ഹോക്കിയിൽ ബ്രോൺസ്. കാവലായത് കേരളത്തിൻ്റെ സ്വർണ്ണ താരം

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ നാല്‌ പതിറ്റാണ്ടിനുശേഷം മെഡൽ എന്ന ഇന്ത്യയുടെ സ്വപ്‌നം പൂവണിഞ്ഞപ്പോൾ കേരളത്തിന് ഇരട്ടി മധുരം. ജർമ്മനിയെ നാലിനെതിരെ അഞ്ച്‌ ഗോളിന്‌ തോൽപ്പിച്ച്‌ ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കലം നേടി.

ഒന്നിനെതിരെ മൂന്ന്‌ ഗോളുകൾക്ക്‌ പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയമായ തിരിച്ചുവരവ്‌. ഗോൾവല കാത്ത പി.ആർ ശ്രീജേഷ് എന്ന എറണാകുളക്കാരൻ ഒന്നര പതിറ്റാണ്ടായി ടീമിൻ്റെ അമരത്തുണ്ട്. കേരളത്തിൻ്റെ കായിക താരങ്ങളുടെ പട്ടികയിൽ സ്വർണ്ണ ലിപികളിൽ ശ്രീജേഷിൻ്റെ പേരും എഴുതപ്പെടുകയാണ്.

ലണ്ടൻ, റിയോ ഒളിമ്പിക്‌സ്‌ സംഘത്തിലെ ഒന്നാംനമ്പർ ഗോളിയായി. റിയോയിൽ ക്വാർട്ടർവരെ എത്തിയ ടീമിന്റെ ക്യാപ്‌റ്റനുമായിരുന്നു. ഇന്ത്യൻ ഹോക്കിയുടെ നായകനായ ആദ്യ മലയാളികൂടിയാണ്‌ ഈ മുപ്പത്താറുകാരൻ.

ടോക്കിയോയിൽ അവസാന നിമിഷങ്ങളിലെ പെനാൽറ്റി കോർണറുകൾ സേവ്‌ ചെയ്‌തകീപ്പർ പി ആർ ശ്രീജേഷാണ്‌ ഇന്ത്യയെ രക്ഷപ്പെടുത്തിയത്‌. കളിയുടെ അവസാന ക്വാർട്ടറിൽ ഇന്ത്യൻ പ്രതിരോധത്തിലെ വിള്ളലുകളിലൂടെ പാഞ്ഞുവന്ന ജർമ്മൻ ഷോട്ടുകൾ പലവട്ടം ശ്രീജേഷ്‌ തട്ടിയകറ്റി.

ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്‌തു.

ശ്രീജേഷിന്റെ മൂന്നാം ഒളിമ്പിക്‌സായിരുന്നു ടോക്കിയോയിലേത്. ടീമിലെ ഏറ്റവും പരിചയസമ്പന്നൻ. ലോക റാങ്കിങ്ങിൽ നാലാമതാണ് ഇന്ത്യൻ ടീം. ഹോക്കിയിൽ എട്ടുവട്ടം ചാമ്പ്യൻമാരായ ഇന്ത്യ നഷ്‌ട‌പ്രതാപം വീണ്ടെടുക്കുകയാണ്.

കേരളംപോലെ ഹോക്കിക്ക്‌  സ്വാധീനമില്ലാത്തിടത്തുനിന്ന്‌ ഉയർന്നു വന്ന താരം മലയാളികൾക്ക് ഇടയിൽ ഹോക്കി താത്പര്യം ഉണർത്തുമെന്ന പ്രതീക്ഷയുണ്ട്.

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

 

 

Comments

COMMENTS

error: Content is protected !!