വരേണ്യ വര്‍ഗ്ഗത്തിനായി നിലകൊളളുന്ന പിണറായി സര്‍ക്കാറിന്റെത് തീവ്ര വലതു പക്ഷ നയം- വി ഡി സതീശന്‍
കൊയിലാണ്ടി: സ്‌കൂള്‍ കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കാനുളള വക കണ്ടെത്താന്‍ കഴിയാതെ പ്രധാനാധ്യാപകര്‍ നെട്ടോട്ടമോടുന്ന സംസ്ഥാനത്താണ് ഒരു ലക്ഷത്തി അറുപതിനായിരം കോടി രൂപ ചെലവില്‍ കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ റെയില്‍ പദ്ധതിക്കെതിരെ നന്തി ബസാറില്‍ യു ഡി എഫ് സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി പൗരപ്രമുഖരുടെ പിന്തുണ തേടുമ്പോള്‍, യു ഡി എഫ് അടിസ്ഥാന വര്‍ഗ്ഗങ്ങളോടും സാധാരാണക്കാരോടുമാണ് വിനാശകരമായ ഈ പദ്ധതിക്കെതിരെ സംസാരിക്കുന്നത്. ഒരു ലക്ഷത്തി പതിനായിരം കോടി രൂപ ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൊണ്ടുവരാന്‍ ആലോചിച്ചപ്പോള്‍ ആ പദ്ധതി വരേണ്യ വര്‍ഗ്ഗത്തിന് വേണ്ടിയാണെന്നാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും മറ്റ് നേതാക്കളും കുറ്റപ്പെടുത്തിയത്. കേരളത്തില്‍ കോടികള്‍ ചെലവഴിച്ച് കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് യച്ചൂരി വ്യക്തമാക്കണം. കെ റെയില്‍ പദ്ധതി പൂര്‍ത്തീയാക്കണമെങ്കില്‍ രണ്ട് ലക്ഷത്തിലധികം കോടി രൂപ ചെലവഴിക്കേണ്ടി വരും.ജപ്പാന്‍ കമ്പനിയായ ജൈക്കയ്ക്ക് കേരളത്തെ പണയപ്പെടുത്താനുളള ഗൂഢനീക്കമാണ് തീവ്ര വലതു പക്ഷ സ്വഭാവമുളള പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. കെ റെയില്‍ പദ്ധതിയുടെ ഡി പി ആര്‍ അബദ്ധ പഞ്ചാംഗമാണ്. ഒരു ചെറിയ പാലം നിര്‍മ്മിക്കണമെങ്കില്‍ പോലും മണ്ണ് പരിശോധനയും പരിസ്ഥിതി സാമൂഹികാഘാത പഠനവും ജിയോളജിക്കല്‍ റിപ്പോര്‍ട്ടുമെല്ലാം വേണം. 1.60 ലക്ഷം കോടി ചെലവഴിക്കുന്ന കെ റെയില്‍ പദ്ധതിയ്ക്ക് ഇത്തരം പഠന റിപ്പോര്‍ട്ടുകളുടെയൊന്നും പിന്‍ബലവുമില്ല. പാറ ക്ഷാമം കാരണം വിഴിഞ്ഞം പദ്ധതിയ്ക്ക് 3000 മീറ്റര്‍ കടല്‍ ഭിത്തി കെട്ടുന്ന പ്രവൃത്തി രണ്ട് വര്‍ഷമായി മുടങ്ങി കിടപ്പാണ്. അപ്പോള്‍ കെ റെയില്‍ പദ്ധതിയ്ക്ക് 5.30,000 മീറ്റര്‍ നീളത്തില്‍ മതില്‍ കെട്ടണമെങ്കില്‍ അതിനുളള പാറ എവിടുന്നു കിട്ടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മധ്യ തിരുവിതാംകൂറില്‍ ഇതിനുളള പാറ കണ്ടെത്തുമെന്ന് പറഞ്ഞു തടിയൂരുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
പോലീസ് വാഹനങ്ങള്‍ക്ക് ഡീസലടിക്കാന്‍ പോലും വകയില്ലാത്ത സര്‍ക്കാരാണ് ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത പദ്ധതിയുമായി വരുന്നത്. കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അഹങ്കാരത്തിന്റെയും ധാര്‍ഷ്ഠ്യത്തിന്റെയും ഭാഷയില്‍ പിണറായി വിജയന്‍ പറയുമ്പോള്‍,വിനയത്തോടെ യുഡിഎഫ് പറയുന്നത് ഈ പദ്ധതി ഒരിക്കലും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
ചടങ്ങിൽ മഠത്തില്‍ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീര്‍,ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍, ടി ടി ഇസ്മയില്‍, കെ ബാലനാരായണന്‍, എം എ റസാഖ്, മഠത്തില്‍ നാണു, നെലന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.