നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി. ജസ്‌ററിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. തുടരന്വേഷണത്തിന് അടുത്ത മാസം പതിനഞ്ചു വരെ ഹൈക്കോടതി സമയം അനുവദിച്ചു.  ഇതോടെ ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അതിന് താന്‍ സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിലെ തുടരന്വേഷണവുമായി മുന്നോട്ടുപോയത്.
തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നീട്ടാനാണ് തുടരന്വേഷണമെന്നും ഇതു നിയമപരമല്ലെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിനു സമയപരിധി നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 

പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന നടി ചൂണ്ടിക്കാട്ടിയിരുന്നു. 

Comments

COMMENTS

error: Content is protected !!