വളയത്ത് കശുമാവിൻ തോട്ടം കത്തി നശിച്ചു

നാദാപുരം: വളയം നിരവുമ്മലിൽ കശുമാവിൻ തോട്ടത്തിൽ തീപടന്നു. മൂന്ന് ഏക്കർ തോട്ടം കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം. തോട്ടത്തിൽ സൂപ്പി ഹാജി, സഹോദരൻ അബ്ബാസ് തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളാണ് കത്തിനശിച്ചത്. വിളവെടുത്തുകൊണ്ടിരുന്ന നൂറോളം കശുമാവുകൾ കത്തിനശിച്ചു. രണ്ട് തവണയായാണ് തീ പടർന്ന് പിടിച്ചത്. ആദ്യം സൂപ്പി ഹാജിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലായിരുന്നു തീപിടിച്ചത്. അഗ്നിരക്ഷാസേനയും നാട്ടുകാരും തീയണച്ച് മടങ്ങിയെങ്കിലും ഉച്ചക്ക് രണ്ട് മണിയോടെ വീണ്ടും തീ പിടിക്കുകയായിരുന്നു. കശുവണ്ടി തോട്ടങ്ങളോട് ചേർന്ന വീടുകളിലേക്ക് തീപടരുന്ന സാഹചര്യം ഉണ്ടായതോടെ രണ്ട് യൂനിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി തീയണച്ചു. റോഡിനോട് ചേർന്ന ഭാഗത്തുനിന്നാണ് തോട്ടത്തിൽ തീപടർന്നതെന്ന് നാട്ടുകാർ പറയുന്നു. അഗ്നിരക്ഷാസേന ഓഫിസർ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ നേരം കഠിനാധ്വാനം ചെയ്താണ് തീയണച്ചത്. ആവശ്യത്തിന് വെള്ളം കിട്ടാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു.

Comments

COMMENTS

error: Content is protected !!