം തുറക്കാതെ വയ്ക്കാം ഞാൻ
അതി ഗൂഢമെന്നുടെ ആരാമത്തിൽ’

ഒടുവിൽ താൻ തിരിഞ്ഞ് നടന്നിടത്ത് നിന്നു തന്നെ ഒരു രാജാവിൻ്റെ തലയെടുപ്പോടെ തിരിച്ച് വിളിക്കപ്പെടുമ്പോൾ ശുദ്ധരായ ആസ്വാദകരും , ഹൃദയം തൊട്ടറിഞ്ഞ് കാത്തിരിക്കുന്ന പോലെ മൂളി തുടങ്ങിയിരിക്കുന്നു ബാബുക്കയുടെ ആ ഗസൽ മന്ത്രം

“ഒരു പുഷ്പം മാത്രം പൂങ്കുലയിൽ നിർത്താം ഞാൻ

ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ”

Comments

COMMENTS

error: Content is protected !!