വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പുതിയ നേട്ടം കൈവരിച്ച് ഖത്തര്‍

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പുതിയ നേട്ടം കൈവരിച്ച് ഖത്തര്‍. മുതിര്‍ന്നയാളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയിലേക്ക് വൃക്ക മാറ്റിവെക്കുന്ന ആദ്യ ശസ്ത്രക്രിയയാണ് ഖത്തറിലെ സിദ്റ മെഡിസിന്‍ ഹോസ്പിറ്റല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

 

മുഹമ്മദ് എന്ന അഞ്ചു വയസുകാരനാണ് മാതാവിന്റെ വൃക്ക മാറ്റിവെച്ചത്. ഇരുവൃക്കകളും പൂര്‍ണമായും തകരാറിലായത് മൂലം ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തിപ്പോന്ന മുഹമ്മദിന് തന്റെ ഒരു വൃക്ക മാറ്റിവെക്കാന്‍ മാതാവ് റബാബ് അബ്ദുല്‍സലാം തയ്യാറാവുകയായിരുന്നു. മുതിര്‍ന്നയാളില്‍ നിന്നും കുട്ടിയിലേക്ക് വൃക്ക മാറ്റിവെക്കുന്ന രാജ്യത്തെ ആദ്യ ശസ്ത്രക്രിയയാണ് സിദ്ര ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. പൊതുമേഖലാ ആശുപത്രിയായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ വിദഗ്ദ്ധ ഡോക്ടര്‍മാരും കൂടിച്ചേര്‍ന്ന സംഘം മൂന്ന് മാസമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

 

കഴിഞ്ഞ ഏപ്രില്‍ 16ന് മാതാവില്‍ നിന്ന് വൃക്ക വേര്‍പ്പെടുത്തുകയും ഇക്കഴിഞ്ഞ മെയ് 8ന് മകനില്‍ മാറ്റിവെക്കുകയും ചെയ്തു. കുട്ടി പൂര്‍ണമായും ആരോഗ്യവാനാണെന്ന് സിദ്ര ഹോസ്പിറ്റലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മകന്റെ ജീവിതം തിരിച്ചുതന്ന ആശുപത്രി അധികൃതരോടും ഖത്തര്‍ സര്‍ക്കാരിനോടും കുട്ടിയുടെ പിതാവ് താഹിര്‍ ഹസ്നൈന്‍ നന്ദി പറഞ്ഞു. തന്റെ ഭാര്യ സന്നദ്ധയായത് പോലെ എല്ലാവരും അവയവദാനത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

 

2012 ല്‍ അവയവദാന രജിസ്ട്രേഷന്‍ ആരംഭിച്ചതിന് ശേഷം രാജ്യത്ത് മൂന്ന് ലക്ഷത്തി നാല്‍പ്പത്തിയയ്യാരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സംരംഭത്തില്‍ സിദ്റയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ ഡയറക്ടര്‍ ഡോ യൂസഫ് മസ്ലമാനി പറഞ്ഞു. സിദ്റ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുള്ള അല്‍ കഅബി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആക്ടിങ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുള്ള അല്‍ അന്‍സാരി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!