വസന്ത പുഷ്‌പാഭരണ വിഭൂഷിതയായി ചിങ്ങം

ഇന്ന്‌ ചിങ്ങം ഒന്ന്‌, പ്രകൃതി പുഷ്‌പാഭരണ വിഭൂഷിതയായി വസന്തത്തെ വരവേല്‍ക്കുന്ന മാസം.
ഇന്ന്‌ പുതുവര്‍ഷപ്പുലരി, വറുതിയുടെ മാസങ്ങളെ പിന്നിട്ട്‌ ചേട്ടയെ നാടുകടത്തി, ശരീരവും മനസ്സും പ്രകൃതിയും വസന്തശ്രീയെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു.
ഇനി പേമാരിയും പ്രകൃതിയുടെ കലിതുള്ളിച്ചാട്ടങ്ങളുമില്ല. ചിനുങ്ങി ചിനുങ്ങിപെയ്യുന്ന ചിങ്ങമഴയില്‍ കുതിര്‍ന്ന ഓണവെയില്‍ പ്രകൃതിയെ ഉന്മാദിയാക്കും. ഇത്‌ വിളവെടുപ്പിന്റെ കൂടി മാസമാണ്‌.

 
ഓണമുണ്ണാനുള്ള തവളക്കണ്ണനും ചെറൂറ്റനിയും വെള്ളപുണാരനുമൊക്കെ പാടങ്ങളില്‍ സ്വര്‍ണ്ണ നിറം പൂണ്ട്‌ കാറ്റിലാടിയുലഞ്ഞ്‌ ഉത്സാഹ പ്രഹര്‍ഷങ്ങള്‍ കൈമാറും. ആനക്കൊമ്പുപോലുള്ള നേന്ത്രവാഴക്കുലകള്‍ പഴുത്ത്‌ പാകമാകും.
കദളീവനങ്ങള്‍ ഓണക്കാഴ്‌ചകളുമായി തലകുനിച്ച്‌ നില്‍ക്കും. അത്തച്ചമയങ്ങള്‍ക്കായി ചാണകം മെഴുകി പൂത്തറകള്‍ ഒരുങ്ങും. ഉത്രാടപ്പാച്ചിലും തിരുവോണവും ഇതാ കയ്യെത്തും ദൂരത്ത്‌.

നമുക്ക്‌ വരവേല്‍ക്കാം ചിങ്ങമാസത്തെ, പ്രതീക്ഷയുടെ പുതുവര്‍ഷത്തെ, ചിങ്ങപ്പിറവി ഇത്രയേറെ കാൽപ്പനികമായിരുന്നു നമുക്ക്……. ഇന്നോ??

Comments

COMMENTS

error: Content is protected !!