ശമ്പളം ട്രഷറി വഴി വേണ്ടെങ്കിൽ എഴുതി നൽകണം

തിരുവനന്തപുരം ∙ ഓഗസ്റ്റ് 1 മുതൽ വിതരണം ചെയ്യുന്ന ശമ്പളം ജീവനക്കാരുടെ ട്രഷറി അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുമെന്നും ഇതു ബാങ്കിലേക്കു മാറ്റണമെന്നുള്ളവർ അടുത്ത മാസം 15നു മുൻപു സാലറി ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാരെ (ഡിഡിഒ) രേഖാമൂലം അറിയിക്കണമെന്നും നിർദേശിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരുടെയും ശമ്പളം ട്രഷറി വഴി വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ മാസത്തിൽ തന്നെ ഇതിനുള്ള നടപടിക്രമങ്ങളെല്ലാം സർക്കാർ പൂർത്തിയാക്കും.

 

∙ ജീവനക്കാരുടെ പേരിൽ ട്രഷറികളിൽ ആരംഭിച്ചു കഴിഞ്ഞ ഇടിഎസ്ബി അക്കൗണ്ടിലാണ് ഓഗസ്റ്റ് 1 മുതൽ ശമ്പളമെത്തുക. ജൂലൈ ഒന്നിനു വിതരണം ചെയ്തു തുടങ്ങുന്ന ജൂൺ മാസത്തെ ശമ്പളം ആദ്യം ഇടിഎസ്ബി അക്കൗണ്ടിലേക്കും തുടർന്നു നിലവിൽ ശമ്പളമെത്തുന്ന ബാങ്ക് അക്കൗണ്ടിലേക്കും മാറ്റി നൽകും.

 

∙ എന്നാൽ, ഓഗസ്റ്റ് 1 മുതൽ‌ ബാങ്ക് അക്കൗണ്ടിലേക്കോ മറ്റ് ട്രഷറി അക്കൗണ്ടുകളിലേക്കോ ശമ്പളം മാറ്റണമെങ്കിൽ ജീവനക്കാരൻ ജൂലൈ 15ന് മുൻപ് ഡിഡിഒയെ അറിയിക്കണം. ഇതിനുള്ള ഫോം ട്രഷറി വെബ്സൈറ്റിലും ട്രഷറി ശാഖകളിലും ലഭിക്കും.

 

∙ ശമ്പളം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റണമെങ്കിൽ ജൂലൈ 25നു മുൻപ് ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ (ബിംസ്) ഡിഡിഒമാർ രേഖപ്പെടുത്തണം. ഇതിനു ശേഷമേ ജൂലൈ മാസത്തെ ശമ്പള ബിൽ ഡിഡിഒമാർ തയ്യാറാക്കാവൂ. ജീവനക്കാരൻ ആവശ്യപ്പെടുന്നതനുസരിച്ച് ശമ്പളത്തിൽ നിന്നു നിശ്ചിത തുക മാത്രമായും ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം.

 

∙ ഇടിഎസ്ബി അക്കൗണ്ടിൽ ഇന്റർനെറ്റ് ബാങ്കിങ്, പാസ്ബുക്ക്, ചെക്ക്ബുക്ക് എന്നിവ ലഭിക്കാൻ ജീവനക്കാർ ഡിഡിഒമാർക്ക് കെവൈസി (നോ യുവർ കസ്റ്റമർ) സമർപ്പിക്കണം. ട്രഷറിയിൽ നിന്നോ ട്രഷറി വെബ്സൈറ്റിൽ നിന്നോ കെവൈസി ഫോം ശേഖരിക്കാം.

 

ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ തന്നെ ട്രഷറിയിൽ നൽ‌കണം. കൈവൈസിയിലും ഇൗ നമ്പർ രേഖപ്പെടുത്തണം. ശമ്പളം കൈപ്പറ്റുന്ന രീതിയിൽ എപ്പോൾ വേണമെങ്കിലും ജീവനക്കാരന് മാറ്റങ്ങൾ വരുത്താം
Comments

COMMENTS

error: Content is protected !!