സോളാർ പീഡന കേസ്; അടൂർ പ്രകാശിനെ സിബിഐ കുറ്റവിമുക്തനാക്കി

വിവാദമദായ സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിയെ സിബിഐ കുറ്റവിമുക്തനാക്കി. കേസിൽ അടൂർ പ്രകാശിനെതിരായ ആരോപണങ്ങൾക്ക് യാതൊരു കഴമ്പും തെളിവുമില്ലെന്ന് കോടതിയിൽ സിബിഐ നൽകിയ അന്തിമ റിപ്പോർട്ടിൽ പറയുന്നു. മന്ത്രിയായിരുന്ന സമയത്ത് പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

പരാതിയില്‍ ചൂണ്ടിക്കാണിച്ച ദിവസം അടൂര്‍ പ്രകാശ് ബംഗ്ലൂരുവില്‍ മുറിയിടുത്തിട്ടില്ലെന്ന് കണ്ടെത്തിയെന്ന് സിബിഐ കണ്ടെത്തി. കേസില്‍ പരാതിക്കാരിയോട് ആവശ്യപ്പെട്ടിട്ടും തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്നും സിബിഐ വ്യക്തമാക്കുന്നു.

2012-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. എന്നാൽ പരാതി നൽകിയത് 2018-ലും. നാല് വർഷമാണ് ഈ കേസ് കേരള പൊലീസ് അന്വേഷിച്ചത്. തെളിവ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

സത്യം പുറത്തുവന്നതില്‍ സന്തോഷമെന്നുമായിരുന്നു അടൂര്‍ പ്രകാശിന്‍റെ പ്രതികരണം. രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായുള്ള ശ്രമമാണ് നടന്നതെന്നും ആരോപണം തെറ്റെന്ന് തെളിഞ്ഞതോടെ സത്യം പുലർന്നെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും എം പി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

 

Comments
error: Content is protected !!