സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവിന് അമാന ടയൊട്ടൊ വാഹനം നൽകി

ചേമഞ്ചേരിയിലെ സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവിന് അമാന ടയൊട്ടൊ എന്ന സ്ഥാപനം ഹോം കെയർ  പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ഒരു വാഹനം സംഭാവന ചെയ്തു.

കഴിഞ്ഞ ആറു വർഷമായി ചേമഞ്ചേരിയിലെ പാലിയേറ്റിവ് രംഗത്ത് സജീവമായി ഇടപെടുന്ന സംഘടനയാണ് സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ്. നിർധന രോഗികൾക്ക് മരുന്നും ഭക്ഷണവും സാമ്പത്തികവുമായ സഹായങ്ങൾ നൽകുക, രോഗികൾക്ക് വീട്ടിലും ആശുപത്രിയിലും ഡോക്ടർമാരുടെ സേവനം നൽകുക, കിടപ്പ് രോഗികൾക്ക് ശാരീരികവും മാനസികവുമായ ഉല്ലാസം നൽകുക, രോഗം കൊണ്ട് കിടപ്പിലായവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക, കിടക്കാനും ചലിക്കാനും വേണ്ട ഉപകരണങ്ങൾ എത്തിച്ച് കൊടുക്കുക തുടങ്ങിയ സേവന പ്രവർത്തനങ്ങളാണ് തുടക്കത്തിൽ ഈ സംഘടന ചെയ്തുവന്നിരുന്നത്.

കിടപ്പിലായവരുടെയും ഭിന്നശേഷിക്കാരുടെയും അംഗ പരിമിതരുടെയും ഒത്തുചേരൽ വർഷത്തിലൊരിക്കൽ നടത്തിവന്നു. 2021 ജൂലായ് 1 മുതലാണ് ഹോം കെയർ സംവിധാനം സുരക്ഷ ഒരുക്കുന്നത്. വാഹനം വാടകക്കെടുത്തും സ്വകാര്യ വ്യക്തികളുടെയും പൊതു സംഘടനകളുടെയും വാഹനങ്ങൾ ഉപയോഗിച്ചും കഴിഞ്ഞ ഒരു വർഷത്തിലധികമായി വീടുകളിൽ എത്തി കിടപ്പു രോഗികൾക്കും പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്തവർക്കും ഒരു കൈത്താങ്ങായി സുരക്ഷ പ്രവർത്തിക്കുന്നു.

ഒരു നേഴ്സ് രണ്ട് വളണ്ടിയർമാർ ഒരു ഡ്രൈവർ എന്നിവരടങ്ങുന്ന ടീമാണ് ഹോം കെയറിൽ പ്രവർത്തിക്കുന്നത്. ഹോം കെയർ പ്രവർത്തനം കുറച്ച് കൂടി മെച്ചപ്പെടുത്താൻ സ്വന്തമായി ഒരു വാഹനം എന്നത് സുരക്ഷയുടെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു.  ഇതാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്.  അമാന ടയൊട്ടൊ എന്ന സ്ഥാപനം ആഗസ്റ്റ് 19 ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു വാഹനം നൽകിയിരിക്കുകയാണ്. തിരുവങ്ങൂരിൽ  സുരക്ഷ പാലിയേറ്റീവ് ജില്ലാ ചെയർമാനും കുറ്റ്യാടി എം എൽ എ യുമായ കെ പി കുഞ്ഞമ്മദ്കുട്ടി വാഹനം നാടിന് സമർപ്പിച്ചു.   സുനിൽ തിരുവങ്ങൂർ അധ്യക്ഷനായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ താക്കോൽ ഏറ്റുവാങ്ങി. സുരക്ഷ സോണൽ കൺവീനർ എ പി സുധീഷ്, എം നൗഫൽ, എം പി അശോകൻ, ടി വി ചന്ദ്രഹാസൻ , ശാലിനി ബാലകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അശോകൻ കോട്ട് സ്വാഗതവും എൻ ശേഖരൻ നന്ദിയും പ്രകടിപ്പിച്ചു.

Comments

COMMENTS

error: Content is protected !!