യു.എ.പി.എ. ഇടതുപക്ഷത്തിന്റെ നയമല്ല: എം.വി. ജയരാജൻ

പേരാമ്പ്ര: യു.എ.പി.എ. ഇടതുപക്ഷ സർക്കാരിന്റെ നയമല്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ കൈ ശുദ്ധമാണെന്നും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ. പേരാമ്പ്രയിൽ സി.ഐ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

ജനക്ഷേമ പ്രവർത്തനം നടപ്പാക്കിയ സർക്കാരിനെ കുറ്റപ്പെടുത്താൻ ഒന്നും കിട്ടാനില്ലാത്തതിനാലാണ് വാളയാർ, യു.എ.പി.എ. മാവോയിസ്റ്റ് എന്നിവയെല്ലാമെടുത്ത് അലക്കുന്നത്. യു.എ.പി.എ. ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും നയമാണ്. ബി.ജെ.പി. കൊണ്ടുവന്ന വ്യക്തികളെ ഭീകരൻമാരായി പ്രഖ്യാപിക്കുന്ന നിയമഭേതഗതി ഭരണഘടന നൽകുന്ന സാമാന്യ നീതിപോലും ലംഘിക്കുന്നതാണ്. ഇതിനടക്കം അനുകൂലമായി കൈപൊക്കിയവരാണ് കോൺഗ്രസെന്നും അവസരവാദപരമായ നിലപാടാണ് ഇപ്പോൾ അവരുടേതെന്നും അദ്ദേഹം പറഞ്ഞു.

 

കോഴിക്കോട് രണ്ട് പേരെ യു.എ.പി.എ. ചുമത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമത്തിന്റെ ദുരുപയോഗം പാടില്ലെന്നാണ് സർക്കാർ നയം. യു.ഡി.എഫ്. സർക്കാർ കാലത്താണ് 158 യു.എ.പി.എ. കേസെടുത്തത്. ഇതിൽ പരാതിയുള്ള 15 എണ്ണം പിൻവലിച്ചവരാണ് ഇടതുപക്ഷ സർക്കാർ. കേസ് ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കാൻ സമിതി രൂപവത്കരിച്ചു.

 

ലഘുലേഖയോ പുസ്തകമോ കൈവശം വെച്ചാൽ ഭീകരവാദിയാകില്ല. സുപ്രീം കോടതി വിധിയും ഇക്കാര്യത്തിലുണ്ട്. അറസ്റ്റ് നടപടി ശരിയാണോ എന്ന് എ.ഡി.ജി.പി.യും സമിതിയും പരിശോധിക്കുന്നുണ്ട്. മിസയും ടാഡയും പോട്ടയും ഭരണവർഗ താത്‌പലര്യം സംരക്ഷിക്കാൻ മുമ്പ് കൊണ്ടുവന്നതാണ്. ഇതിനെല്ലാം ഇരയായവരാണ് ഇടതുപക്ഷം. രാഷ്ട്രീയ പ്രതിയോഗികൾക്ക് നേരെയാണ് ഇതെല്ലം കൂടുതൽ ഉപയോഗിച്ചത്-ജയരാജൻ ചൂണ്ടിക്കാട്ടി.

 

പൊതുസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ കെ. കുഞ്ഞമ്മദ്, ജില്ലാ സെക്രട്ടറി പി.കെ. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. കൊയിലാണ്ടി, വടകര താലൂക്കിലെ പ്രവർത്തകർ അണിനിരന്ന പ്രകടനം സംഘടനയുടെ കരുത്ത് വിളിച്ചോതുന്നതായി. റസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനം സമ്മേളനനഗരയിൽ സമാപിച്ചു.
Comments

COMMENTS

error: Content is protected !!