കൊടുംചൂടിനിടെ അസാധാരണ ആലിപ്പഴ വർഷം; അഞ്ചടി ഉയരത്തിൽ മഞ്ഞ്, ആശങ്ക

 

ആലിപ്പഴം പെയ്തു എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വേനൽ മഴയ്ക്കൊപ്പം ചിതറിത്തെറിക്കുന്ന ഐസ് കഷണങ്ങളാണ് ഓടിയെത്തുക. എന്നിൽ മെക്സിക്കോയിലെ ഒരു നഗരത്തിൽ സംഭവിച്ചത് ഇതൊന്നുമല്ലായിരുന്നു. ഒരു പ്രദേശത്തെയാകെ മഞ്ഞിൽ മൂടി പല നാശനഷ്ടങ്ങളും വരുത്തിയാണ് ഇവിടെ ആലിപ്പഴ വർഷം കടന്നു പോയത്.

മെക്സിക്കോയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഗുവാഡലഹാരയിലാണ് ഞായറാഴ്ച കനത്ത ആലിപ്പഴ വീഴ്ചയുണ്ടായത്. വേനലിൽ അപ്രതീക്ഷിതമായെത്തിയ ആലിപ്പഴ വീഴ്ച കൗതുകത്തോടൊപ്പം ആശങ്കയും സമ്മാനിച്ചു. നഗര വീഥികളൊക്കെയും മഞ്ഞു പൊതിഞ്ഞു. ഏകദേശം 5 അടിയോളം ഉയരത്തിലാണ് റോഡിലാകെ മഞ്ഞു നിറഞ്ഞത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ 31 ഡിഗ്രി സെൽഷ്യസിൽ ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കാറ്റും  ആലിപ്പഴ വർഷവുമെത്തിയത്. നിരവധി വാഹനങ്ങൾ ഇതോടെ മഞ്ഞിനടിയിലായി. കനത്ത ആലിപ്പഴ വീഴ്ചയിൽ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. ഏകദേശം ഇരുനോറോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.

 

 

ആലിപ്പഴ വർഷം ഇവിടെ പതിവാണെങ്കിലും ഇത്ര കടുത്ത രീതിയിൽ അനുഭവപ്പെട്ടിട്ടില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.  ഞായറാഴ്ച പുലർച്ചെയാണ് ഗുവാഡലഹാരയിൽ അപ്രതീക്ഷിതമായി കനത്ത ആലിപ്പഴ വർഷമുണ്ടായത്.ആളപായമില്ല. പലയിടത്തും അഞ്ചടിയോളം ഉയരത്തിൽ മഞ്ഞു വീണിരുന്നു.നിരത്തിൽ കിടന്നിരുന്ന വഹനങ്ങൾ പലതും പകുതിയോളം മഞ്ഞിൽ പുതഞ്ഞു. കാറുകൾ മാത്രമല്ല വലിയ ട്രക്കുകളും മഞ്ഞിനടിൽ പെട്ടു. നഗരത്തിൽ ഐസ് നീക്കം ചെയ്യാൻ തുടങ്ങിയതായി അധികൃതർ വ്യക്തമാക്കി. ഈ ഐസെല്ലാം ഉരുകി വെള്ളപ്പൊക്കമുണ്ടാകുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ ജനങ്ങൾ.

എന്താണ് ആലിപ്പഴ വർഷം?

 

ഭൂമിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന ചൂടേറിയ നീരാവി പെട്ടെന്ന് തണുക്കുമ്പോൾ രൂപം കൊള്ളുന്ന ഐസ് രൂപമാണ് ആലിപ്പഴം. ചൂടേറിയ നീരാവി ഭൂമിയിൽ നിന്നും 1-2 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ മുകളിൽ നിന്നും താഴേക്കൊഴുകിക്കൊണ്ടിരിക്കുന്ന തണുത്ത വായുവുമായി സമ്പർക്കത്തിലേർപ്പെടുകയും വളരെപ്പെട്ടെന്ന് തണുത്ത് ചെറിയ ഐസു കട്ടകളായി മാറുകയും ചെയ്യുന്നു. ഈ പ്രക്രിയ തുടരുമ്പോൾ ഐസു കട്ടകളുടെ വലിപ്പവും ഭാരവും കൂടുകയും അത് താഴോട്ടു പതിക്കുകയും ചെയ്യും.

 

പല വലിപ്പത്തിലായി കാണപ്പെടുന്ന ആലിപ്പഴം പൊതുവെ ചെറിയ കഷണങ്ങളായാണു ഭൂമിയിൽ പതിക്കുന്നത്. ഗോളാകൃതിയിൽ നിന്ന് ഉരുകി വരുന്നതിനാൽ അതിനു കൃത്യമായ ആകൃതിയുണ്ടാവാറില്ല. ആലിപ്പഴം വൻതോതിൽ ഭൂമിയിലേക്കു പതിക്കുന്നത് പലപ്പോഴും കൃഷി നാശമുണ്ടാക്കാറുണ്ട്. 1986ൽ ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിൽ 92 പേർ മരിച്ചിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴ വീഴ്ചയായിരുന്നു ഇത്.
Comments

COMMENTS

error: Content is protected !!