റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി അറസ്റ്റിലായ യുവതിക്ക് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് പൊലീസ്

കണ്ണൂര്‍:റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി അറസ്റ്റിലായ യുവതിക്ക് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് പൊലീസ് നിഗമനം. ഇന്നലെ ഉച്ചയ്ക്കാണ് കണ്ണൂർ ടൗൺ പൊലീസ് കണ്ണൂർ ഇരിട്ടി ചരൽ സ്വദേശിയായ ബിൻഷ തോമസിനെ  കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച്  അറസ്റ്റ് ചെയ്തത്. 

ഇവർക്കൊപ്പം പഠിച്ച സ്ത്രീകളടക്കമുള്ള നിരവധി പേരെയാണ് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി കിട്ടാൻ സഹായിക്കാമെന്നും പറഞ്ഞ് ലക്ഷക്കണക്കിന് രൂപ വാങ്ങി പറ്റിച്ചത്. റെയിൽവേ ടി ടി ആർ ആണെന്നായിരുന്നു ബിൻഷ നാട്ടുകാരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം പറഞ്ഞിരുന്നത്. 

ടി ടി ആറിന്‍റെ യൂനിഫോമും ധരിച്ച് പലപ്പോഴും ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇവർക്കൊപ്പം ഒരു സ്ത്രീയടക്കം കുറച്ച് പേർ കൂടി തട്ടിപ്പിൽ കൂടെയുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. താനല്ല, ഒരു ‘മാഡ’മാണ് എല്ലാം കാര്യങ്ങളും ചെയ്തതെന്ന് ബിൻഷ പറയുന്നുണ്ടെങ്കിലും അതാരാണെന്ന് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും ഇവരെയും ഉടൻ കണ്ടെത്താനാവുമെന്നും പൊലീസ് പറയുന്നു. 

ബിൻഷക്കെതിരെ അഞ്ച് പേരാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരീക്ഷ ഫീസ്, ഇൻറർവ്യൂ ഫീസ്, യൂണിഫോമിനുള്ള ചെലവ് എന്നിങ്ങനെ തവണകളായാണ് ഓരോരുത്തരിൽ നിന്നും പണം തട്ടിയത്. പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്. 

എന്നാൽ ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും കൂടുതൽ പേർക്ക് പണം നഷ്ടമായതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വരും ദിവസങ്ങളിൽ ഇവരും പരാതിയുമായി എത്തുമെന്നാണ് കരുതുന്നത്. ഇൻസ്റ്റഗ്രാം ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അപ്പുകൾ വഴിയാണ് ഇവർ ഉദ്യോഗാർത്ഥികളുമായി സംസാരിച്ചിരുന്നത്. 

അതിന്‍റെ തെളിവുകൾ ഇവരുടെ ഫോണിൽ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരിട്ടിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പുകൾ ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടായേക്കും.

 

Comments

COMMENTS

error: Content is protected !!