KERALA
മൂന്നാർ: ഒഴുക്കിന് തടസ്സം ഉണ്ടാക്കുന്ന കെട്ടിടങ്ങൾ പൊളിക്കും
മൂന്നാർ ∙ മൂന്നാറിൽ പുഴയോര കയ്യേറ്റങ്ങൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും പുഴയുടെ ഒഴുക്കിനു തടസ്സം സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്നും ദേവികുളം സബ് കലക്ടർ ഡോ. രേണു രാജ്. പുഴയുടെ ഒഴുക്കിനു തടസ്സം സൃഷ്ടിക്കുന്ന കെട്ടിടങ്ങളെക്കുറിച്ച് ജില്ലാ കലക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകും. മൂന്നാറിൽ പ്രളയം ആവർത്തിച്ചതോടെയാണ് കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയുമായി സബ് കലക്ടർ രംഗത്തെത്തിയത്.
മുതിരപ്പുഴ കര കവിഞ്ഞതോടെ പഴയ മൂന്നാറിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. മൂന്നാർ ടൗണിലും, പഴയമൂന്നാറിലും പുഴയുടെ ഒഴുക്കിനു തടസ്സം സൃഷ്ടിക്കുന്ന നിർമാണങ്ങൾ പൊളിച്ചു നീക്കാനാണു തീരുമാനിച്ചിരിക്കുന്നത്. പുഴയോരത്തെ അനധിക്യത കെട്ടിടങ്ങളുടെ കണക്കെടുക്കാൻ മൂന്നാർ സ്പെഷൽ തഹസിൽദാറെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും സബ് കലക്ടർ പറഞ്ഞു.
ചെറിയൊരു മഴയിൽപ്പോലും മൂന്നാർ ടൗണിലും പഴയ മൂന്നാറിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് അനധിക്യത കയ്യേറ്റം കാരണമെന്നാണ് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. മുതിരപ്പുഴയാറിന്റെ കൈവഴിയായ മൂന്നാർ കോളനിയിൽ നിന്നുള്ള തോട്ടിൽ ആണ് അനധികൃത നിർമാണം ഏറെയും.
Comments