വാടക വീട്ടിൽ ഏഴംഗ സംഘം നടത്തിയ ആക്രമണത്തിൽ മൂന്നു പേർക്ക് പരുക്ക്

വടകര: പുതുപ്പണം കൊക്കഞ്ഞാത്ത് കുനിയിൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വാടക വീട്ടിൽ ഒരു സംഘം നടത്തിയ ആക്രമണത്തിൽ മൂന്നു പേർക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി താഴെ അങ്ങാടി സ്വദേശി അബ്ദുൽ നാസറിന്റെ കുടുംബം താമസിക്കുന്ന വീട്ടിലാണ് അക്രമം. വീട്ടിൽ ആരെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു പറഞ്ഞാണ് യുവാക്കളായ സംഘം വീട്ടിലേക്ക് തള്ളിക്കയറിയത്. വാതിൽ കൊണ്ട് തടുത്തെങ്കിലും തള്ളിമാറ്റി മുറി മുഴുവൻ പരിശോധിച്ചു. ഒളിപ്പിച്ച ആളെ പുറത്തിറക്കണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ സ്ത്രീകൾ പുറത്തിറങ്ങി ഒച്ച വച്ചു. സംഭവം അറിഞ്ഞ് എത്തിയ വീട്ടുടമയ്ക്കും മകനും അയൽവാസിക്കുമാണ് പരുക്കേറ്റത്.  അക്രമി സംഘത്തിൽ ഏഴ് പേരുണ്ടായിരുന്നു.

 

വീട്ടുടമ എലിമ്പന്റവിട സുഗുണൻ, മകൻ അമൽ, അയൽവാസിയും മൽസ്യ വ്യാപാരിയുമായ ലക്ഷ്മി നിവാസിൽ ബാബു എന്നിവർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ അക്രമികൾ സ്ത്രീകളെ ഭീഷണിപ്പെടുത്തി ബഹളം വച്ചപ്പോഴാണ് മറ്റുള്ളവർ സ്ഥലത്തെത്തിയത്. 

പട്ടികയും മരക്കഷണവും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സുഗുണൻ തലകറങ്ങി വീണിട്ടും മർദനം തുടർന്നു. അമലിന്റെയും ബാബുവിന്റെ എല്ല് ഒടിയുകയും തലയ്ക്കും ദേഹത്തും സാരമായ മുറിവേൽക്കുകയും ചെയ്തു. സുഗുണന്റെ കണ്ണിനും തലയ്ക്കും ചെവിക്കും ദേഹത്തുമാണ് പരുക്ക്. ഇവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിൽ പുത്രാം വീട്ടിൽ ശ്യാം മോഹൻ, നിടുംകുനിയിൽ അഖിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  അക്രമം നടത്തുകയും വിവരം അറിഞ്ഞെത്തിയ മൂന്നു പേരെ മാരകമായി പരുക്കേൽപിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കേസിൽ അഞ്ചു പേരെ കൂടി കിട്ടാനുണ്ട്.

അക്രമം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കെ.കെ.രമ എം എ‍ൽ എ ആവശ്യപ്പെട്ടു. വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും സംഭവം അറിഞ്ഞെത്തിയ വീട്ടുടമയെയും മകനെയും അയൽക്കാരനെയും ക്രൂരമായി ആക്രമിക്കുകയും ചെയ്തവരെപ്പറ്റിയുള്ള എല്ലാ വിവരവും പൊലീസിന് നൽകിയിട്ടുണ്ട്. മർദനത്തിൽ പരുക്കേറ്റവരെയും അക്രമം നടന്ന വീടും രമ സന്ദർശിച്ചു. 

അക്രമികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ജനതാ ലേബർ യൂണിയൻ സംസ്ഥാന ട്രഷറർ വിനോദ് ചെറിയത്ത് ആവശ്യപ്പെട്ടു.

 

Comments

COMMENTS

error: Content is protected !!