ലഹരി വിമുക്ത ജില്ലക്കായി ക്വിറ്റ് ടു കെയര്‍ പരിപാടി ഊര്‍ജ്ജിതമാക്കും

ജില്ലയിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറക്കാന്‍ ക്വിറ്റ് ടു കെയര്‍ പരിപാടി ശക്തിപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. പരിപാടിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വിദ്യാലയങ്ങളില്‍  ലഹരി വിമുക്ത ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സ്‌കൂളുകളില്‍ ക്വിറ്റ് ടു കെയര്‍ വളണ്ടിയര്‍മാരെ നിയമിക്കാനും തീരുമാനമായി.
ക്വിറ്റ്ടു കെയര്‍ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി   ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍  കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദേശീയ ആരോഗ്യദൗത്യവും പോലീസ്, എക്സൈസ്, വിദ്യാഭ്യാസവകുപ്പുകളെയും ഉള്‍പ്പെടുത്തി നടത്തിവരുന്ന ക്വിറ്റ് ടു കെയര്‍ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍, വിവിധ വകുപ്പുകളുമായി  യോജിപ്പിച്ച് ഭാവിയില്‍ നടത്തേണ്ട പരിപാടികള്‍ എന്നിവയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
പോലീസ്, എക്സൈസ് വിഭാഗങ്ങള്‍ ചേര്‍ന്ന ക്വിക്ക് ആക്ഷന്‍ ടീം രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. 2020 ഓടുകൂടി കോഴിക്കോട് ജില്ലയെ ‘ലഹരി വിമുക്ത ജില്ലയായി’പ്രഖ്യാപിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
യോഗത്തില്‍ എക്സൈസ്ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍ നര്‍ക്കോട്ടിക്ക് സെല്‍ അസ്സിസ്റ്റന്റ് കമ്മീഷണര്‍ പി.സി ഹരിദാസന്‍, ഡിസ്ട്രിക്ട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന്‍, സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, ചേവായൂര്‍ എ.ഇ.ഒ ഹെലന്‍ ഹെന്‍സെന്റ്, ക്വിറ്റ്ടുകെയര്‍ പ്രവര്‍ത്തകന്‍ ഏകനാഥന്‍, ഗ്രീന്‍ എന്‍വയോണ്‍മെന്റ് പ്രവര്‍ത്തകന്‍ പ്രമോദ് മണ്ണാടത്ത്, എന്‍.ടി.സി.പി സോഷ്യല്‍വര്‍ക്കര്‍  അഞ്ജിത ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!