വെസ്റ്റ്ഹിൽ പോളിടെക്‌നിക്കിലെ വിദ്യാർഥികൾ നിർമിച്ച 30 ഓട്ടോറിക്ഷകൾ പുറത്തിറക്കി

കോഴിക്കോട്: വെസ്റ്റ്ഹിൽ പോളിടെക്‌നിക്കിലെ വിദ്യാർഥികൾ നിർമിച്ച 30 ഓട്ടോറിക്ഷകൾ പുറത്തിറക്കി. ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആക്‌സിയോൺ വെഞ്ച്വർസുമായി സഹകരിച്ചാണ് പോളിടെക്‌നിക്കിലെ വിദ്യാർത്ഥികൾ ഓട്ടോറിക്ഷകൾ നിർമിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു.

ഖരമാലിന്യ സംസ്‌കരണത്തിനായി ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് ആക്‌സിയോൺ വെഞ്ച്വർസ് പ്രത്യേകം രൂപകൽപ്പനചെയ്ത ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഭാഗങ്ങൾ ക്യാമ്പസിലെത്തിച്ചത്. വിദ്യാർഥികൾക്കും അധ്യാപകർക്കും സാങ്കേതിക പരിശീലനം നൽകിയിരുന്നു. 40 വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പരിശീലനം ലഭിച്ചതിന് ശേഷം പാർട്‌സുകൾ സംയോജിപ്പിച്ച് ഓട്ടോറിക്ഷകളുടെ നിർമാണം പൂർത്തീകരിച്ചത്.

75 ഓട്ടോകളുടെ നിർമാണമാണ് കോർപറേഷന് ഖരമാലിന്യ നിർമാർജനത്തിന്‌ ഉപയോഗിക്കാനായി ഏറ്റെടുത്തത്. രണ്ടാംഘട്ടം ഉടൻ ആരംഭിക്കും. ഓട്ടോറിക്ഷാ നിർമാണത്തിൽ പങ്കാളികളായ വിദ്യാർഥികൾക്കും വിവിധ മേഖലകളിൽ വൈദഗ്‌ധ്യം തെളിയിച്ചവർക്കും മന്ത്രി ആർ ബിന്ദു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൗൺസിലർ സത്യഭാമ, ഐഐഐ സി ജോ.ഡയറക്ടർമാരായ ആർ ആശാലത, ജെ എസ് സുരേഷ് കുമാർ, ജിഇസി പ്രിൻസിപ്പൽ പി സി രഘുരാജ്, ടിഎച്ച്എസ് സുപ്രണ്ട് പത്മ, അലൂമിനി അസോസിയേഷൻ സെക്രട്ടറി കൃഷ്ണദാസ്, ആക്സോൺ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ബ്രിജേഷ് ബാലകൃഷ്ണൻ, പിടിഎ വൈസ് പ്രസിഡന്റ് കെ എം രവീന്ദ്രൻ, പിടിഎ ജോ. സെക്രട്ടറി ഗഫൂർ പുതിയങ്ങാടി, ഐഒസി കോർഡിനേറ്റർ എം പ്രദീപ്, വിദ്യാർത്ഥി പ്രതിനിധി ആകാശ് ഉദയ് തുടങ്ങിയവർ പങ്കെടുത്തു. പോളിടെക്നിക് സ്കീം സീനിയർ ജോ.ഡയറക്ടർ എം രാമചന്ദ്രൻ സ്വാഗതവും പ്രിൻസിപ്പൽ പി കെ അബ്ദുൾ സലാം നന്ദിയും പറഞ്ഞു

Comments
error: Content is protected !!