സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ്
പത്തനംതിട്ടയിലെ 21 വയസുകാരി രേഷ്മ മറിയം റോയ് ഇനി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി, ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ എന്നീ പദവികൾക്കൊപ്പം അരുവാപുലം പഞ്ചായത്ത് പ്രസിഡന്റായി നാളെ പാർട്ടി പ്രഖ്യാപിക്കുന്നതോടെ ഇനി മുതൽ തദ്ദേശസ്ഥാപനങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവിയും രേഷ്മക്ക് സ്വന്തം.
അരുവാപുരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇടത് സ്ഥാനാർത്ഥിയായാണ് രേഷ്മ മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ രേഷ്മ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന് തലേ ദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. ഇതിന് പിന്നാലെ തന്നെ നാമനിർദേശ പത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.
രേഷ്മയുടെ കുടുംബം കോൺഗ്രസ് അനുകൂലികളാണ്. കോളജ് കാലത്താണ് രേഷ്മ ഇടത്തോട്ട് ചായുന്നത്. കോന്നി വിഎൻഎസ് കോളജിലെ എസ്എഫ്‌ഐ അംഗമായിരുന്നു രേഷ്മ. നിലവിൽ എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐയുടെ ഡിസ്ട്രിക്ട് കമ്മിറ്റി അംഗവുമാണ് രേഷ്മ.