AGRICULTURE

മുയൽവളർത്തലിൽ ശ്രദ്ധിക്കേണ്ട 25 കാര്യങ്ങൾ

ഒരിടവേളയ്ക്കു ശേഷം മുയൽവളർത്തൽ പഴയ പ്രതാപത്തിലേക്കു കടന്നുവന്നുകൊണ്ടിരിക്കുകയാണ്. വലിയ അധ്വാനമില്ലാതെ കൊച്ചുകുട്ടികൾക്കു പോലും പരിപാലിക്കാം എന്നതാണ് മുയലുകളുടെ പ്രത്യേകത. മുയലുകളെ കണ്ടാൽ ആർക്കാണ് ഒന്നു തലോടാൻ തോന്നാത്തത്? കൊഴുപ്പു കുറഞ്ഞ മാംസം ആയതിനാൽ വിപണിയിൽ മുയലിറച്ചിക്ക് ആവശ്യക്കാരേറെയുണ്ട്.

 

മുയല്‍ വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം:

 

1. ശാന്തസ്വഭാവുള്ള മൃഗമായതിനാൽ കൂട് ഒരുക്കുമ്പോഴും ശാന്തമായ അന്തരീക്ഷം വേണം. ചൂടേല്‍ക്കാത്ത സ്ഥലത്ത് കൂട് സ്ഥാപിക്കാം.

 

2. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ 1X1 ഇഞ്ച് വെൽഡ് മെഷ് ഉപയോഗിക്കാം. വെൽഡ് മെഷ് ഉപയോഗിച്ചുള്ള കൂടുകളിൽ കഴിയുന്ന മുയലുകൾക്ക് അപൂർവമായി പാദവ്രണം കാണപ്പെടാറുണ്ട്. അതിനാൽ ശ്രദ്ധ വേണം.

 

3. ഓരോ മുയലിനും രണ്ടടി നീളവും രണ്ടടി വീതിയും ഒന്നരയടി ഉയരവുമുള്ള കള്ളിയാണ് നല്ലത്. വലുപ്പം കൂടിയതുകൊണ്ട് വളര്‍ത്തുന്നവര്‍ക്ക് ചെലവ് കൂടാനേ ഉപകരിക്കൂ. പ്രസവസമയങ്ങളില്‍ രണ്ടര അടി നീളമുള്ള കള്ളികളും ഉപയോഗിക്കാം.

 

4. തള്ളമുയലിന്റെ വലുപ്പത്തിലുള്ള പ്രസവപ്പെട്ടികളാണ് ഉത്തമം. ഇത് എല്ലാ കുഞ്ഞുങ്ങള്‍ക്ക് മുലകുടിക്കാനുള്ള സൗകര്യമൊരുക്കുന്നു. തടിപ്പെട്ടിയോ പ്ലാസ്റ്റിക് ട്രേകളോ പ്രസവപ്പെട്ടിയായി ഉപയോഗിക്കാം.

 

5. തടികൊണ്ടുണ്ടാക്കിയ പ്രസവപ്പെട്ടിയുടെ അടിവശം ഇരുമ്പ് നെറ്റ് തറയ്ക്കുന്നത് നല്ലതാണ്. ഇത് പ്രസവപ്പെട്ടി വൃത്തിയായിരിക്കാന്‍ സഹായിക്കും. പ്ലാസ്റ്റിക് ട്രേകൾ ഉപയോഗിക്കുമ്പോൾ കെട്ടിവച്ചില്ലെങ്കിൽ തള്ളമുയൽ പെട്ടിയിൽ കയറുമ്പോൾ മറിഞ്ഞുവീഴും. കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് കെട്ടിവയ്ക്കുന്നതാണ് നല്ലത്.

 

6. ആറു മാസം പ്രായമായ പെണ്‍മുയലുകളെ ഇണചേര്‍ക്കാന്‍ ഉപയോഗിക്കാം. ആണ്‍മുയൽ എട്ടു മാസം പ്രായമുള്ളതും ആരോഗ്യമുള്ളതുമായിരിക്കണം.

 

7. ഇണചേര്‍ക്കുന്ന മുയലുകള്‍ രക്തബന്ധമുള്ളവരായിരിക്കരുത്. രക്തബന്ധമുള്ള മുയലുകളുടെ കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധശേഷിയും വളര്‍ച്ചാനിരക്കും കുറവായിരിക്കും.

 

8. മദിലക്ഷണം കാണിക്കുന്ന പെണ്‍മുയലിനെ ആണ്‍മുയലിന്റെ കൂട്ടിലേക്കു മാറ്റണം. ഇണചേരൽ വിജയകരമാണെങ്കിൽ ആണ്‍മുയല്‍ ഒരു വശത്തേക്കു മറിഞ്ഞുവീഴും. അഞ്ചു മണിക്കൂര്‍ കഴിഞ്ഞ് ഒന്നുകൂടി ഇണ ചേര്‍ക്കാം. കുഞ്ഞുങ്ങള്‍ കൂടുതല്‍ ലഭിക്കാന്‍ ഈ രീതി അനുവര്‍ത്തിക്കാം.

 

9. ഒരു ദിവസം മുഴുവനും ആണ്‍മുയലിന്റെയൊപ്പം പെണ്‍മുയലിനെ പാര്‍പ്പിക്കണമെന്നില്ല. മുകളില്‍ സൂചിപ്പിച്ചപോലെ ഇണ ചേരല്‍ കഴിഞ്ഞാല്‍ പെണ്‍മുയലിനെ അതിന്റെ കൂട്ടിലേക്ക് മാറ്റാവുന്നതാണ്. ഇണചേരാൻ മടികാണിക്കുന്ന പെൺമുയലുകളെ കുറച്ചു ദിവസം രാവിലെയും വൈകുന്നേരവും 15 മിനിറ്റ് വീതം ആൺമുയലിനൊപ്പം വിടുന്നത് നല്ലതാണ്.

 

10. ഇണ ചേര്‍ത്ത് 15-ാം ദിവസം പെണ്‍മുയലിന്റെ ഉദരം പരിശോധിച്ചാല്‍ ഗോലി രൂപത്തില്‍ കുഞ്ഞുങ്ങളെ അറിയാന്‍ കഴിയും. ഇത്തരത്തില്‍ പിടിച്ച് പരിശോധിക്കുമ്പോള്‍ ശ്രദ്ധ വേണം.

 

11. 28–31 ദിവസമാണ് ഗര്‍ഭകാലം. ഇണചേര്‍ത്ത തീയതി ‌റജിസ്റ്റർ പോലെ എഴുതി സൂക്ഷിക്കുന്നത് നല്ലതാണ്.

 

12. പ്രവസത്തിന് മൂന്നു നാല് ദിവസം മുമ്പ് പ്രസവപ്പെട്ടി പെണ്‍മുയലിന്റെ കൂട്ടില്‍ വയ്ക്കാം. മുയല്‍ മൂത്രമൊഴിക്കുന്ന വശത്ത് പ്രസവപ്പെട്ടി വയ്ക്കരുത്.

 

13. പ്രസവസമയം അടുത്താല്‍ പെണ്‍മുയല്‍ കൂട്ടിലുള്ള പൂല്ല് പെട്ടിയില്‍ അടുക്കി രോമം പൊഴിച്ച് കുട്ടികള്‍ക്കായി മെത്തയൊരുക്കും.

 

[Image: rabbit-3]

മുയൽ കുഞ്ഞുങ്ങൾ

14. ഒരു പ്രസവത്തില്‍ 4- 8 കുഞ്ഞുങ്ങളാണ് ഉണ്ടാവുക. പ്രസവം പരമാവധി അര മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകും.

 

15. കുഞ്ഞുങ്ങളെ ദിവസവും പരിശോധിക്കുന്നത് നല്ലതാണ്. നന്നായി പാലു ലഭിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരം രണ്ടു ദിവസത്തിനുള്ളില്‍ ചുളിവുകള്‍ മാറി ഭംഗിയുള്ളതാകും.

 

16. മുയലുകള്‍ കുഞ്ഞുങ്ങളെ തനിയെ പാലൂട്ടും. എന്നാൽ, രണ്ടു ദിവസമായിട്ടും കുഞ്ഞുങ്ങള്‍ക്ക് വലുപ്പം വയ്ക്കാതെ ശരീരം ചുക്കിച്ചുളിഞ്ഞിരിക്കുകയാണെങ്കില്‍ തള്ളമുയലിനെ പ്രസവപ്പെട്ടിക്കുള്ളിലാക്കി മറ്റൊരു പെട്ടിവച്ച് 10 മിനിറ്റത്തേക്ക് അടച്ചുവയ്ക്കാം. കുഞ്ഞുങ്ങള്‍ പാല്‍ കുടിച്ചുകൊള്ളും. സാധാരണ ആദ്യപ്രസവത്തിലാണ് മുലയൂട്ടാന്‍ മടി കാണിക്കാറുള്ളത്.

 

17. പത്തു ദിവസം ആകുമ്പോള്‍ കുഞ്ഞുങ്ങള്‍ കണ്ണു തുറക്കും. 15 ദിവസമാകുമ്പോള്‍ ചെറുതായി ഭക്ഷണം കഴിച്ചുതുടങ്ങും.

 

18. 30 ദിവസമാകുമ്പോള്‍ തള്ളയുടെ അടുത്തുനിന്ന് മാറ്റാം. ഈ പ്രായത്തിൽ പ്രോട്ടോസോവ മൂലം വരുന്ന കൊക്സീഡിയോയിസ് എന്ന രോഗം കുഞ്ഞുങ്ങളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകാറുണ്ട്. സൂപ്പർകോക്സ് എന്ന പൊടി രൂപത്തിലുള്ള മരുന്ന് ഈ അസുഖത്തെ പ്രതിരോധിക്കാൻ നൽകാം. അസുഖം കാണപ്പെടുകയാണെങ്കിൽ സൾഫാ അംശമുള്ള ഏതെങ്കിലും മരുന്നു നൽകണം.

 

19. കുഞ്ഞുങ്ങളെ മാറ്റി ഒരാഴ്ചയ്ക്കുശേഷം തള്ളമുയലിനെ വീണ്ടും ഇണചേര്‍ക്കാം.

 

20. മുയലുകൾക്കായുള്ള റാബിറ്റ് ഫീഡ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതല്ലെങ്കിൽ പ്രോട്ടീൻ കുടുതലുള്ള കൈത്തീറ്റ നിർമിച്ചു നൽകാം. ശുദ്ധജലം 24 മണിക്കൂറും കൂട്ടിലുണ്ടാവണം. പുല്ല് വൈകുന്നേരങ്ങളില്‍ കൂടുതല്‍ കൊടുക്കുന്നതാണ് അനുയോജ്യം.

 

21. കൂട് ദിവസേന വൃത്തിയാക്കണം. അല്ലാത്തപക്ഷം ഫംഗസ് രോഗങ്ങള്‍ പിടിപെടാം. മുയലുകളുടെ മൂക്ക്, ചെവി, കണ്ണ്, നഖങ്ങള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വരുന്ന ഫംഗസ് ബാധയാണ് സാധാരണയുണ്ടാവാറുള്ളത്. ആരംഭദശയിൽ ഇതിന് അസ്‌കാബിയോള്‍ എന്ന ലോഷന്‍ പഞ്ഞിയില്‍ മുക്കി രണ്ടു നേരം പുരട്ടാം. വൃത്തിയുള്ള അന്തരീക്ഷം രോഗങ്ങള്‍ അകറ്റും.

 

22. ഭക്ഷണത്തിനൊപ്പം കാത്സ്യവും വൈറ്റമിന്‍ സപ്ലിമെന്റുകളും നൽകണം. വൈറ്റമിന്റെ കുറവുകൊണ്ട് ഗര്‍ഭംധരിക്കാതെ വരികയോ കപടഗര്‍ഭം കാണിക്കുകയോ ചെയ്യാം.

 

23. മുയലുകളെ ചെവിയില്‍ തൂക്കി എടുക്കരുത്. ശരീരത്തിന്റെ ഭാരം താങ്ങാന്‍ ചെവികള്‍ക്കു കഴിയില്ല. പകരം മുതുകത്തെ തൊലിപ്പുറത്ത് പിടിച്ച് എടുക്കാം.

 

24. പ്രായപൂര്‍ത്തിയായ മുയലുകളെ വെവ്വേറെ കൂടുകളില്‍ പാര്‍പ്പിക്കണം അല്ലെങ്കില്‍ പരസ്പരം ആക്രമിക്കും.

 

25. വളർത്താനായി ശുദ്ധ ജനുസുകൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, സോവിയറ്റ് ചിൻചില, ന്യൂസിലൻഡ് വൈറ്റ് എന്നിവയാണ് കേരളത്തിൽ ഏറെ പ്രചാരമുള്ള മുയലിനങ്ങൾ.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button