വര്‍ക്കലയില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വര്‍ക്കല അയന്തിയിലാൽ  ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറിക്കട നടത്തുന്ന ചെറുവന്നിയൂര്‍ രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്.  

പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഖില്‍ (25), മൂത്ത മകൻ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. നിഹുല്‍ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്.

വീടിന് തീപിടിച്ചത് ഷോര്‍ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം. എ.സിയില്‍ ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായെന്നാണ് കരുതുന്നത്. മൂന്നുകിടപ്പുമുറികളിലെയും എ.സി കത്തിയ നിലയിലാണ്. മുറികളില്‍ നിന്ന് തീ താഴെയുണ്ടായിരുന്ന ബൈക്കുകളിലേക്ക് പടര്‍ന്നെന്നും നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ദുരന്തതീവ്രത കൂട്ടിയത് പുകയാണെന്നും പുക ശ്വസിച്ചാകാം അഞ്ചുപേരും മരിച്ചതെന്നും പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാന്‍ വിശദഅന്വേഷണം വേണമെന്ന് ഫയര്‍ഫോഴ്സും വ്യക്തമാക്കി.

പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. അഗ്നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തുകയായിരുന്നു. വീടിന്റെ മുഴുവന്‍ മുറികളിലേയ്ക്കും തീ പടര്‍ന്നിരുന്നു. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. പോർച്ചിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Comments

COMMENTS

error: Content is protected !!