വൈക്കം മുഹമ്മദ് ബഷീര്‍ പത്രാധിപരായിരുന്ന ‘ഉജ്ജീവനം’ പത്രത്തെ തീവ്രവാദ സംഘടനയുടെ മുഖപത്രമെന്ന് വിശേഷിപ്പിച്ചതിനെതിരെ പരാതി
വൈക്കം മുഹമ്മദ് ബഷീര്‍ സ്വാതന്ത്ര്യസമരകാലത്ത് പത്രാധിപരായിരുന്ന ‘ഉജ്ജീവനം’ പത്രത്തെ തീവ്രവാദ സംഘടനയുടെ മുഖപത്രമെന്ന് വിശേഷിപ്പിച്ചതിനെതിരെ പരാതി. ‘ഉജ്ജീവനം’ പ്രസാധകന്‍ പി.എ.സൈനുദീന്‍ നൈനയുടെ മകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടിയാണ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്. കോഴിക്കോട് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്കൂളില്‍ നല്‍കിയ ചോദ്യാവലിയിലാണ് വിവാദ പരാമര്‍ശം.
ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി 1930ല്‍ വൈക്കം മുഹമ്മദ് ബഷീര്‍ പത്രാധിപരും പി.എ.സൈനുദ്ദീന്‍ നൈന പ്രസാധകനുമായി ആരംഭിച്ച പത്രമാണ് ഉജ്ജീവനം. വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചും പരാമര്‍ശം പിന്‍വലിക്കാന്‍ നടപടിയാവശ്യപ്പെട്ടും ജമാല്‍ കൊച്ചങ്ങാടി വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കി.
കണ്ണൂര്‍, മട്ടന്നൂര്‍ ബി.ആര്‍.സി ഏഴുവര്‍ഷം മുന്‍പ് തയ്യാറാക്കിയതാണ് ചോദ്യാവലിയെന്നും ഇതുപയോഗിച്ചതില്‍ ജാഗ്രതക്കുറവുണ്ടായി എന്നുമാണ് ഏഴാം ക്ലാസിലെ അധ്യാപകന്‍റെ വിശദീകരണം. സ്വാതന്ത്ര്യസമരത്തിലെ മിതവാദികളെയും തീവ്രവാദികളെയുമാണ് ചോദ്യത്തില്‍ ഉദ്ദേശിച്ചതെന്നും അധ്യാപകന്‍ പറയുന്നു.