ലഹരിയിൽ യുവാവിന്റെ പരാക്രമം; പൊലീസുകാർക്ക് കുത്തേറ്റു
മയക്കുമരുന്ന് ലഹരിയിൽ സുഹൃത്തിന്റെ കട ആക്രമിച്ച കേസിൽ കസ്‌റ്റഡിയിലെടുത്ത യുവാവ് എസ്‌ഐയെയും സിവിൽ പൊലീസ് ഓഫീസറെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. മട്ടാഞ്ചേരി ബസാർ റോഡ് സ്വദേശി നിസാമുദ്ദീൻ (ബിലാൽ–- 21 ) ആണ് അക്രമം നടത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് സുഹൃത്തിന്റെ കുറ്റിക്കാട്ടൂരിലെ തട്ടുകടയിലും വീട്ടിലും ഇയാൾ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. കസ്റ്റഡിയിലെടുത്തു കൊണ്ടുവരുന്ന സമയത്ത് ഇയാൾ പൊലീസ് ജീപ്പിന്റെ ചില്ലും അടിച്ചു തകർത്തു. സ്‌റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ചില്ലിൻ കഷ്ണം കൊണ്ട് മെഡിക്കൽ കോളേജ് എസ്‌ഐ പി ആർ മനോജ് കുമാറിനെയും സിവിൽപൊലീസ് ഓഫീസർ രഞ്ചുനാഥിനെയും കുത്തിയത്. മുറിവേറ്റ രണ്ടു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
നിസാമുദ്ദീനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധിച്ചെങ്കിലും മാനസിക രോഗിയല്ലെന്ന് കണ്ടതിനാൽ അറസ്റ്റ് ചെയ്തു.