DISTRICT NEWSTHAMARASSERI
വിപിൻരാജിന് നാടിന്റെ യാത്രാമൊഴി
ബാലുശ്ശേരി: വ്യാഴാഴ്ച രാത്രി ബാലുശ്ശേരി ബസ്‌സ്റ്റാൻഡിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കുഴിയിൽവീണ് മരിച്ച എമ്മംപറമ്പ് കാർത്തികയിൽ വിപിൻരാജിന് (28) നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാെമാഴി. വോൾഗാ ലൈബ്രറി പരിസരത്ത് പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് നാട്ടുകാരാണ് വിപിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. പുരുഷൻ കടലുണ്ടി എം.എൽ.എ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് എന്നിവരും അന്തിമാഞ്ജലി അർപ്പിച്ചു.
അതേസമയം വിപൻരാജിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ലിഫ്റ്റിനു വേണ്ടിയുണ്ടാക്കിയ കുഴിയിൽ അബദ്ധത്തിൽ വീണാണ് അപകടം സംഭവിച്ചതെന്നും ബാലുശ്ശേരി പോലിസ് എസ്.ഐ. സായൂജ് അറിയിച്ചു. ബസ്‌സ്റ്റാൻഡിലെ തട്ടുകടയിൽനിന്ന് സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ഫോൺ ചെയ്യുന്നതിനായി തൊട്ടടുത്ത കെട്ടിടത്തിലേക്ക് പോയപ്പോഴായിരുന്നു അപകടം. ബസ്‌സ്റ്റാൻഡിൽനിന്ന് കെട്ടിടത്തിനകത്തേക്ക് കയറുന്ന പടിയോട് ചേർന്നായിരുന്നു കുഴി. കെട്ടിടത്തിൽ വെളിച്ചമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കുഴിയിൽനിന്ന് പുറത്തെടുത്തത്. ഡിവൈ.എഫ്.ഐ. ഉണ്ണികുളം മേഖലാ പ്രസിഡന്റായ വിപിൻരാജ് സാമൂഹിക പ്രവർത്തകനും മികച്ച ക്രിക്കറ്റ്, ഫുട്ബോൾ കളിക്കാരനുമായിരുന്നു.
Comments