വവ്വാലുകൾക്ക് വലവിരിക്കുന്നു. പൂനയിൽ നിന്നുളള വിദഗ്ധർ ചാത്തമംഗലത്ത്

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളുടെ ഭാഗമായി പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘാംഗങ്ങൾ എത്തി. ഇവരുടെ സാന്നിധ്യത്തിൽ വനംവകുപ്പുദ്യോഗസ്ഥർ വവ്വാലുകളെ പിടിക്കും. പരിശോധനയ്ക്കായുള്ള സാമ്പിൾ ശേഖരിക്കാൻ മാത്രമാണിത്

നിപ ബാധിച്ചുമരിച്ച വിദ്യാർഥി ചാത്തമംഗലം പാഴൂർ മുന്നൂരിലെ മുഹമ്മദ് ഹാഷിമിന്റെ വീട്ടുപറമ്പിലും വവ്വാലുകളുടെ ആവാസസ്ഥലത്തും സംഘം പരിശോധന നടത്തി. ചേന്ദമംഗലത്തും കൊടിയത്തൂരിലും സംഘമെത്തി. വവ്വാലുകൾ പറക്കുന്ന പാതയും സമ്പർക്കസാധ്യതയും വിലയിരുത്തി. വീട്ടുപറമ്പിലെ അടയ്ക്കകൾ വവ്വാലുകൾ കടിച്ചത് വ്യക്തമായതിനാൽ അതിൽനിന്ന് വൈറസ് വ്യാപനമുണ്ടായോ എന്ന് പരിശോധന നടത്തും.

എൻ.ഐ.വി.യിൽ നിന്നുള്ള ബാറ്റ് സർവേസംഘം തലവൻ ഡോ. മംഗേഷ് ഗോഖലെ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാരായ ഡോ. അജേഷ് മോഹൻദാസ്, ഡോ. അരുൺ സത്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ചത്തെ നടപടികൾ. പുണെയിൽനിന്ന് കൂടുതൽ പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച കോഴിക്കോട്ടെത്തും.

 

മൃഗസംരക്ഷണവകുപ്പിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിൽ നിന്നുള്ള വിദഗ്ധസംഘവും എത്തിചേർന്നിട്ടുണ്ട്. ഡിസീസ് ഇൻവെസ്റ്റിഗേഷൻ ചീഫ് ഓഫീസർ ഡോ. മിനി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം വീടും പരിസരവും റമ്പൂട്ടാൻ മരം സ്ഥിതിചെയ്യുന്ന സ്ഥലവും സന്ദർശിച്ചു.

വവ്വാലുകൾ കഴിച്ച് താഴെവീണ അടയ്ക്കയുടെ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.റമ്പൂട്ടൻ മരത്തിനടുത്തേക്കുള്ള വവ്വാലുകളുടെ സഞ്ചാരപാതയ്ക്കരികിൽ കന്നുകാലികളെ മേയ്ക്കുന്നതും മീൻപിടിക്കുന്നതും നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്.

 

 

Comments

COMMENTS

error: Content is protected !!