സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പൊളിറ്റ് ബ്യൂറോയിൽ

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പൊളിറ്റ് ബ്യൂറോയിൽ. ഡല്‍ഹിയില്‍ മൂന്ന് ദിവസമായി തുടരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ സന്തോഷമുണ്ടെന്ന് ഗോവിന്ദൻ പ്രതികരിച്ചു. അഭിമാനമുണ്ട്. പാർട്ടി അർപ്പിച്ച വിശ്വാസം പ്രവർത്തനത്തിലൂടെ കാത്തുസൂക്ഷിക്കും. സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പിബി അംഗമെന്ന നിലയിലും കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ടുപോകാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.  കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെര‍ഞ്ഞെടുത്തത്.

 

ഡല്‍ഹിയില്‍ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ എം വി ഗോവിന്ദനെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിർദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമാണ്. സിസിയോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ യെച്ചൂരിയാണ് പ്രഖ്യാപനം നടത്തിയത്. തുടർന്ന് എം വി ഗോവിന്ദനെ അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ചു. സിസി,പിബി യോഗങ്ങൾക്കായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി ഇക്കാര്യത്തിൽ യെച്ചൂരി ഉൾപ്പെടെയുള്ളവരുമായി ചർച്ചകളും നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ.ബേബി, എ വിജയരാഘവൻ എന്നിവരാണ് കേരളത്തിൽ നിന്നുള്ള നിലവിലെ പിബി അംഗങ്ങൾ. 

Comments

COMMENTS

error: Content is protected !!