SPECIAL

രണ്ട് ട്രക് നിറയെ ഒറ്റരൂപാ നാണയങ്ങളും ആയിരം കിലോ പിച്ചള നാണയങ്ങളുമായി, ദില്ലിയിലെത്തിയ ദളിത് നാണയ യാത്ര പോലീസ് തടഞ്ഞു

ദില്ലി: ദളിതർ ഭരണ സിരാകേന്ദ്രത്തിലേക്ക് വരുന്നതെന്തിനായിരിക്കും? സംശയമെന്തിന്? അവർ സർക്കാരിൽ നിന്ന് എന്തെങ്കിലും അനുകൂല്യങ്ങൾ ചോദിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും ആവലാതികൾ പറയാനോ ആയിരിക്കും. ഇതാണ് നമ്മുടെ പൊതു ധാരണ. എന്നാൽ 350 ലേറെ ദളിതർ, രണ്ട് ട്രക്ക് നിറയെ, ഒരു രൂപ നാണയങ്ങളും അവർ തന്നെ നിർമ്മിച്ച ആയിരം കിലോ പിച്ചള നാണയങ്ങളുമായാണ് ദില്ലി- ഹരിയാനാ അതിർത്തിയിൽ എത്തിയത്. ഒറ്റരൂപാ നാണയങ്ങൾ മാത്രം 20 ലക്ഷം രൂപക്കുണ്ടായിരുന്നു. ദില്ലിയിലേക്ക് പ്രവേശിക്കാൻ പക്ഷേ പോലീസ് അവരെ അനുവദിച്ചില്ല.

വീടുകളിൽ നിന്ന് സംഭാവനയായി വാങ്ങിയ പിച്ചള ഉപകരണങ്ങൾ ഉരുക്കി 1000 കിലോ നാണയങ്ങളാണിവരുണ്ടാക്കിയത്. അതിന്റെ ഒരു വശത്ത് അംബേദ്ക്കറിന്റേയും മറുവശത്ത് ബുദ്ധന്റേയും രൂപം മുദ്രണം ചെയ്തിരുന്നു. പുതിയ പാർലമെന്റ് മന്ദിരസമുച്ചയത്തിന് തങ്ങളുടെ വകയായുള്ള സംഭാവന നല്കാനാണ് ഒരു രൂപ നാണയങ്ങൾ ശേഖരിച്ചത്.


യാത്രയിൽ പങ്കെടുത്ത ദളിത് പ്രവർത്തകർ ചോദിക്കുന്നത്; ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമാചരിക്കുമ്പോഴെങ്കിലും തങ്ങൾക്ക് ദില്ലിയിലേക്ക് പ്രവേശിച്ചു കൂടേ എന്നാണ്. രാജ്യത്തു നിന്ന് തൊട്ടുകൂടായ്മ ഉച്ചാടനം ചെയ്യുമോ എന്നവർ ചോദിക്കുന്നു. തങ്ങൾ എപ്പോഴും എന്തോ ആനുകൂല്യങ്ങൾ ചോദിച്ചു വരുന്നവരാണ് എന്ന മട്ടിൽ ചിത്രീകരിക്കുന്നു. ദില്ലിയിലേക്ക് വരുന്നത് എന്തെങ്കിലും ഭിക്ഷ ചോദിക്കാനല്ല, സർക്കാരിന് പണം സംഭാവന ചെയ്യാനാണ്. രാജ്യത്താകമാനം ഇന്നും നിലനില്ക്കുന്ന തൊട്ടുകൂടായ്മ അവസാനിപ്പിക്കണം എന്ന് പറയാനാണ്. ദളിത് ആക്ടിവിസ്റ്റ് മാർട്ടിൻ മക്വാൻ പറഞ്ഞു.


ദളിതർക്കെതിരായ ആക്രമണം വർധിച്ചു വരുമ്പോൾ എന്താണ് സ്വാതന്ത്ര്യത്തിന്റെയർത്ഥം, എന്ന് സർക്കാരിനോട് ചോദിക്കാനാണ് യാത്ര സംഘടിപ്പിച്ചത്. ഈ അക്രമങ്ങൾ വർധിക്കുകയാണെങ്കിൽ പിന്നെ എന്തു തരം വികസനമാണ് ഭരണാധികാരികൾ നടപ്പിലാക്കുന്നത്. അദ്ദേഹം ചോദിച്ചു. യാത്രക്കൊപ്പം നാണയങ്ങൾ നിറച്ച ലോറികളിൽ അംബദ്കർ പ്രതിമയും ഭരണഘടനയുടെ ശില്പവും അവർ ഉയർത്തിപ്പിടിച്ചിരുന്നു. ആഗസ്റ്റ് എട്ടിന് ദില്ലിയിലെത്തി ഒരു പരിപാടി സംഘടിപ്പിക്കാനായിരുന്നു സംഘാടകർ ഉദ്ദേശിച്ചിരുന്നത്. പക്ഷേ പോലീസ് ബാരിക്കേഡുകളും വൻ സന്നാഹങ്ങളുമായി വന്ന് അവരെ തടഞ്ഞ് തിരിച്ചയച്ചു. തുടർന്ന് യാത്ര മതിയാക്കി ഗുജറാത്ത് – രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എല്ലാവരും തിരിച്ചു പോയി.

ദി ഹിന്ദുവിനോട് കടപ്പാട്. (10-08-2022)
പരിഭാഷ പി ജെ ബേബി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button