സ്വർണക്കടത്ത്: ഒളിപ്പിക്കുന്നതില്‍ വിദഗ്ധ പഠനം നടത്തി കള്ളക്കടത്തുകാർ

മംഗളൂരു: വിമാനത്താവളങ്ങൾ വഴി സ്വർണം കടത്താനുള്ള വിവിധ വഴികൾക്കായി വിദഗ്ധ പഠനം നടത്തുകയാണ് കള്ളക്കടത്തുകാർ. ചോക്ലേറ്റുകൾക്കുള്ളിലും മട്ടൻകറിയിലെ വലിയ എല്ലിനുള്ളിലും മിക്സിയുടെ മോട്ടോറിനുള്ളിലുമൊക്കെ ഒളിപ്പിച്ച് സ്വർണംകടത്തുന്നുണ്ട്.

മംഗളൂരുവിലെയും നെടുമ്പാശ്ശേരിയിലെയും വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ ഇത്തരത്തിലുള്ള പല ശ്രമങ്ങളെയും പരാജയപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം മംഗളൂരു വിമാനത്താവളത്തിൽ നിന്ന് പിടിച്ചതാകട്ടെ അളക്കുന്ന മീറ്റർ ടാപ്പിനുള്ളിലൊളിപ്പിച്ച സ്വർണവും. വളരെ വിദഗ്ധമായാണ് സ്വർണം നാട രൂപത്തിലാക്കി മെഷർമെന്റ് ടാപ്പിനുള്ളിൽ ചുരുട്ടി ഒളിപ്പിച്ചു വെച്ചത്.

 

ആദ്യം വലിച്ചാൽ പുറത്തു വരുന്ന കുറച്ചുഭാഗത്ത് അളവൊക്കെ രേഖപ്പെടുത്തിയ യഥാർഥ ടാപ്പ് ആണെങ്കിലും ഉള്ളിലുള്ള ഭാഗത്ത് സ്വർണത്തിന്റെ നാട ഒട്ടിച്ചുവെച്ച നിലയിലായിരുന്നു. വളരെ വിദഗ്ധമായാണ് കസ്റ്റംസ്‌ അധികൃതർ ഇത് പിടികൂടിയത്. മറ്റു രണ്ട്‌ കേസുകളിലും സ്വർണം പേസ്റ്റ്‌ രൂപത്തിലാക്കി ചെറിയ പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് അടിവസ്ത്രത്തിനുള്ളിൽ ജനനേന്ദ്രിയത്തിനരികിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.

 

രഹസ്യഭാഗത്ത് കസ്റ്റംസ് അധികൃതർ പരിശോധന നടത്തില്ല എന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ, ഈ ശ്രമവും മംഗളൂരു കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. പല കേസുകളിലായി ലക്ഷക്കണക്കിനുരൂപയുടെ സ്വർണപേസ്റ്റ് ചെറുഗോളങ്ങളാക്കി മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താനുള്ള ശ്രമവും മംഗളൂരുവിൽ പലതവണ അധികൃതർ പരാജയപ്പെടുത്തിയിട്ടുണ്ട്. അപകടകരമാംവിധം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് മംഗളൂരു വിമാനത്താവളംവഴി സാഹസികമായി സ്വർണം കടത്തുന്നവരിലേറെയും കാസർക്കോട്ടെ യുവാക്കളാണ്.

 

സ്വർണത്തെ അതിന്റെ ലോഹസ്വഭാവം ഇല്ലാതാക്കാൻ പ്രത്യേക  രാസവസ്തുക്കൾ ചേർത്ത് ഓക്സൈഡ് രൂപത്തിലാക്കിയാണ് കടത്ത്. ഇത്തരം സ്വർണപേസ്റ്റ് മെറ്റൽഡിറ്റക്ടർവഴി പരിശോധിച്ചാൽ കണ്ടെത്താനാവില്ല എന്നത് കസ്റ്റംസ് അധികൃതർക്ക് വെല്ലുവിളിയാവുന്നുണ്ട്. അമേരിക്കയിൽമാത്രമെ ഇത്തരത്തിലുള്ള സ്വർണപേസ്റ്റ് കണ്ടെത്താനുള്ള സംവിധാനമുള്ളൂ. ദുബായ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് കൂടുതൽ. അവിടെ സ്വർണം വ്യത്യസ്തരീതികളിൽ ഒളിപ്പിക്കുന്നത് പഠിക്കാനും അത് പ്രാവർത്തികമാക്കാനും പ്രത്യേകസംഘംതന്നെയുണ്ടെന്നാണ് കസ്റ്റംസ് അധികൃതർക്ക് ലഭിക്കുന്ന സൂചന.
Comments

COMMENTS

error: Content is protected !!