സുനാമിബാധിതര്‍ക്കുള്ള പട്ടയം നല്‍കും; നടപടികള്‍ അന്തിമ ഘട്ടത്തില്‍

പട്ടയമോ രേഖകളോ ഇല്ലാതെ ജീവിക്കുന്ന സുനാമി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ പട്ടയവിതരണത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. സുനാമി പുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച ഭൂമിയില്‍ താമസിക്കുന്ന സുനാമി ദുരന്തബാധിതര്‍ക്ക് അര്‍ഹതയ്ക്കനുസരിച്ച് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു. ജില്ലയില്‍ ആകെ 211 വീടുകളാണ് സുനാമി ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്.
കോഴിക്കോട് താലൂക്കില്‍ ബേപ്പൂര്‍ വില്ലേജില്‍ 53 വീടുകള്‍ക്കും, കൊയിലാണ്ടി താലൂക്കിലെ തിക്കോടി വില്ലേജില്‍ 20, ചേമഞ്ചേരി വില്ലേജില്‍ 25, ചെങ്ങോട്ടുകാവ് വില്ലേജില്‍ 28, വടകര താലൂക്കിലെ അഴിയൂര്‍ വില്ലേജില്‍ 43 വീടുകളും ഒഞ്ചിയം വില്ലേജില്‍ 42 ഫ്‌ലാറ്റുകള്‍ക്കുമാണ് പട്ടയം നല്‍കുന്നത്.
ജില്ലയില്‍ 2011 ല്‍ വീടുകളില്‍ താമസം തുടങ്ങിയിട്ടും പട്ടയം ലഭിക്കാത്തതിനാല്‍ നിരവധി പ്രശ്നങ്ങളാണ് ഗുണഭോക്താക്കള്‍ നേരിട്ടത്. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നടത്തിയ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് പട്ടയം നല്‍കാനുള്ള ഉത്തരവ് ലഭിച്ചത്.
പട്ടയം ലഭിക്കുമെന്ന വാര്‍ത്ത  ചെങ്ങോട്ട്കാവ് വില്ലേജിലെ സുനാമി കോളനിയില്‍  താമസിക്കുന്ന 28 കുടുംബങ്ങള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. പട്ടയ വിതരണം പൂര്‍ത്തിയാവുന്നതോടെ ഇവരുടെ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്നു.
‘പട്ടയമില്ലാത്തതിനാല്‍ വിദ്യാഭ്യാസത്തിനും ജോലിക്കും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ പോലും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.  ആനുകൂല്യങ്ങളും ലോണും നിഷേധിച്ചതും ഈ കാരണത്താലാണ്.  ഇപ്പോള്‍ ഇവിടെ താമസിക്കുമ്പോള്‍ വാടക വീട്ടില്‍ കഴിയുന്ന പോലെ ആണ്. പട്ടയം ലഭിച്ചാല്‍ ഈ  പ്രശ്‌നങ്ങളെല്ലാം അവസാനിക്കും,’ താമസക്കാരനായ റഷീദ് പറയുന്നു. പട്ടയം നല്‍കുന്നുണ്ടെന്ന  വാര്‍ത്ത അറിയാന്‍ മാത്രമായി പത്രം വാങ്ങാറാണെന്നും ഇപ്പോള്‍ കേട്ട വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണെന്നും റഷീദ് പറഞ്ഞു.
പട്ടയം ലഭിച്ചു കഴിഞ്ഞാല്‍ പഞ്ചായത്തില്‍ നിന്നും സഹായങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സുനാമി കോളനിയിലെ താമസക്കാരിയായ ലീല പറയുന്നു. പട്ടയം ലഭിക്കുന്നതോടെ സ്വന്തം വീടാണെന്ന ധൈര്യത്തില്‍ ഇവിടെ താമസിക്കാന്‍ കഴിയും. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പെന്‍ഷനെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് പോകുന്നത്.
സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന നാരായണിയമ്മയുടെ പത്ത് വര്‍ഷമായിട്ടുള്ള കാത്തിരിപ്പാണ് പട്ടയം ലഭിക്കുന്നതോടെ പൂര്‍ത്തിയാവുന്നത്.
പട്ടയം ലഭിക്കുന്നതോടെ കോളനിയിലേക്കുള്ള റോഡ് സൗകര്യവും, മാലിന്യസംസ്‌കരണ സംവിധാനവും, തെരുവ് വിളക്കും, കുട്ടികള്‍ക്കായി ലൈബ്രറി സംവിധാനവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോളനി വാസികള്‍.
സുനാമി ബാധിതരായ തീരപ്രദേശ വാസികള്‍ക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം നടപ്പിലാക്കിയത്. 2004 ഡിസംബര്‍ 26നാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. നിരവധി വീടുകളും കടകളും മത്സ്യബന്ധന ഉപകരണങ്ങളും കടല്‍ക്ഷോഭത്തില്‍ നഷ്ട്ടപ്പെട്ടു.
Comments

COMMENTS

error: Content is protected !!