മെഡിക്കൽകോളേജിൽ ‘കോമൺപൂൾ സിസ്റ്റം’ വരുന്നു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി നേത്രരോഗ, മനോരോഗ വാർഡുകളിൽ പനിബാധിച്ചവരെയും കിടത്തിച്ചികിത്സിക്കും. മെഡിസിൻ വാർഡിലെ തിരക്കുകുറയ്ക്കാനുള്ള ‘കോമൺപൂൾ സിസ്റ്റം’ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

 

പനിവാർഡിൽ ബെഡില്ലാതെ നിലത്തുകിടക്കുന്നവരുടെ എണ്ണം മുമ്പത്തെക്കാൾ വളരെയേറെ വർധിച്ചിരിക്കുകയാണ്. സ്ഥലമില്ലാതെ വീർപ്പുമുട്ടുന്ന മെഡിസിൻ വാർഡുകളിലെ പ്രശ്നംപരിഹരിക്കാനുള്ള ആലോചനയിൽനിന്നാണ് തിരക്ക് കുറഞ്ഞ മനോരോഗ, നേത്രരോഗ വാർഡുകളിലേക്ക് പനിയും മറ്റും രോഗങ്ങളും ബാധിച്ച രോഗികളെ മാറ്റി കിടത്തിച്ചികിത്സിക്കുന്ന ഫ്ളോട്ടിങ്‌ വാർഡുകൾ നടപ്പാക്കാൻ ആശുപത്രിവികസനസമിതിയോഗത്തിൽ തീരുമാനമായത്.

 

നേത്രരോഗവിഭാഗം, മനോരോഗവിഭാഗം എന്നീ വാർഡുകളാണ് കോമൺപൂളുകളാക്കി മാറ്റുന്നത് നേത്രരോഗവാർഡിൽ 72 കട്ടിലുകളും മനോരോഗവാർഡിൽ നാലുവാർഡുകളിലായി 60 കട്ടിലുകളുമാണുള്ളത്. ഇതിൽ നേത്രരോഗവാർഡിൽ ഒഴിവുള്ള കട്ടിലുകളിലും മനോരോഗവാർഡിലെ രണ്ടു വാർഡ്‌ പൂർണമായും മെഡിസിൻ രോഗികളെ പ്രവേശിപ്പിക്കും. മനോരോഗവാർഡുകളിൽ ഉപയോഗയോഗ്യമായ രണ്ടുവാർഡിലായി 30 രോഗികളെ ഉൾക്കൊള്ളിച്ചിരിക്കുകയാണെന്ന് മനോരോഗവിഭാഗം അധികൃതർ പറഞ്ഞു.

 

നേത്രരോഗികൾക്ക് വിനയാകും

 

നേത്രരോഗ വാർഡിൽ രോഗികളെ പ്രവേശിപ്പിക്കുമ്പോൾ ഇവിടെയുള്ള രോഗികൾക്ക് മറ്റ് അസുഖങ്ങൾപകർന്ന് അണുബാധ ഉണ്ടാവാനും കണ്ണിന്റെ കാഴ്ചവരെ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. 1998- ൽ ബീച്ച് ആശുപത്രിയിൽ കോമൺപൂൾ നടപ്പാക്കിയപ്പോൾ പതിനഞ്ചോളം രോഗികൾക്ക് അണുബാധയേറ്റ് കണ്ണിന്റെ കാഴ്ചപോയ സംഭവമാണ് കാരണമായി പറയുന്നത്.

 

കണ്ണിന് ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് വളരെ വേഗത്തിൽ അണുബാധയേൽക്കാനുള്ള സാധ്യതയുണ്ട്. നേത്രപടലം മാറ്റിവയ്ക്കൽ, ലേസർ ചികിത്സ, ഗ്ളൂക്കോമാ ശസ്ത്രക്രിയ, കോങ്കണ്ണ് ചികിത്സ തുടങ്ങിയ വളരെയധികം സങ്കീർണമായ ശസ്ത്രക്രിയകൾ കഴിഞ്ഞ രോഗികൾക്ക് അണുബാധയുണ്ടായാൽ കാഴ്ചതന്നെ നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്.

 

സൈക്യാട്രി വിഭാഗത്തിലേക്ക് കേന്ദ്രഫണ്ട് അനുവദിച്ച കുട്ടികളുടെയും വനിതാ- കൗമാരക്കാരുടെയും വാർഡുകളിൽ സ്റ്റാഫിനെ നിയമിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടർന്ന് നാലുവർഷത്തോളം അറ്റകുറ്റപ്പണികൾക്കായി വാർഡ് അടച്ചിട്ടു. മനോരോഗവാർഡുകൾക്ക് മറ്റ് വാർഡുകളെ അപേക്ഷിച്ച് കൂടുതൽ സ്ഥലസൗകര്യം ചികിത്സയുടെ ഭാഗമായി വേണം. അടുത്തടുത്ത് കിടക്കാൻ പാടില്ല, കൗൺസലിങ്‌ തുടങ്ങി പലതരത്തിലുള്ള ചികിത്സയ്ക്കും സ്ഥലം വേണ്ടിവരുമെന്നതിനാൽ ഈ വാർഡുകൾ ഒഴിവാക്കുന്നത് ചികിത്സയെ ഏറെ ബാധിക്കുമെന്ന് മനോരോഗവിഭാഗം ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
സ്ഥലപരിമിതിക്ക് അറുതിയാവുമെന്ന്
സാവിത്രി സാബു കാൻസർവാർഡിലെ രോഗികളും മറ്റ് ഉപകരണങ്ങളും ത്രിതല കാൻസർ സെന്ററിലേക്ക് മാറ്റുന്നതോടെ വരുന്ന വാർഡുകളും പുതിയ കാഷ്വാലിറ്റി കോംപ്ളക്സും സ്ഥലപരിമിതിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തുന്നത്.
Comments

COMMENTS

error: Content is protected !!