സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുന്നു. ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ജാഗ്രതയും വർധിക്കുകയാണ്. ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇതിനൊപ്പം എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുമ്പോൾ രണ്ട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ടോ യെല്ലോ അലർട്ടോ ഇല്ലാത്തത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇതുവരെയും മഴ കനക്കുമെന്ന മുന്നറിയിപ്പില്ലാത്തത്.

അതേസമയം 27 ാം തിയതി വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ ഓറഞ്ച് – യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ  ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

Comments

COMMENTS

error: Content is protected !!