സ്കൂൾ തുറക്കുക രക്ഷിതാക്കളുടെ വാക്സിൻ ഉറപ്പാക്കിയ ശേഷം
സ്‌കൂൾ തുറക്കുക രക്ഷിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ വാക്‌സിൻ സ്വീകരിച്ചെന്ന് ഉറപ്പാക്കിയശേഷം മാത്രം. 18 വയസ്സിനു മുകളിലുള്ള 79 ശതമാനം പേരും ആദ്യഡോസ് സ്വീകരിച്ചിട്ടുണ്ട്. ശേഷിച്ചവർക്ക് കൂടി വാക്സിൻ ഉറപ്പാക്കും. കേരളത്തിൽ വിദ്യാർഥികളുള്ള വീടുകളിലെ മുതിർന്ന അംഗങ്ങൾ വാക്‌സിൻ സ്വീകരിച്ചെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്‌ധ അഭിപ്രായം.
കോളേജുകൾ ഒക്‌ടോബർ നാലിന് തുറക്കുന്നതിന് പിന്നാലെ 10, പ്ലസ്‌ടു ക്ലാസുകൾ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ ആരംഭിക്കണമെന്നും വിദഗ്‌ധർ നിർദേശിച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാർഥികൾക്ക് വാക്‌സിൻ നൽകാൻ ഇതുവരെ കേന്ദ്രസർക്കാർ അനുമതിയില്ല. എന്നാൽ, വാക്‌സിൻ നൽകാതെ സ്‌കൂൾ തുറക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇതര സംസ്ഥാനത്തെ അപേക്ഷിച്ച് വയോജനങ്ങൾ കൂടുതലായതിനാൽ വീടുകളിലെ എല്ലാവരും വാക്‌സിനെടുത്തു എന്ന് ഉറപ്പാക്കി മാത്രമേ കേരളത്തിൽ കുട്ടികളെ സ്‌കൂളുകളിലെത്തിക്കൂ.
എന്നാൽ വാക്സിൻ്റെ ലഭ്യതയാണ് രക്ഷിതാക്കൾക്ക് തടസ്സമാവുന്നത്. ഓൺലൈൻ ബുക്കിങ് എത്ര കാത്തിരുന്നിട്ടും ലഭിക്കാത്തവരുണ്ട്. സ്വകാര്യ കേന്ദ്രങ്ങളിൽ ഈടാക്കുന്ന തുക താങ്ങാനാവുന്നതുമല്ല.
കോവിഡ് വ്യാപന തോത് അറിയാൻ ആരോഗ്യ വകുപ്പ് നടത്തുന്ന സിറോ പ്രിവിലൻസ് സർവേ ഫലവുംകൂടി പരിശോധിക്കും. ആറുമുതൽ 15 വയസ്സുവരെയുള്ള കുട്ടികളിലെ ആന്റിബോഡി സാന്നിധ്യം തീരുമാനത്തിന് പ്രധാനമാണ്. സിറോ സർവേ ഫലം ഈ മാസാവസാനം പ്രസിദ്ധീകരിക്കും.