KERALAMAIN HEADLINES

‘ലജ്ജിച്ച് തല താഴ്ത്തുന്നു, കേരളജനതയോട് മാപ്പു ചോദിക്കുന്നു’; അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, അവന്‍ എഴുതിയ മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐ.ക്കാര്‍ എന്ന് സാനു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനും മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയുമായ അഖിലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ കുത്തിയ സംഭവം ലജ്ജാകരമാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. ഇതില്‍ കേരളാ ജനതയോട് മാപ്പ് ചോദിക്കുന്നുവെന്നും സാനു ഫേസ്ബുക്കില്‍ കുറിച്ചു.

 

മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐ.ക്കാര്‍, അല്ലാത്തവര്‍ ഒറ്റുകാര്‍ മാത്രമാണെന്നും സാനു വിമര്‍ശിച്ചു.

 

പണവും ഭരണകൂടവും അറിവിനെയും വിദ്യാഭ്യാസത്തെയും നിര്‍ണയിക്കുമ്പോള്‍ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയാണ് എസ്.എഫ്.ഐയെന്നും പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുതെന്നും സാനു കുറിച്ചു.
തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും സാനു കൂട്ടി ചേര്‍ത്തു.

 

നേരത്തെ എസ്.എഫ്.ഐക്കെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. അഖിലിനോട് മാപ്പ് പറയണമെന്നും ഇത് ചരിത്രത്തിലെ അക്ഷരതെറ്റ് തന്നെയാണെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

 

അഖിലിനെ കുത്തിയ സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകായ ഏഴ് പ്രതികളും ഒളിവിലാണ്. ഇവരെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അറിയിച്ചിരുന്നു.
ലജ്ജിച്ച് തല താഴ്ത്തുന്നു. കേരളജനതയോട് മാപ്പു ചോദിക്കുന്നു. ഞങ്ങളുടെ അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, അവന്‍ എഴുതി വെച്ച മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐ.ക്കാര്‍. അല്ലാത്തവര്‍ ഒറ്റുകാര്‍ മാത്രമാണ്. കടിച്ചുകീറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെയിടയിലേക്ക് ഈ പ്രസ്ഥാനത്തെയും, ശുഭ്രപതാകയെയും, മുദ്രാവാക്യങ്ങളെയും, രക്തസാക്ഷിത്വങ്ങളെയും ഇട്ടുകൊടുത്ത ഒറ്റുകാര്‍.
കൂടെ നിന്നവരെ വീണുപോകാതെ ചേര്‍ത്തുപിടിച്ചവര്‍, ഇനി വരുന്നവരുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ തല പൊട്ടിയവര്‍, കലാലയങ്ങള്‍ സര്‍ഗാത്മകമാക്കാന്‍ മുന്നില്‍ നിന്നവര്‍, ഒപ്പമുള്ളവരുടെ വേദനയില്‍ കണ്ണുനനഞ്ഞവര്‍, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ജീവന്‍ കൊടുത്തവര്‍, അഭിമന്യു പാടിയ നാടന്‍പാട്ടുകള്‍ ഹൃദയത്തില്‍ക്കൊണ്ടു നടക്കുന്നവര്‍, സാഹിത്യത്തെയും, കലകളെയും ഏറ്റവും മനോഹരമായി ആസ്വദിക്കുന്നവര്‍.
അവര്‍ മാത്രമാണ് ഈ പ്രസ്ഥാനത്തിന്റെ കാവല്‍ക്കാര്‍. വര്‍ഷങ്ങളെടുത്ത് അവര്‍ നിറം കൊടുത്ത സ്വപ്നങ്ങളെയും കാലങ്ങളായി അവര്‍ നയിച്ച പോരാട്ടങ്ങളെയുമാണ് കുറഞ്ഞ മണിക്കൂറുകളില്‍, ഒരു കലാലയത്തിനകത്ത് കുറച്ചാളുകള്‍ ചേര്‍ന്ന് ഒറ്റുകൊടുത്തത്.
ഈ ശുഭ്രപതാകയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് അര്‍ഥമില്ലാത്ത വാക്കുകളല്ല. ആ മൂന്നു മഹത്തായ ആശയങ്ങളാണ് ഈ പ്രസ്ഥാനത്തെ നിര്‍വചിക്കുന്നത്. ഇന്ത്യയിലെ എത്രയോ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ ചേര്‍ത്തുവെക്കുന്നത്. പണവും ഭരണകൂടവും അറിവിനെയും വിദ്യാഭ്യാസത്തെയും നിര്‍ണയിക്കുമ്പോള്‍ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയാണ് എസ്.എഫ്.ഐ എന്ന മൂന്നക്ഷരങ്ങള്‍; അവര്‍ക്കു മേല്‍ വീശുന്ന തണലാണ് ഈ ശുഭ്രപതാക. അവരുടെ സംഘടിതമായചെറുത്തുനില്പുകളുടെ അടയാളമാണ് ഈ പ്രസ്ഥാനം. ഞാനടക്കമുള്ള ഒരു വ്യക്തിയുടെയും പ്രവൃത്തികള്‍ നമ്മളുയര്‍ത്തുന്ന മുദ്രാവാക്യങ്ങളെ മങ്ങലേല്പിക്കാനനുവദിച്ചുകൂടാ. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുത്.
മറ്റൊന്നും പറയാനില്ല. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല. തളര്‍ച്ചയല്ല. തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച് മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലര്‍ത്തണം. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും ഇനിയുമുറക്കെ മുഴങ്ങണം. നക്ഷത്രാങ്കിത ശുഭ്രപതാക ഇതിലുമുയരത്തില്‍ പറക്കണം.
എസ്.എഫ്.ഐ. സിന്ദാബാദ്. രക്തസാക്ഷികള്‍ സിന്ദാബാദ്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button