മേപ്പയ്യൂർ ഈസ്റ്റ് എൽ പി സ്കൂൾ ശോച്യാവസ്ഥക്കെതിരെ രക്ഷിതാക്കൾ പ്രത്യക്ഷ സമരത്തിലേക്ക്
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ കളരിക്കണ്ടി മുക്കിൽ സ്ഥിതി ചെയ്യുന്ന മേപ്പയ്യൂർ ഈസ്റ്റ് എൽ പി സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത മാനേജരുടെ നിലപാടിനെതിരെ പി ടി എ കമ്മറ്റി രക്ഷിതാക്കളെയും നാട്ടുകാരെയും അണിനിരത്തി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
കാലാനുസൃതമായ നവീകരണമില്ലാത്ത പഴക്കം ചെന്ന കെട്ടിടവും വേർതിരിക്കാത്തതും ഇരുളടഞ്ഞതുമായ ക്ലാസ് മുറികളും വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മേപ്പയ്യൂർ പഞ്ചായത്തിലെ 2, 5 വാർഡുകൾ നൊച്ചാട് പഞ്ചായത്തിലെ 1, 17 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ നിരവധി വിദ്യാർത്ഥികളുടെ ഏകആശയമായ പൊതു വിദ്യാലയമാണിത്.
ഈ രണ്ട് പഞ്ചായത്തിലെയും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരും പി ടി എ ഭാരവാഹികളും പലതവണ മാനേജരെ ബന്ധപ്പെട്ട് സ്കൂളിൻ്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചിട്ടും തികച്ചും നിഷേധകാത്മകമായ സമീപമനമാണുണ്ടാകുന്നതെന്ന് രക്ഷിതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നഴ്സറിയടക്കം നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര മേഖലകളിൽ പഞ്ചായത്തിലെ മികച്ച വിദ്യാലയമാണ്. ഇക്കഴിഞ്ഞ കലാമേളയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നൂറ് കൊല്ലത്തിലധികം പഴക്കമുള്ള ഈ വിദ്യാലയത്തിന് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് അടുക്കള നവീകരണാർത്ഥം അനുവദിച്ച 6 ലക്ഷം രൂപയോളമുള്ള ഫണ്ട് മാനേജരുടെ നിഷേധാത്മക നിലപാടു മൂലം ഉപയോഗപ്പെടുത്താതെ പോകുകയായിരുന്നുവെന്ന് പി ടി എ ഭാരവാഹികൾ ആരോപിച്ചു.
അനാദായകരമായ വിദ്യാലയമെന്ന ഒരവസ്ഥയിലേക്ക് പോകാതെ രക്ഷിതാക്കളുടെ മികച്ച സഹകരണം കൊണ്ടാണ് പൊതു വിദ്യാലയം എക്കാലത്തും മുൻപിൽ നിൽക്കുന്നത്. കുട്ടികളുടെ സുരക്ഷക്ക് വില കൊടുക്കുന്ന സൗകര്യപ്രദമായ ഒരു കെട്ടിടം എന്ന് ഉയരും എന്നാണ് രക്ഷിതാക്കളും നാട്ടുകാരും ചോദിക്കുന്നത്. അധ്യാപക നിയമനങ്ങൾ മുടക്കമില്ലാതെ നടക്കുന്നുവെങ്കിലും സ്കൂളിൻ്റെ ശോചനീയാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.
മാനേജരുടെ അനങ്ങാപ്പാറ നയത്തിനെതിരെ ജനകീയ കമ്മിറ്റി വിളിച്ചു ചേർത്തു കൊണ്ട് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് തങ്ങൾ എന്ന് എം പി ടി എ ചെയർ പേഴ്സൻ പി ബനില പറഞ്ഞു. പത്രസമ്മേളനത്തിൽ പി ടി എ. ഭാരവാഹികളായ കെ വി ഗിരീഷ്, കെ എം വിനോദൻ, ഷീബ എടത്തിൽ, കെ കെ. പ്രദീഷ് എന്നിവർ സംബന്ധിച്ചു.
അതേസമയം വിഷയത്തിൽ ജനുവരിയിൽ വരാൻ പോകുന്ന ഭിന്നേശേഷി സംവരണ ഉത്തരവിൽ സാങ്കേതിക തടസങ്ങൾ ഇല്ലെങ്കിൽ കെട്ടിടം പണി തുടങ്ങാൻ താമസിക്കില്ലെന്നും മനഃപൂർവം വൈകിക്കയല്ല എന്നും മാനേജർ പ്രതികരിച്ചു.