രോഗബാധ കുറയുമ്പോഴും കേരളം മുന്നിൽ തന്നെ

ദേശീയതലത്തിൽ കൊറോണ വൈറസ് കേസുകള്‍ കുറയുമ്പോൾ കേരളം വിപരീത ദിശയിൽ. പുതിയ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.  ജനുവരിയിലെ അതേ സാഹചര്യമാണു കേരളത്തിലിപ്പോള്‍.

ഒരു മാസമായി 11,000 മുതല്‍ 13,000 വരേ പുതിയ കേസുകളാണ് ദിവസവും കേരളത്തില്‍ സ്ഥിരീകരിക്കുന്നത്. ഇതേ കാലയളവില്‍, രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം ഏകദേശം പകുതിയായി കുറഞ്ഞു. എണ്‍പതിനായിരത്തിനു മുകളിലായിരുന്ന പ്രതിദിന കേസുകള്‍ നിലവില്‍ നിലവില്‍ നാല്‍പ്പതിനായിരത്തോളമായി താഴ്ന്നു. മറ്റെല്ലാ പ്രധാന സംസ്ഥാനങ്ങളും പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഔദ്യോഗിക കണക്ക് പ്രകാരം കാണിക്കുന്നത്.

ജൂണ്‍ 15നു ശേഷം ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചത് കേരളത്തിലാണ്.  രണ്ടു ദിവസമായി രാജ്യത്ത് സ്ഥിരീകരിച്ച മൊത്തം കേസുകളില്‍ മൂന്നിലൊന്നും കേരളത്തിലാണ്. രണ്ടു മാസം മുമ്പ് മൊത്തത്തില്‍ കേസുകള്‍ കുറയാന്‍ തുടങ്ങിയപ്പോള്‍ കേരളത്തിൽ ക്രമാതീതമായി ഉയര്‍ന്നു. സംസ്ഥാനത്തെ രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ രാജ്യത്തെ മൊത്തം കേസുകളുടെ 10 ശതമാനത്തില്‍ താഴെയായിരുന്നു കേരളത്തിന്റെ സംഭാവന. ഈ പ്രവണത ജനുവരിയില്‍ കണ്ടതിനോട് വളരെ സാമ്യമുള്ളതാണ്. ആ സമയയത്ത് ചില ദിവസങ്ങളിലെ മൊത്തം കേസുകളില്‍ 60 ശതമാനവും സംഭാവന ചെയ്തത് കേരളമായിരുന്നു.

സംസ്ഥാനത്ത് ഇതുവരെ 30 ലക്ഷത്തിലധികം പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കുശേഷം രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സംഖ്യയാണിത്. എന്നാല്‍, 3.5 കോടിയോളം വരുന്ന കേരളത്തിന്റെ താരതമ്യേന ചെറിയ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍, ജനസംഖ്യാനുപാതത്തിലുള്ള കേസുകളുടെ എണ്ണം മഹാരാഷ്ട്രയേക്കാള്‍ വളരെ കൂടുതലാണ്. കേരളത്തില്‍ 10 ലക്ഷം പേരില്‍ 90,000 ആണ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. 24,000 ആണ് രാജ്യത്തെ ശരാശരി. ഗോവയില്‍ മാത്രമാണ് ഉയര്‍ന്ന അനുപാതമുള്ളത്.

കോവിഡിനെ നേരിടുന്നതിലുള്ള സംസ്ഥാനത്തിന്റെ മികച്ച നേട്ടം മരണ നിരക്ക് കുറച്ചു എന്നതാണ്. രാജ്യത്തിന്റെ ശരാശരി കോവിഡ് മരണനിരക്ക് 1.32 ആകുമ്പോള്‍ കേരളത്തിലത് 0.47 ആണ്. ഇത് വലിയ തോതില്‍ കേസുകളുണ്ടാകുന്നതില്‍ ഭാഗികമായി കാരണമാകാം. കേരളത്തില്‍ ഇതുവരെ 14,157 കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ എട്ടാമത്തെ വലിയ സംഖ്യയാണിത്.  10 ലക്ഷം പേരില്‍ 424 മരണമെന്ന കേരളത്തിന്റെ നിരക്ക് 311 എന്ന ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്.

മികച്ച രീതിയില്‍ കേസുകള്‍ കണ്ടെത്തുന്നതാണു കേരളത്തിലെ വര്‍ധനയ്ക്കു ന്യായമായി ചൂണ്ടിക്കാട്ടുന്നത്. കണ്ടെത്തുന്ന ഓരോ അണുബാധയ്ക്കു പകരമായി 25 എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്ന് അവസാന ദേശീയ സെറോസര്‍വേയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ ഈ അനുപാതം 1: 5 മാത്രമാണ്.

ഓരോ 100 ടെസ്റ്റിലും പതിമൂന്നോളം പോസിറ്റീവ് കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് മൂന്നില്‍ താഴെയാണ്.

വാക്‌സിനേഷന്‍ നല്‍കുന്നതിലെ മികച്ച പ്രവര്‍ത്തനം പോലും പോസിറ്റീവ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതില്‍ സഹായിച്ചിട്ടില്ലെന്നതാണ് കേരളത്തിലെ സാഹചര്യത്തിൽ അതിശയകരമായി തുടരുന്ന കാര്യം. സംസ്ഥാനത്തെ ജനസംഖ്യയുടെ ഏതാണ്ട് 45 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. ഏകദേശം 10 ശതമാനം പേര്‍ക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു. മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ മികച്ചതാണ്.

നിലവിലെ കണക്കനുസരിച്ച്, സജീവമായ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരു പ്രധാന സംസ്ഥാനമാണ് കേരളം. ഒരാഴ്ചയ്ക്കിടെ സജീവ കേസുകള്‍ ഏഴായിരത്തിലധികം വര്‍ധിച്ചു. ബുധനാഴ്ച വരെ സംസ്ഥാനത്ത് 1.08 ലക്ഷം സജീവ കേസുകളാണുള്ളത്. 1.14 ലക്ഷം സജീവ കേസുകളുള്ള മഹാരാഷ്ട്ര മാത്രമാണ് കേരളത്തിനു മുന്നില്‍.

 

Comments

COMMENTS

error: Content is protected !!