കൊല്ലത്ത് സിപിഐ എം പ്രവർത്തകനെ ആർഎസ്എസുകാർ കുത്തിക്കൊന്നു; 2 ആർഎസ്‌എസ്‌ പ്രവർത്തകർ കസ്റ്റഡിയിൽ

 

കൊല്ലം> മൺറോതുരുത്തിൽ എൽഡിഎഫ്‌ ബൂത്ത്‌ ഓഫീസിനു സമീപം സിപിഐ എം പ്രവർത്തകനെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തി. രണ്ട്‌ ആർഎസ്‌എസ്‌ പ്രവർത്തകരെ പൊലീസ്‌ പിടികൂടി. മൺറോതുരത്ത്‌ വില്ലിമംഗലം മയൂഖം(ഓലോത്തിൽ) വീട്ടിൽ ആർ മണിലാൽ(52)ആണ്‌ കൊല്ലപ്പെട്ടത്‌. ആർഎസ്‌എസ്‌ പ്രവർത്തകരായ നെൻമേനി തെക്ക്‌ തുപ്പാശേരിൽ അശോകൻ (55), വില്ലിമംഗലം വെസ്‌റ്റ്‌ പനിക്കന്തറ സത്യൻ(51) എന്നിവരെ ‌ കിഴക്കേകല്ലട പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു‌. ഞായറാഴ്‌ച രാത്രി എട്ടിനാണ്‌ സംഭവം.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷം മൺറോതുരുത്ത്‌ വില്ലേജ്‌‌ ഓഫീസിനു സമീപം എൽഡിഎഫ്‌ ബൂത്ത്‌ ഓഫീസിൽനിന്ന്‌ അൽപ്പം മാറി സുഹൃത്തുമായി സംസാരിച്ചു നിൽക്കവെയാണ്‌ മണിലാലിനെ ആക്രമിച്ചത്‌. ഓട്ടോ ഡ്രൈവറായ സത്യനൊപ്പം എത്തിയ അശോകൻ അസഭ്യം പറഞ്ഞ ശേഷം മണിലാലിനെ കുത്തുകയായിരുന്നു. നിലത്തുവീണ മണിലാലിന്റെ നെഞ്ചിൽ രണ്ടുതവണ കൂടി‌ കുത്തി. രക്തത്തിൽ കുളിച്ചുകിടന്ന മണിലാലിനെ ഓടിയെത്തിയ എൽഡിഎഫ്‌ പ്രവർത്തകർ ഉടൻ സമീപത്തെ കാഞ്ഞിരകോട് താലൂക്കാശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. തുടർന്ന്‌ പാലത്തറ എൻ എസ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴി മരിച്ചു.

അഞ്ചു വർഷം മുമ്പ്‌ ഗൾഫിൽനിന്ന്‌ നാട്ടിലെത്തിയ മണിലാൽ വീട്ടിൽ ഹോം സ്‌റ്റേ നടത്താനുള്ള ശ്രമത്തിലായിരുന്നു.  പ്രതി അശോകൻ ഡൽഹി പൊലീസിൽനിന്ന്‌ അഞ്ച്‌ മാസം മുമ്പ്‌ വളന്ററി റിട്ടയർമെന്റ്‌ വാങ്ങിയ ശേഷം നാട്ടിലെത്തി ആർഎസ്‌എസ്‌ പ്രവർത്തനത്തിൽ സജീവമായി. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനിൽ നിന്നാണ്‌ അശോകൻ ‌ ബിജെപി അംഗത്വം‌ നേരിട്ടുവാങ്ങിയത്‌. അശോകന്റെ ഭാര്യ മൺറോതുരുത്ത്‌ നെന്മേനിതെക്ക്‌ വാർഡിൽ ബിജെപിയുടെ ഡമ്മി സ്ഥാനാർഥിയായിരുന്നു‌.

മണിലാലിന്റെ മൃതദേഹം എൻ എസ്‌ ആശുപത്രി മോർച്ചറിയിൽ. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, കെ സോമപ്രസാദ്‌ എംപി, എൻ നൗഷാദ്‌ എംഎൽഎ എന്നിവർ എൻ എസ്‌ ആശുപത്രിയിലെത്തി. രേണുകയാണ്‌ മണിലാലിന്റെ ഭാര്യ. മകൾ: നിധി.

വിറങ്ങലിച്ച്‌ മൺറോതുരുത്ത്‌
തികച്ചും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്തെ കൊലപാതകത്തിൽ വിറങ്ങലിച്ച്‌ നാട്‌.  ഞായറാഴ്‌ച രാത്രി ഒമ്പതരയോടെയാണ്‌ സിപിഐ എം പ്രവർത്തകനായ മൺറോതുരുത്ത് വില്ലിമംഗലം നിധി പാലസിൽ  മണിലാലി (51)നെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തിയത്‌. നാടിന്‌ പ്രിയപ്പെട്ടവൻ നഷ്‌ടപ്പെട്ട വേദനയ്‌ക്കൊപ്പം പ്രതിഷേധം ആളിക്കത്തുകയാണ്‌ മൺറോതുരുത്തിന്റെ മനസ്സിൽ‌.

പ്രദേശത്ത്‌ പറയത്തക്ക സംഘർഷാവസ്ഥയൊന്നുമുണ്ടായിരുന്നില്ല. സംഭവം നടന്നതിന്‌ കുറച്ചകലെ കാവിനു സമീപം റോഡരികിൽ സിപിഐ എം പ്രവർത്തകർ തോരണങ്ങളും പതാകയുമുയർത്തിയിരുന്നു. അതിനെ‌ ആർഎസ്‌എസുകാർ എതിർത്തപ്പോൾ ചോദ്യംചെയ്‌ത കൂട്ടത്തിൽ മണിലാലുമുണ്ടായിരുന്നു. നിന്നെ കണ്ടോളാം എന്ന്‌ അപ്പോൾതന്നെ ആർഎസ്‌എസുകാർ ഭീഷണിപ്പെടുത്തിയിരുന്നു. ഞായറാഴ്‌ച  വൈകിട്ട്‌  പരസ്യ പ്രചാരണം അവസാനിച്ച ശേഷം മണിലാൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു. ബൂത്ത്‌ ഓഫീസിനു സമീപം നിൽക്കവെയാണ്‌ മദ്യപിച്ചെത്തിയ അശോകൻ മണിലാലിനെ കുത്തുന്നത്‌. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത്‌ ഈസ്റ്റ്‌‌ കല്ലട  സർക്കിൾ ഇൻസ്‌പെക്ടർ മഹേഷ്‌പിള്ളയുടെ നേതൃത്വത്തിൽ പൊലീസ്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

നേരത്തെ ബിഡിജെഎസ്‌ പ്രവർത്തകനായിരുന്നു മണിലാൽ. സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾതന്നെ ആർഎസ്‌എസ്‌–-ബിജെപി പ്രവർത്തകർക്ക്‌ മണിലാലിനോട്‌ വിരോധമുണ്ടായിരുന്നു.  സേവന പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്നു അദ്ദേഹം. കോവിഡ്‌ കാലത്ത്‌ ഭക്ഷ്യക്കിറ്റും മാസ്‌കും‌ വിതരണംചെയ്യുന്നത്‌ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ മുന്നിലായിരുരുന്നു. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ മണിലാലാണ്‌ ഭാര്യയും മകളും ഉൾപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയം. പരേതരായ രാജന്റെയും കമലാഭായിയുടെയും മകനാണ്. കൊല്ലം അയത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന സുനിൽകുമാറിന്റെ രക്തസാക്ഷി ദിനത്തിലാണ്‌ മറ്റൊരു സിപിഐ എം പ്രവർത്തകന്റെ ജീവൻകൂടി ആർഎസ്‌എസുകാർ കവർന്നത്‌.

കൊലപാതകത്തിൽ പ്രതിഷേധിക്കുക: എ വിജയരാഘവൻ
കൊല്ലം ജില്ലയിലെ മൺറോതുരുത്തിൽ സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന മണിലാലിനെ ആർഎസ്എസ് ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയതിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പ്രതിഷേധിച്ചു. ക്രൂരമായ ഈ  കൊലപാതകത്തെ അപലപിക്കാനും പ്രതിഷേധിക്കാനും മുഴുവൻ ജനാധിപത്യ വിശ്വാസികളോടും അഭ്യർഥിക്കുന്നു–- വിജയരാഘവൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നിൽ നിൽക്കുമ്പോഴാണ് അക്രമികൾ മണിലാലിനെ കുത്തിവീഴ്ത്തിയത്. തെരഞ്ഞെടുപ്പിന് 24 മണിക്കൂർ മാത്രം ശേഷിക്കെ നാടിന്റെ ക്രമസമാധാനം തകർക്കാനുള്ള ആർഎസ്‌എസിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഫലമായി നടന്ന  കൊലപാതകമാണിത്. യാതൊരു അക്രമസംഭവങ്ങളുമില്ലാത്ത നാട്ടിൽ ബോധപൂർവം സംഘർഷങ്ങളുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്‌എസ്‌ ശ്രമം. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ ബിജെപി, -ആർഎസ്‌എസ്, -കോൺഗ്രസ് പ്രവർത്തകരുടെ കൊലക്കത്തിക്കിരയാകുന്ന അഞ്ചാമത്തെ സിപിഐ എം പ്രവർത്തകനാണ്  മണിലാൽ.

Comments

COMMENTS

error: Content is protected !!