വീണ്ടും ദുരഭിമാനക്കൊല; വിരുന്നിന് വിളിച്ചുവരുത്തി സഹോദരിയേയും ഭര്‍ത്താവിനേയും വെട്ടിക്കൊലപ്പെടുത്തി
തമിഴ്‌നാട്: ഇതര സമുദായത്തില്‍പെട്ട രണ്ടുപേര്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പകമൂലം നവ വധൂവരന്‍മാരെ ഭാര്യ സഹോദരനും മറ്റൊരാളും ചേർന്ന് വെട്ടിക്കൊന്നു മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു . തമിഴ്‌നാട്ടിലെ കുംഭകോണത്ത് തിങ്കളാഴ്ചയാണ് സംഭവം. കുംഭകോണം തുളുക്കവേലി സ്വദേശിനി ശരണ്യ(24), പൊന്നൂര്‍ സ്വദേശി വി.മോഹന്‍(31) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ചെന്നൈയില്‍ നേഴ്‌സായ ശരണ്യ, സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മോഹന്‍ എന്നിവര്‍ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ആറ് മാസ്ത്തിലേറെയായി പ്രണയത്തിലായിരുന്ന രണ്ടുപേരും കഴിഞ്ഞയാഴ്ചയാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇതര സമുദായത്തില്‍ പെട്ടവരായതിനാല്‍ ശരണ്യയുടെ വീട്ടുകാര്‍ വലിയ എതിര്‍പ്പിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് വിരുന്നിനെന്ന് പറഞ്ഞ് രണ്ടുപേരേയും വിളിച്ച് വരുത്തിയത്. ഭക്ഷണ ശേഷം ചെന്നൈയിലേക്ക് മടങ്ങാനിരിക്കുന്നതിനിടെ ശരണ്യയുടെ സഹോദരന്‍ ശക്തിവേല്‍, ബന്ധു രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് രണ്ടുപേരേയും വടിവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവശേഷം ഇരുവരും സ്ഥലത്ത്‌നിന്നും കടന്നുകളഞ്ഞെങ്കിലും കുംഭകോണം ബസ് സ്റ്റാന്‍ഡില്‍ വെച്ച് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.