സംസ്ഥാന ശിശുക്ഷേമ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
സംസ്ഥാന ശിശുക്ഷേമ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. മൂന്ന് മാസത്തിനകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ പ്രഖ്യാപിക്കാനും കോടതി ഉത്തരവിട്ടു. ജെ എസ് ഷിജു ഖാൻ അടക്കം 7 അംഗങ്ങള വിജയികളായി പ്രഖ്യാപിച്ചത് ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയമനം സംഗിൾ ബെഞ്ച് അസാധുവാക്കിയത്.
ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജെ എസ് ഷിജു ഖാൻ അടക്കം 7 അംഗങ്ങളെ വിജയികളായി പ്രഖ്യാപിച്ചത്. ഭാരവാഹികളെ തെരഞ്ഞെടുത്തതിൽ അടിമുടി അട്ടിമറി നടന്നെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തിയ്യതി കഴിഞ്ഞാണ് പല അംഗങ്ങൾക്കും പത്രിക സമർപ്പിക്കാനുള്ള നോട്ടീസ് ലഭിച്ചത്. തെരഞ്ഞെടുപ്പിന്‍റെ 21 ദിവസം മുൻപ് വിജഞാപനം അഗങ്ങളെ റജിസ്ട്രേഡ് തപാലിൽ അറിയിക്കണമെന്ന ചട്ടം ലംഘിച്ചു. സി പി എം പ്രതിനിധികൾക്ക് മാത്രം പത്രിക നൽകാനുള്ള അവസരമൊരുക്കാനാണ് മറ്റ് അംഗങ്ങൾക്ക് നോട്ടീസ് വൈകിപ്പിച്ചതെന്ന് ഹർജിക്കാരൻ ആരോപിച്ചു.
വിജ്ഞാപനം തപാലിൽ അയച്ചതിന്‍റെ രേഖകളും കോടതിയിൽ ഹാജരാക്കിയത് പരിശോധിച്ചാണ് ജസ്റ്റിസ് വിജി അരുൺ ഭരണസമിതി തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടത്തി മൂന്ന് മാസത്തിനകം പുതിയ ഭാരവാഹികളെ നിശ്ചയിക്കാൻ കോടതി നിർദ്ദേശം നൽകി.