രോഗികളില്‍നിന്ന് കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

രോഗികളില്‍നിന്ന് ഇടനിലക്കാര്‍ വഴിയോ അല്ലാതെയോ കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

രോഗം നിസ്സഹായത സൃഷ്ടിക്കുന്ന സാഹചര്യമാണ്. അങ്ങനെയുള്ളവരില്‍നിന്ന് രണ്ടായിരവും മൂവായിരവും വാങ്ങുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇതിനകം ലഭിച്ച പരാതികള്‍ അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. സര്‍ക്കാര്‍ ആശുപത്രികളില്‍ ത്യാഗപൂര്‍ണമായി സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുണ്ട്. ഇതിന് അപവാദമായി പ്രവര്‍ത്തിക്കുന്ന ചിലരുണ്ടെന്നത് നിര്‍ഭാഗ്യകരമാണ്. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിന് ശേഷം നടന്ന ചര്‍ച്ച പൊതുവെ ഏകപക്ഷീയമായിരുന്നെങ്കിലും ഗണേഷ് കുമാര്‍ എംഎല്‍എയാണ്  മെഡിക്കല്‍ കോളജിലെയടക്കം അനാരോഗ്യപ്രവണതകളിലേക്ക് സഭയുടെ ശ്രദ്ധ ക്ഷണിച്ചത്. മന്ത്രി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സഭയിലാണ് വിഷയം ഉന്നയിച്ചതെന്നതിനാല്‍ ‘അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് ഞങ്ങള്‍ കൂടി അറിയണ’മെന്ന് സ്പീക്കറും കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമല്ലെങ്കിലും ഡിഎച്ച്‌എസിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് വീട്ടില്‍ നടത്താം. എന്നാല്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ പോകേണ്ടതില്ല. യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആദ്യ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് രണ്ടാമതും അന്വേഷണം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

Comments

COMMENTS

error: Content is protected !!