സെമിയുടെ ആദ്യപകുതി ഇന്ത്യയ്ക്കു സ്വന്തം; മഴപ്പെയ്ത്ത് ആരെ തുണയ്ക്കും?

 

മാഞ്ചസ്റ്റർ∙ ബോളർമാരോട് പതിവിലുമധികം ‘ഇഷ്ടം കൂടിയ’ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ, നാലാം ലോകകപ്പ് ഫൈനലെന്ന സ്വപ്നത്തിലേക്ക് ഇന്ത്യ ആദ്യത്തെ കാലൂന്നുമ്പോഴാണ് കളി മുടക്കി മഴയെത്തിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കുന്നതിന്റെ വക്കിലായിരുന്നു ഇന്ത്യ. മഴയെത്തുമ്പോൾ 46.1 ഓവറിൽ കിവീസ് 211 റൺസാണ് നേടിയിരുന്നത്. അഞ്ചു വിക്കറ്റും നഷ്ടമാക്കി. ഡെത്ത് ഓവറിൽ മികച്ച റെക്കോർഡുള്ള ജസ്പ്രീത് ബുമ്രയുടെയും ഭുവനേശ്വർ കുമാറിന്റെയും മാത്രം ഓവറുകൾ ശേഷിക്കുമ്പോൾ ഇന്ത്യ കൃത്യം ട്രാക്കിലുമായിരുന്നു.

ബാറ്റ്സ്മാൻമാർ നിലയുറപ്പിക്കാൻ പാടുപെട്ട പിച്ചിൽ, ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (67), റോസ് ടെയ്‍ലർ (പുറത്താകാതെ 67) എന്നിവരുടെ അർധസെഞ്ചുറികളാണ് കിവീസിനെ 200 കടത്തിയത്. ഇന്ത്യൻ ബോളർമാർ ഉജ്വലമായി പന്തെറിഞ്ഞതോടെ അപകടം മണത്ത വില്യംസൻ, ക്ഷമയോടെ നിലയുറപ്പിച്ചാണ് ഏകദിനത്തിലെ 39–ാം അർധസെഞ്ചുറി കണ്ടെത്തിയത്. 79 പന്തിൽ നാലു ബൗണ്ടറി സഹിതമാണ് വില്യംസൻ ഈ ലോകകപ്പിൽ നാലാം തവണ 50 പിന്നിട്ടത്.
                                                     വില്യംസന്റെ പാത പിന്തുടർന്ന റോസ് ടെയ്‍ലർ 73 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് 50–ാം ഏകദിന അർധസെഞ്ചുറിയിലെത്തിയത്. രണ്ടാം വിക്കറ്റിൽ വില്യംസൻ – ഹെൻറി നിക്കോൾസ് സഖ്യവും (68), മൂന്നാം വിക്കറ്റിൽ വില്യംസൻ – ടെയ്‌ലർ സഖ്യവും (65) കൂട്ടിച്ചേർത്ത അർധസെ‍ഞ്ചുറി കൂട്ടുകെട്ടും കിവീസ് ഇന്നിങ്സിന് കരുത്തുപകർന്നു. ഇന്ത്യയ്ക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വേട്ടയിലും പങ്കാളികളായി.
റിവ്യൂ നഷ്ടമായെങ്കിലും ആദ്യ ഓവറിൽ ഭുവി ഗപ്റ്റിലിനെ റണ്ണെടുക്കാൻ അനുവദിക്കാതിരുന്നതോടെ ആ ഓവർ മെയ്ഡനായി. രണ്ടാം ഓവറിൽ ഹെൻറി നിക്കോൾസിനെ ജസ്പ്രീത് ബുമ്രയും നിരായുധനാക്കിയതോടെ അടുത്ത മെയ്ഡൻ ഓവർ. 16 പന്തുകളുടെ ചെറുതല്ലാത്ത ഇടവേളയ്ക്കു ശേഷം മൂന്നാം ഓവറിന്റെ അഞ്ചാം പന്തിലാണ് കിവീസ് ആദ്യ റൺ നേടുന്നത്. നാലാം ഓവറിന്റെ മൂന്നാം പന്തിൽ ബുമ്ര ഗപ്റ്റിലിനെ സ്ലിപ്പിൽ ക്യാപ്റ്റൻ വിരാട് കോലിയുടെ കയ്യിലെത്തിച്ചതോടെ അതുവരെയുള്ള കിവീസിന്റെ പ്രകടനം ഇങ്ങനെ: 21 പന്ത്, ഒരു റൺ, ഒരു വിക്കറ്റും നഷ്ടം
പിച്ചിന്റെ സ്വഭാവും ഇന്ത്യൻ ബോളിങ്ങിന്റെ മൂർച്ചയും മനസ്സിലാക്കി കളത്തിലെത്തിയ വില്യംസൻ അതീവ ശ്രദ്ധയോടെയാണ് കളിച്ചത്. ഈ ലോകകപ്പിൽ ആറാം മൽസരത്തിലും മൂന്ന് ഓവറിനിടെ ക്രീസിലെത്തേണ്ടി വന്നെങ്കിലും വില്യംസൻ ക്ഷമയോടെ നിലയുറപ്പിച്ചു. മറുവശത്ത് ഹെൻറി നിക്കോള്‍സും ക്യാപ്റ്റനെ അനുകരിച്ച് കരുതലിന്റെ പാത സ്വീകരിച്ചതോടെ റണ്ണൊഴുക്കു കുറഞ്ഞു. പവർപ്ലേ പൂർത്തിയാകുമ്പോൾ കിവീസ് സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 27 റൺസ് മാത്രം. ഈ ലോകകപ്പിൽ പവർപ്ലേയിലെ ഏറ്റവും മോശം പ്രകടനമാണിത്. ഇംഗ്ലണ്ടിനെതിരെ ബർമിങ്ങാമിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയ 28 റൺസായിരുന്നു മുൻപ് പവർപ്ലേയിലെ മോശം പ്രകടനം. മാഞ്ചസ്റ്ററിൽത്തന്നെ വെസ്റ്റിൻഡീസിനെതിരെ പവർപ്ലേയിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 30, ലോഡ്സിൽ ഓസീസിനെതിരെ ഒരു വിക്കറ്റിന് 31 റൺസ് എന്നിങ്ങനെ നേടിയ ചരിത്രവും കിവീസിനുണ്ട്.
14 ഓവറിലാണ് കിവീസ് 50 കടന്നത്. രണ്ടാം വിക്കറ്റിൽ 63 പന്തിൽ 50 റൺസ് കൂട്ടുകെട്ടു തീർത്ത് വില്യംസനും നിക്കോൾസും ചേർന്ന് കിവീസിനെ കരകയറ്റുന്നു എന്ന പ്രതീതിയുമുണർന്നു. എന്നാൽ, സ്കോർ 69ൽ നിൽക്കെ ജഡേജ ഇന്ത്യയുടെ രക്ഷകനായി. പ്രതിരോധം തകർത്ത് ജഡേജയുടെ പന്ത് വിക്കറ്റുമായി പറക്കുമ്പോൾ നിക്കോൾസിന്റെ സമ്പാദ്യം 51 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 28 റൺസ്! കുൽദീപ് യാദവിനു പകരം ലോകകപ്പ് സെമിയിൽ തനിക്ക് നൽകിയ അവസരത്തിന് ജഡേജയുടെ പ്രത്യുപകാരം!
∙ ടെയ്‌ലറിന്റെ കൂട്ട്
നിക്കോൾസിനു പകരം റോസ് ടെയ്‌ലറെത്തിയെങ്കിലും തുടക്കം കിവീസ് പ്രതിരോധത്തിൽ തന്നെയായിരുന്നു. എന്നാൽ, സമയമെടുത്ത് കളംപിടിച്ച വില്യംസൻ – ടെയ്‌ലർ സഖ്യം കിവീസ് ഇന്നിങ്സിന് കരുത്തുപകർന്നു. 28.1 ഓവറിൽ ന്യൂസീലൻഡ് 100 കടന്നു. ഈ ലോകകപ്പിൽ 100 കടക്കാൻ ഏറ്റവും കൂടുതൽ ഓവറുകൾ വേണ്ടിവന്ന മൂന്നാമത്തെ ടീമുമായി ഇതോടെ ന്യൂസീലൻഡ്. എജ്ബാസ്റ്റനിൽ പാക്കിസ്ഥാനെതിരെ 100 കടക്കാൻ 31.2 ഓവർ വേണ്ടിവന്ന ന്യൂസീലൻഡ് തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാമതും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 28.5 ഓവറിൽ 100 കടന്ന അഫ്ഗാനിസ്ഥാൻ രണ്ടാമതുമുണ്ട്.
ഇതിനിടെ, 79 പന്തിൽ നാലു ബൗണ്ടറി സഹിതം വില്യംസൻ അർധസെഞ്ചുറി പൂർത്തിയാക്കി. ഇംഗ്ലിഷ് ലോകകപ്പിൽ ടീമിന്റെ തകർച്ചകളിൽ പലപ്പോഴും താങ്ങായെത്തുന്ന വില്യംസന്റെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയുമായി ഇത്. ഈ ലോകകപ്പിൽ വില്യംസന്റെ അർധസെഞ്ചുറികളെല്ലാം എഴുപതിലധികം പന്തുകളിൽനിന്നാണെന്ന പ്രത്യേകതയുമുണ്ട്. അഫ്ഗാനിസ്ഥാനെതിരെ 77, വെസ്റ്റിൻഡീസിനെതിരെ 75, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 72 പന്തുകളിൽനിന്നാണ് വില്യംസൻ അർധസെഞ്ചുറിയിലെത്തിയത്. ഇന്നിങ്സിന്റെ വേഗം കൂട്ടാനുള്ള ശ്രമത്തിൽ യുസ്‌വേന്ദ്ര ചെഹലിന് വിക്കറ്റ് സമ്മാനിച്ചാണ് വില്യംസൻ പുറത്തായത്. 95 പന്തിൽ ആറു ബൗണ്ടറി സഹിതം നേടിയത് 67 റൺസ്.
ഇതിനിടെ ഒരുപിടി റെക്കോർഡുകളും വില്യംസൻ സ്വന്തമാക്കി. ഈ മൽസരത്തോടെ 2019 ലോകകപ്പിൽ 500 റൺസ് പിന്നിട്ട വില്യംസൻ, ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡിന് ഒപ്പമെത്തി. ഇന്ത്യയ്ക്കെതിരായ മത്സരത്തോടെ 548 റൺസെടുത്ത വില്യംസൻ 2007ൽ 548 റൺസെടുത്ത ശ്രീലങ്കയുടെ മഹേല ജയവർധനെയുടെ റെക്കോർഡിന് ഒപ്പമാണെത്തിയത്. 2003ൽ 539 റൺസെടുത്ത ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങാണു മൂന്നാമത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ന്യൂസീലൻഡ് താരമെന്ന റെക്കോർഡും ഇനി വില്യംസന്റെ പേരിലാണ്. 2015ൽ 547 റൺസ് നേടിയ മാർട്ടിൻ ഗപ്ടിലിന്റെ റെക്കോർഡാണു മറികടന്നത്.
∙ ടെയ്‌ലറിന്റെ ‘സോളോ ഷോ’
മുന്നിൽനിന്നു നയിച്ച ക്യാപ്റ്റനെ വഴിമധ്യേ നഷ്ടമായെങ്കിലും അനുഭവ സമ്പത്തിന്റെ കരുത്തോടെ ടെയ്‍ലർ കിവീസ് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി. ജിമ്മി നീഷാം (18 പന്തിൽ 12) ഇടയ്ക്കു വന്നുപോയെങ്കിലും കോളിൻ ഗ്രാ‍ൻഡ്ഹോമിനെ കൂട്ടുപിടിച്ച് ടെയ്‌ലർ കിവീസ് സ്കോർ 200ലെത്തിച്ചു. ഇതിനിടെ യുസ്‌വേന്ദ്ര ചെഹലിനെ സിക്സറിനു പറത്തി രാജകീയമായിത്തന്നെ ഏകദിനത്തിലെ 50–ാം അർധസെ‍ഞ്ചുറിയും പിന്നിട്ടു. കിവീസ് ഇന്നിങ്സിലെ ഏക സിക്സ്. 73 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് വില്യംസൻ 50 കടന്നത്. ഈ ലോകകപ്പിൽ വില്യംസന്റെ മൂന്നാം അർധസെഞ്ചുറിയാണിത്. ചെഹലെറിഞ്ഞ 44–ാം ഓവറിൽ ഒരു സിക്സും രണ്ടു ബൗണ്ടറികളും സഹിതം 18 റൺസടിച്ചാണ് ഇരുവരും ചേർന്ന് കിവീസ് സ്കോർ 200ലെത്തിച്ചത്.
ഓവറുകൾ തീരുമ്പോഴും സ്കോർ ബോർഡിൽ വേണ്ടത്ര റണ്ണെത്തിയിട്ടില്ലെന്ന തിരിച്ചറിവിൽ വമ്പനടിക്കു ശ്രമിച്ച് ഗ്രാൻഡ്ഹോമും പുറത്തായെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥത്തെ കൂട്ടുപിടിച്ച് റണ്ണടിച്ചുകൂട്ടാനുള്ള ശ്രമത്തിലായിരുന്നു ടെയ്‌ലർ. അപ്പോഴാണ് രസംകൊല്ലിയായി മഴയെത്തിയത്. 46.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന നിലയിലായിരുന്നു കിവീസ്. റോസ് ടെയ്‍ലർ 67 റൺസോടെയും ടോം ലാഥം മൂന്നു റൺസോടെയും ക്രീസിലും. ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡിന്റെ റൺറേറ്റ് നാലിനു മുകളിൽ ആദ്യമായെത്തിയതുതന്നെ 42–ാം ഓവറിലാണ്. അതുവരെ മൂന്നിനും നാലിനുമിടയിൽവരെ മാത്രമേ റൺറേറ്റ് വന്നിരുന്നുള്ളൂ. 40–ാം ഓവർ വരെ ന്യൂസീലൻഡ് ആകെ നേടിയത് 10 ഫോർ മാത്രം. മൽസരത്തിൽ ഇതുവരെ പിറന്നത് ഒരേയൊരു സിക്സും!
∙ ജഡേജയുടെ തിരിച്ചുവരവ്
ലോകകപ്പിൽ ഏറിയ പങ്കും ടീമിനു വെളിയിൽ നിൽക്കേണ്ടി വന്നിട്ടും സെമി ഫൈനൽ പോലൊരു നിർണായക മൽസരത്തിൽ ടീമിൽ ഇടംപിടിച്ചു, ജഡേജ. മുഹമ്മദ് ഷമിയെ ഒഴിവാക്കിയതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുമ്പോഴും, ഇന്ത്യൻ ബോളിങ്ങിൽ ഇന്നലെ ഏറ്റവുമധികം തിളങ്ങിയ താരങ്ങളിലൊരാൾ ജഡേജയാണ്. 10 ഓവറിൽ 34 റൺസ് മാത്രം വഴങ്ങിയ ജഡേജ ഒരു വിക്കറ്റുമെടുത്തു.
കെയ്ൻ വില്യംസൻ, റോസ് ടെയ്‌‌ലർ തുടങ്ങിയവർ ക്രീസിൽ നിന്ന മധ്യ ഓവറുകളിൽ കിവീസിനെ പിടിച്ചുകെട്ടിയത് ജഡേജയുടെ നേതൃത്വത്തിലാണ്. ജഡേജയേക്കാൾ ഏകദിനത്തിൽ ടീം ഇന്ത്യ ‘പ്രിഫറൻസ്’ നൽകുന്ന യുസ്‌വേന്ദ്ര ചെഹൽ 10 ഓവറിൽ 63 റൺസ് വഴങ്ങിയെന്നും ഓർക്കുക! ജഡേജയേക്കാൾ മികച്ച ഇക്കോണമി നിരക്ക് കാത്തുസൂക്ഷിച്ച് പന്തെറിഞ്ഞ ഏക താരം ബുമ്രയാണ്. എട്ട് ഓവറിൽ ഒരു മെയ്ഡൻ സഹിതം വിട്ടുകൊടുത്തത് 25 റൺസ മാത്രം. ഈ ലോകകപ്പിൽ ഇതുവരെ ഒൻപതു മെയ്ഡൻ ഓവർ ബോൾ ചെയ്ത ബുമ്ര, ഇക്കാര്യത്തിൽ ഏറ്റവും മുന്നിലാണ്. എട്ട് മെയ്ഡൻ ഓവർ എറിഞ്ഞ ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ തൊട്ടുപിന്നിലുണ്ട്. മറ്റ് ഇന്ത്യൻ ബോളർമാരിൽ ഭുവനേശ്വർ കുമാർ 8.1 ഓവറിൽ 30 റൺസും ഹാർദിക് പാണ്ഡ്യ 10 ഓവറിൽ 55 റൺസും വഴങ്ങി. ബോൾ ചെയ്തവർക്കെല്ലാം ഓരോ വിക്കറ്റും ലഭിച്ചു.
∙ ഇന്നു പുതിയ തുടക്കം
മൽസരം ഇന്നത്തേക്കു മാറ്റിയത് ആർക്കായിരിക്കും ഉപകാരപ്പെടുക? ഉത്തരം ഇന്നു രാത്രിയോടെയേ ലഭ്യമാകൂ എങ്കിലും പുത്തനുണർവോടെ ബാറ്റിങ്ങിനെത്തുന്ന ടെയ്‍ലറും ലാഥവും ശേഷിക്കുന്ന 23 പന്തിൽനിന്ന് പരമാവധി റണ്ണടിക്കാനുള്ള ശ്രമത്തിലായിരിക്കുമെന്ന് ഉറപ്പ്. ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ ബോളർമാരെ പിടികൂടുന്ന ക്ഷീണമൊന്നുമില്ലാതെ, മൽസരത്തിലെ ആദ്യ സ്പെൽ എറിയുന്ന അതേ ആവേശത്തിൽ ബുമ്രയും ഭുവനേശ്വറുമെത്തുമ്പോൾ പോരാട്ടം പൊടിപാറും.
ബാറ്റിങ്ങിലും മടുപ്പുകൂടാതെ കളത്തിലിറങ്ങാമെന്ന ആനുകൂല്യം ഇന്ത്യയ്ക്കുണ്ട്. 50 ഓവർ മൈതാനത്തുനിന്ന് പന്തിനു പിന്നാലെ ഓടിത്തളർന്ന് പിന്നാലെ ബാറ്റിങ്ങിനിറങ്ങേണ്ട അവസ്ഥയില്ലെന്നു ചുരുക്കം. ഫലത്തിൽ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുന്ന അതേ അവസ്ഥയിൽ രോഹിത്തിനും രാഹുലിനും ഇന്ന് ഇന്ത്യൻ ഇന്നിങ്സ് ആരംഭിക്കാം. മാത്രമല്ല, ന്യൂസീലൻഡിന്റെ ഏകദേശ സ്കോർ മുന്നിൽക്കണ്ട് ബാറ്റിങ്ങിലെ തന്ത്രങ്ങൾ ആവിഷ്കരിക്കാമെന്ന ഗുണവുമുണ്ട്.
Comments

COMMENTS

error: Content is protected !!