വടക്കഞ്ചേരി ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ ജീവന്‍ പൊലിയാനിടയാക്കിയ ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

മരിച്ച ഓരോ വ്യക്തിയുടേയും അടുത്ത ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്നാണ് കൈമാറുക. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

‘കേരളത്തിലെ പാലക്കാട് ജില്ലയിലുണ്ടായ റോഡപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു’, പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.

ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. വടക്കഞ്ചേരിയില്‍ വെച്ച് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ പിന്നില്‍ ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. അപകടത്തില്‍ അഞ്ചുവിദ്യാര്‍ഥികളും ഒരു അധ്യാപകനും മരിച്ചു. കൂടാതെ കെഎസ്ആര്‍ടിസി ബസിലെ യാത്രികരായ മൂന്ന് പേരും മരിക്കുകയുണ്ടായി.

Comments
error: Content is protected !!