ലൈഫ് ഭവന പദ്ധതി രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക ഉടൻ

ലൈഫ്‌ ഭവന പദ്ധതിയുടെ രണ്ടാംഘട്ടം  ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നു. അടുത്ത സാമ്പത്തിക വർഷം ഈ പട്ടികയിൽനിന്നാകും വീട്‌ നൽകുക. അപേക്ഷകളുടെ സൂക്ഷ്‌മ പരിശോധനയ്‌ക്കുള്ള  മാർഗരേഖയുടെ കരട്‌  തയ്യാറാക്കാൻ ‘കില’യുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു സമിതി രൂപീകരണം. തദ്ദേശ, ധനവകുപ്പുകൾ, ആസൂത്രണ ബോർഡ്‌ പ്രതിനിധികളടങ്ങിയ സമിതി പദ്ധതിയുടെ സാമ്പത്തിക വശവും പരിശോധിക്കും.

രണ്ടാംഘട്ടം ലൈഫിൽ  9,20,261 അപേക്ഷയാണ്‌ ലഭിച്ചത്‌. വർഷം ഒരു ലക്ഷം വീട്‌ എന്ന നിലയിൽ അഞ്ച്‌ ലക്ഷം വീടാണ്‌ സർക്കാർ  രണ്ടാം ഘട്ടമായി പ്രഖ്യാപിച്ചത്‌.  ആദ്യഘട്ടത്തിന്‌ സമാനമായി ഗ്രാമ, -വാർഡ്‌ സഭകളാണ്‌ ഗുണഭോക്തൃ പട്ടികയ്‌ക്ക്‌ അന്തിമ അനുമതി നൽകേണ്ടത്‌.

അപേക്ഷകൾ തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുണ്ട്‌. സൂക്ഷ്‌മ പരിശോധന നടത്തി  തയ്യാറാക്കിയ പട്ടികയാണ്‌ ഗ്രാമ, വാർഡ്‌  സഭകളുടെ അനുമതിക്ക്‌ സമർപ്പിക്കേണ്ടത്‌. ഇതിനുള്ള മാനദണ്ഡമാണ്‌ തയ്യാറാക്കുന്നത്‌.  മാർഗരേഖ തദ്ദേശ വകുപ്പ്‌ പുറത്തിറക്കും. ഇതിന്‌ മന്ത്രിസഭയുടെ അനുമതിയും വേണം.

ഭൂമിയുള്ള ഭവന രഹിതർ, ഭൂമിയും വീടും ഇല്ലാത്തവർ എന്നിങ്ങനെ വേർതിരിച്ചുള്ള ഗുണഭോക്തൃ പട്ടികയാകും തയ്യാറാക്കുക. അപേക്ഷകരുടെ വരുമാനം, ദുർബല സാഹചര്യങ്ങൾ, രോഗം, വിധവ, ഭിന്നശേഷിക്കാരുള്ള കുടുംബം തുടങ്ങിയവ  മാനദണ്ഡങ്ങളാകും. പ്രത്യേക മാനദണ്ഡങ്ങൾ ആവശ്യമുണ്ടെങ്കിൽ അവയും തീരുമാനിക്കും. ഓരോന്നിനും നൽകേണ്ട മാർക്കും നിശ്‌ചയിക്കും.

 

Comments

COMMENTS

error: Content is protected !!