വിദ്യാർഥിനി ഗർഭിണിയായ കേസിൽ 18 കാരന് ജാമ്യം – ഡി.എൻ.എ നെഗറ്റീവ്

പതിനേഴ് വയസ്സുകാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന യുവാവിന് ജാമ്യം. ഡിഎന്‍എ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് പതിനെട്ട് വയസ്സുകാരനായ ശ്രീനാഥിന് കോടതി ജാമ്യം അനുവദിച്ചത്. സ്വന്തം ജാമ്യത്തിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയും മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയുമായ ശ്രീനാഥിനെ പോക്സോ കോടതി ജാമ്യത്തില്‍ വിട്ടത്. പീഡനത്തിന് ഇരയായി ഗർഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ശ്രീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജുലൈ 22 നാണ് ശ്രീനാഥ് റിമാന്‍ഡിലായത്. അറസ്റ്റിലായ ഘട്ടത്തില്‍ തന്നെ ശ്രീനാഥ് പെണ്‍കുട്ടിയുടെ ആരോപണം നിഷേധിച്ചിരുന്നു. തുടന്ന് ഇയാളുടെ കൂടെ അപേക്ഷയെ തുടര്‍ന്നാണ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പൊലീസ് തയ്യാറായത്.

പോക്സോ വകുപ്പിന് പുറമെ 346,376,342 ഐപിസി വകുപ്പുകളും ശ്രീനാഥിനെതിരെ പൊലീസ് ചുമത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ സ്കൂളില്‍ നിന്നും സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് വന്ന വിദ്യാര്‍ത്ഥിനിയെ പ്രതി സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. ഡിഎന്‍എ പരിശോധനാ ഫലം വന്നതോടെ കേസ് അന്വേഷിച്ച തിരൂരങ്ങളാടി പൊലീസും വെട്ടിലായി. കേസില്‍ മറ്റ് പ്രതികളെ മൊഴിയില്‍ വൈരുധ്യമോ ഉണ്ടോയെന്ന് കണ്ടെത്താന്‍ തുടരന്വേഷണം നടക്കുന്നുണ്ടെന്നാണ് തിരൂരങ്ങാടി പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം, ശ്രീനാഥിനെതിരെ മറ്റ് വകുപ്പുകളില്‍ അന്വേഷണം തുടരുമെന്ന സൂചനയും പൊലീസ് നല്‍കുന്നു. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു ശ്രീനാഥിന്‍റെ പ്രതികരണം. കുറ്റം ചെയ്യാത്ത തന്റെ മേലില്‍ കുറ്റം അടിച്ചേല്‍പ്പിക്കാന്‍ പൊലീസ് ശ്രമിക്കുകയായിരുന്നു. അവര്‍ ചോദിച്ചപ്പോഴെല്ലാം എനിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നും പറഞ്ഞിരുന്നു. തന്റെ വാദം പൊലീസ് അംഗീകരിക്കാതെ വന്നതോടെയാണ് ഡിഎന്‍എ ടെസ്റ്റിന് ആവശ്യപ്പെട്ടത്. പൊലീസിന്‍റെ ഭാഗത്ത് നിന്നും ക്രൂരമായ പെരുമാറ്റങ്ങള്‍ ഉണ്ടായി. എന്തുകൊണ്ടാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണം വന്നതെന്ന് അറിയില്ലെന്നും ശ്രീനാഥ് പറഞ്ഞു. പൊലീസില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കേള്‍വിക്കുറവുണ്ട്. പരാതിക്കാരിയായ പെണ്‍കുട്ടിയെ പരിചയമുണ്ട്. യഥാര്‍ത്ഥ പ്രതിയെ ഉടന്‍ കണ്ടെത്തണമെന്ന് ശ്രീനാഥിന്‍റെ കുടുംബവും ആവശ്യപ്പെട്ടു.

Comments
error: Content is protected !!