‘രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ട്’; ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: രാജ്യം ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ രണ്ടിലെ ലാൻഡർ ലക്ഷ്യം കാണാത്ത സംഭവത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 

ശനിയാഴ്ച പുലര്‍ച്ചെയാണ് സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഇതിന് മണിക്കൂറുകള്‍ക്കു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ദൗത്യത്തിന് സാക്ഷിയാകാനാണ് പ്രധാനമന്ത്രി ഐ.എസ്.ആർ.ഒ കേന്ദ്രത്തിലെത്തിയത്.

 

നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യും. നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്ക് ഒന്നേ പറയാനുള്ളു- ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വ്യത്യസ്തരായ പ്രൊഫഷണലുകളാണ്. രാജ്യപുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുന്നവരാണ് നിങ്ങള്‍. ഇന്ത്യക്ക് ആദരവ് ലഭിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു- പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞരാത്രിയിലെ നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ മുഖത്തെ  ദുഃഖം എനിക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്- പ്രസംഗത്തിനിടെ മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി രാജ്യം മുഴുവനും നിരാശയിലാണ്. ഏവരും നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പം നില്‍ക്കുകയാണ്. നമ്മുടെ ബഹിരാകാശദൗത്യത്തെ കുറിച്ച് നമുക്ക് അഭിമാനമാണ്. ചന്ദ്രനിലെത്താനുള്ള നിശ്ചയദാര്‍ഢ്യം ഇന്ന് കൂടുതല്‍ കരുത്തുള്ളതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലാന്‍ഡര്‍ ലക്ഷ്യം കാണാത്തതില്‍ ദുഃഖിതരായ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗം. രാജ്യത്തിനു വേണ്ടി ജീവിക്കുന്നവരാണ് നിങ്ങള്‍. ഇന്ത്യയുടെ ശിരസ്സ് ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ സ്വന്തം സ്വപ്‌നങ്ങള്‍ ത്യജിക്കുന്നവരും നിദ്രാരഹിതമായ രാത്രികള്‍ പിന്നിടുന്നവരുമാണ് നിങ്ങള്‍- മോദി പറഞ്ഞു.
Comments
error: Content is protected !!