വിദേശത്ത് നിന്ന് പാഴ്‌സലായി 70 എല്‍എസ്ഡി സ്റ്റാമ്പ്; കൂത്തുപറമ്പില്‍ യുവാവ് അറസ്റ്റില്‍

നെതര്‍ലന്‍ഡ്‌സില്‍ നിന്ന് കൂത്തുപറമ്പിലേക്ക് പാഴ്‌സലായി എത്തിയ മയക്കുമരുന്ന് പിടിച്ചെടുത്ത് എക്‌സൈസ് സംഘം. 70 എല്‍.എസ്.ഡി (ലൈസര്‍ജിക് ആസിഡ് ഡൈ ഈഥൈല്‍ അമൈഡ്) സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് മയക്കുമരുന്ന് വരുത്തിയ പാറാല്‍ ശ്രീശൈലം വീട്ടില്‍ കെ.പി ശ്രീരാഗിനെ (26)യാണ് അറസ്റ്റ് ചെയ്തത്.

ഡാര്‍ക് വെബില്‍ പ്രത്യേക അക്കൗണ്ടുണ്ടാക്കി ബിറ്റ്കോയിന്‍ നല്‍കിയാണ് ശ്രീരാഗ് 70 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ വാങ്ങിയത്. 99 ഡോളറായിരുന്നു വില. 2000 മുതല്‍ 7000 രൂപയ്ക്കാണ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നത്. ദീര്‍ഘ നേരം ലഹരി ലഭിക്കുമെന്നതിനാല്‍ എല്‍.എസ്.ഡി സ്റ്റാമ്പിന് ആവശ്യക്കാര്‍ ഏറെയാണെന്ന് എക്സൈസ് സംഘം പറഞ്ഞു.

കൂത്തുപറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഞ്ചാവ് കൈവശംവെച്ചതിന് ശ്രീരാഗിന്റെ പേരില്‍ മുന്‍പും കൂത്തുപറമ്പ് എക്സൈസ് കേസെടുത്തിട്ടുണ്ട്. തുടരന്വേഷണം കണ്ണൂര്‍ അസി. എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടക്കുകയാണ്.

വെള്ളിയാഴ്ചയാണ് കൂത്തുപറമ്പ് പോസ്റ്റ് ഓഫീസില്‍ ശ്രീരാഗിന്റെ വിലാസത്തില്‍ പാഴ്‌സല്‍ എത്തിയത്. ഒരുവശം കീറിയ നിലയില്‍ പാഴ്‌സല്‍ കണ്ടതോടെ സംശയം തോന്നിയ പോസ്റ്റ് ഓഫീസ് അധികൃതര്‍ എക്സൈസ് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എസ് ജനീഷിന്റെ സാന്നിധ്യത്തില്‍ പാഴ്‌സല്‍ പരിശോധിച്ചപ്പോള്‍ 70 ഓളം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കണ്ടെത്തി. തുടര്‍ന്ന് മഫ്തിയിലെത്തിയ പ്രത്യേക സംഘം ശ്രീരാഗിനെ വീടിന് സമീപത്തു നിന്ന് പിടിക്കുകയായിരുന്നു.

Comments

COMMENTS

error: Content is protected !!