Technology
വാട്സാപ്പിനെ നേരിടാനൊരുങ്ങി സർക്കാർ, സന്ദേശം അയച്ചയാളെ കണ്ടെത്താന്‍ വഴി തേടും

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള അതിപ്രചാരമുള്ള മെസേജിങ് സംവിധാനമായ വാട്‌സാപ്പും കേന്ദ്ര സർക്കാരും തമ്മില്‍ നിരവധി മാസമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. വാട്‌സാപ്പില്‍ ഉടലെടുത്തതെന്നു കരുതപ്പെടുന്ന ചില സന്ദേശങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു വഴിവച്ചതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. വ്യാജ വാര്‍ത്തയും മറ്റും പ്രചരിപ്പിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നയാളെ ചൂണ്ടിക്കാണിക്കാന്‍ വാട്‌സാപ് തയാറാകണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. എന്നാല്‍ അങ്ങനെ ചെയ്താല്‍ വാട്‌സാപ്പിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്നും കൂടാതെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് തങ്ങളെ മാത്രം പഴിക്കുന്നതെന്തിന് എന്നുമുളള നിലപാടാണ് വാട്‌സാപ് എടുത്തത്. തങ്ങള്‍ക്ക് അറിഞ്ഞേ തീരൂവെന്ന നിര്‍ബന്ധവുമായി സർക്കാർ നിന്നപ്പോള്‍ വാട്‌സാപ് ഇന്ത്യ വിടാന്‍ തയാറാണെന്നു വരെ വാര്‍ത്തകള്‍ വന്നിരുന്നു. ലോകമെമ്പാടുമായി 200 കോടിയിലേറെ ഉപയോക്താക്കളുള്ള വാട്‌സാപ്പിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. 30 കോടിയോളം പേര്‍ ഇന്ത്യയില്‍ വാട്സാപ് ഉപയോഗിക്കുന്നുണ്ട് എന്നാണ് അനുമാനം.
പ്രതിവിധിയായി ഡിജിറ്റല്‍ ഫിങ്ഗര്‍പ്രിന്റിങ്
തങ്ങള്‍ക്ക് വാട്‌സാപ്പില്‍ കൈമാറപ്പെടുന്ന എല്ലാ സന്ദേശവും കാണേണ്ട, പക്ഷേ പ്രശ്‌നമാകുന്ന സന്ദേശത്തിന്റെ ഉറവിടം അറിയുകയും വേണം. ഇതിനായി വാട്‌സാപ്പില്‍ ഫിങ്ഗര്‍പ്രിന്റിങ് കൊണ്ടുവരണമെന്നാണ് സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്താണ് ഫിംഗർ പ്രിന്റിങ്?
ഫിംഗര്‍പ്രിന്റിങ് എന്നു പറഞ്ഞാല്‍ വിരലടയാളം പതിക്കലല്ല. പൊതുവെ പറഞ്ഞാല്‍ ഒരാള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടിങ് ഉപകരണത്തെ തിരിച്ചറിയാനുള്ള കഴിവിനെയാണ് ഫിംഗര്‍പ്രിന്റിങ് എന്നു വിളക്കുന്നത്. ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ വ്യക്തികളെ തിരിച്ചറിയാനായി വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു രീതികളിലൊന്നാണിത്. കംപ്യൂട്ടറാണെങ്കിലും സ്മാര്‍ട് ഫോണ്‍ ആണെങ്കിലും ടാബ് ആണെങ്കിലും അതിന്റെ സ്‌ക്രീന്‍ സൈസ് അറിയുക എന്നതും ഐപി അഡ്രസ്, ലൊക്കേഷന്‍ തുടങ്ങിയ മറ്റു ചില കാര്യങ്ങകളുമായി ബന്ധിപ്പിച്ച് ഒരാളെ വ്യക്തമായി തന്നെ തിരിച്ചറിയാമെന്നും അയാളുടെ ഇന്റര്‍നെറ്റ് ചെയ്തികള്‍ മുഴുവനും തന്നെ വമ്പന്‍ കമ്പനികള്‍ എല്ലായിപ്പോഴും അറിഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് ആരോപണം. (കംപ്യൂട്ടറില്‍ ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഫിംഗര്‍പ്രിന്റിങ്ങിനെതിരെ സെറ്റു ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം. ഏറ്റവും പുതിയ വേര്‍ഷനില്‍ സെറ്റിങ്‌സില്‍ എത്തി, ‘പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി’യില്‍ കടക്കുക. ഇവിടെ ‘കണ്ടന്റ് ബ്ലോക്കിങ്’ കാണാം. അതില്‍ താഴെ കാണുന്ന ഇളം നീല നിറത്തിലുള്ള ബോക്‌സില്‍ ‘ഫിംഗര്‍പ്രിന്റേഴ്‌സ്’ എന്ന ബോക്‌സില്‍ ടിക് ചെയ്താല്‍ മതിയാകും.) എന്നാല്‍ ഇപ്പോള്‍ സർക്കാർ ഉദ്ദേശിക്കുന്ന ഫിംഗര്‍പ്രിന്റിങ് ഉപകരണത്തിന്റെ സ്‌ക്രീന്‍ സൈസ് അറിയല്‍ മാത്രമല്ല.
സർക്കാർ ആവശ്യപ്പെട്ടത് എന്ത്?
ഇപ്പോള്‍ സർക്കാർ വാട്‌സാപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഒരോരുത്തരുടേയും ഡിവൈസിന് ഫിംഗര്‍പ്രിന്റിങ് ഏര്‍പ്പെടുത്താനാണ്. ഇവിടെ മുകളില്‍ കണ്ട രീതിയില്‍ ഡിവൈസിന്റെ സൈസും ഐപി അഡ്രസും ലൊക്കേഷനും അക്കൗണ്ടും എല്ലാ ഉൾപ്പടെയോ അല്ലാതെയോ ഓരോ സന്ദേശത്തിലും ഒരു തിരിച്ചറിയല്‍ അടയാളം ഇട്ടു വിടാനാണ് നിര്‍ദ്ദേശം. ഇതിലൂടെ സർക്കാരിനും വാട്‌സാപ്പിനും സന്ദേശത്തില്‍ എന്താണുള്ളതെന്ന് അറിയാതെ തന്നെ അത് അയച്ചയാളെ എപ്പോള്‍ വേണമെങ്കിലും കണ്ടെത്താം. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ വാട്‌സാപ് പറഞ്ഞത് തങ്ങള്‍ നേരത്തെ എടുത്ത നിലപാടില്‍ മാറ്റം വരുത്തില്ല എന്നാണ്.
നിര്‍ദ്ദേശം പുതിയതല്ല
സർക്കാരും വാട്‌സാപ്പും തമ്മില്‍ എന്‍ക്രിപ്ഷന്റെ കാര്യത്തില്‍ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. വ്യാജ വാര്‍ത്തയുടെ ഉറവിടം തങ്ങള്‍ക്കു കണ്ടെത്തിയെ തീരൂവെന്ന് സർക്കാരും അത് നടക്കാത്ത കാര്യമാണെന്ന് വാട്‌സാപ്പും നിലപാടെടുത്തിരുന്നു. മെറ്റാഡേറ്റാ മാത്രം കൊണ്ട് ഒരാളെ കണ്ടെത്താനാവില്ല എന്നാണ് സർക്കാരിന്റെ നിലപാട്. 2018 ഡിസംബറിര്‍ പുറത്തിറക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ കരടു പതിപ്പില്‍ വാട്‌സാപ് അടക്കമുള്ള എല്ലാ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളും ഓരോ സന്ദേശത്തിന്റെയും ഉറവിടത്തെക്കുറിച്ച് വ്യക്തമായ അറിവ് നല്‍കണമെന്നു പറയുന്നുണ്ട്. വാട്‌സാപ് പറയുന്നത് വ്യാജ വാര്‍ത്തയ്‌ക്കെതിരെ തങ്ങള്‍ പരസ്യങ്ങളും മറ്റും നല്‍കുന്നുണ്ടെന്നാണ്.
നടക്കുന്ന കാര്യമാണോ?
ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റിങ് എന്‍ക്രിപ്ഷന്‍ നശിപ്പിച്ചേക്കില്ല. പക്ഷേ, അതു നടപ്പാക്കണമെങ്കില്‍ വാട്‌സാപ്പിന്റെ നിലവിലെ സിസ്റ്റം മുഴുവന്‍ ഉടച്ചുവാര്‍ക്കേണ്ടിവരും. ഓസ്‌ട്രേലിയയും എന്‍ക്രിപ്ഷന്‍ മറികടക്കേണ്ട ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ഒരാളുടെ സ്വകാര്യതയും സുരക്ഷയും അതിലൂടെ നഷ്ടപ്പെടാമെന്ന നിലപാടിലാണ് ടെക്‌നോളജി കമ്പനികള്‍. ചില രാജ്യങ്ങള്‍ക്കായി ഇളവു നല്‍കിയാല്‍ മറ്റു രാജ്യങ്ങളും രംഗത്തു വരും. സ്വേച്ഛാതിപത്യ സർക്കാരുകള്‍ക്ക് നിഷ്‌കളങ്കരെ വേട്ടയാടാന്‍ എളുപ്പമാകും തുടങ്ങിയ കാര്യങ്ങളാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ വ്യാജവാര്‍ത്തകള്‍ ഭീഷണിയായി ഉയരുന്ന ഇക്കാലത്ത് പുതിയ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നേക്കും.
Comments