SPECIAL

വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ തനിച്ചാക്കി എല്ലാവരും പോയി; ഞെട്ടിയുണര്‍ന്നപ്പോള്‍ സംഭവിച്ചത്

ടൊറോന്റോ: വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ തനിച്ചാക്കി ക്യാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സ്ഥലംവിട്ടു. ഒടുവില്‍ റണ്‍വേയില്‍നിന്ന് ഏറെ അകലെയായി നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍നിന്ന് യുവതി രക്ഷപ്പെട്ടത്  അതിസാഹസികമായി. കാനഡയിലെ ടൊറാന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ മാസം ആദ്യമായിരുന്നു സംഭവം.

 

എയര്‍ കാനഡ വിമാനത്തില്‍ ക്യൂബെക്കില്‍നിന്ന് ടൊറോന്റോയിലേക്ക്  യാത്രചെയ്ത ടിഫാനി ആദംസ് എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ഈ മാസമാദ്യം നടന്ന സംഭവത്തെക്കുറിച്ച് ടിഫാനിയുടെ സുഹൃത്ത് എയര്‍ കാനഡയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

 

ക്യൂബെക്കില്‍നിന്ന് യാത്രതിരിച്ച ടിഫാനി വിമാനത്തില്‍വച്ച് ഉറങ്ങിപ്പോയിരുന്നു. എന്നാല്‍ വിമാനം ടൊറാന്റോ വിമാനത്താവളത്തിലെത്തിയിട്ടും യുവതിയെ വിളിച്ചുണർത്താൻ ജീവനക്കാര്‍ മറന്നുപോയി. വിമാനത്തിലെ മറ്റു യാത്രക്കാരും ടിഫാനിയെ ശ്രദ്ധിച്ചില്ല. തുടര്‍ന്ന് വിമാനത്തിലെ കൂരിരുട്ടിലേക്കാണ് ടിഫാനി ഉറക്കമുണര്‍ന്നത്. കണ്ണു തുറന്നപ്പോള്‍ ചുറ്റും ഇരുട്ടായതിനാല്‍ സ്വപ്‌നമാണെന്നായിരുന്നു ആദ്യം കരുതിയത്. താന്‍ മാത്രമേ വിമാനത്തിനകത്തുള്ളൂവെന്ന് അല്പസമയത്തിനകം മനസിലായി.

 

പരിഭ്രാന്തയായ ടിഫാനി ഉടന്‍തന്നെ മൊബൈലില്‍ സുഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്ററി ചാര്‍ജ് ഇല്ലാത്തതിനാല്‍ ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിമാനത്തില്‍ വൈദ്യുതിയുണ്ടായിരുന്നില്ല.

 

തുടര്‍ന്ന് വിമാനത്തിനുള്ളിലെ കൂരിരുട്ടില്‍ ടിഫാനി കോക്പിറ്റിലെത്തി. അവിടെനിന്ന് ഒരു ടോര്‍ച്ച് ലഭിച്ചത് സഹായകമായി. ടോര്‍ച്ച് തെളിച്ച് വിമാനത്തിന്റെ വാതില്‍ ബലമായി തുറന്നെങ്കിലും താഴോട്ടുനോക്കിയപ്പോള്‍ ഭയന്നുപോയി. ഏകദേശം അമ്പതടിയോളം ഉയരത്തില്‍നിന്ന് താഴേക്ക് ചാടാന്‍ യുവതി ഭയപ്പെട്ടു. ഇതോടെ കൈയിലെ ടോര്‍ച്ച് തെളിയിച്ച് വിമാനത്താവളത്തിലെ ജീവനക്കാരെ വിവരമറിയിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെത്തിയാണ് ടിഫാനിയെ സുരക്ഷിതമായി വിമാനത്തില്‍നിന്ന് പുറത്തെത്തിച്ചത്.

 

യുവതിക്കുണ്ടായ ദുരനുഭവത്തില്‍ എയര്‍ കാനഡ പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. അതേസമയം, വിമാനത്തിലെ സംഭവത്തിനുശേഷം രാത്രികാലങ്ങളില്‍ ഭീകരസ്വപ്‌നങ്ങള്‍ കാരണം ഉറക്കം നഷ്ടപ്പെട്ടെന്നാണ് യുവതിയുടെ വാദം.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button